പാറ്റ്ന: അധ്യാപകരുടെ മാനസിക പീഡനത്തെ തുടർന്ന് വിദ്യാർഥി ജീവനൊടുക്കി. ബിഹാർ സ്വദേശി ചുന്നു കുമാർ(23) ആണ് മരിച്ചത്. മെയ്18 തിങ്കളാഴ്ച ചുന്നു കുമാറിനെ ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ബാങ്ക് കോച്ചിംഗ് പരിശീലനത്തിനായി മാർച്ചിലാണ് ചുന്നു കുമാർ ബംഗളൂരുവിൽ എത്തിയത്. ബാങ്കിംഗ്, ഫിനാൻഷ്യൽ സർവീസസ്, ഇൻഷുറൻസ് പ്രഫഷണലുകൾക്ക് കോച്ചിംഗ് നൽകുന്ന മണിപ്പാൽ അക്കാദമിയിലാണ് ചുന്നു കുമാർ ചേർന്നത്.
ഫാക്കൽറ്റി അംഗങ്ങൾ ചുന്നുവിനെ കടുത്ത മാനസിക പീഡനത്തിന് ഇരയാക്കിയതായി പരാതി
അക്കാദമിയിലെ ഫാക്കൽറ്റി അംഗങ്ങൾ ചുന്നു കുമാറിനെ കടുത്ത മാനസിക പീഡനത്തിന് ഇരയാക്കിയെന്നും പരസ്യമായി അപമാനിച്ചെന്നും കുടുംബം ആരോപിക്കുന്നു. ചില വിഷയങ്ങളിൽ പരാജയപ്പെട്ടതിനെ തുടർന്ന് അധ്യാപകർ ചുന്നുവിനെ നിരന്തരം അവഹേളിച്ചിരുന്നതായി സഹപാഠികളും സുഹൃത്തുക്കളും ആരോപിച്ചു. ക്ലാസ് മുറികളിൽ വച്ച് പരസ്യമായി അപമാനിക്കുക, ഒരുപകാരവുമില്ലാത്തവൻ എന്ന് വിളിച്ച് ആക്ഷേപിക്കുക, അമിതമായ പ്രോജക്ട് ജോലികൾ നൽകി ബുദ്ധിമുട്ടിക്കുക എന്നിങ്ങനെ പലതവണ ഫാക്കൽറ്റി അംഗങ്ങൾ ചുന്നുവിനെ കടുത്ത മാനസിക പീഡനത്തിന് ഇരയാക്കിയതായി പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു.
അപമാനവും മാനസിക സമ്മർദ്ദവും കാരണം ചുന്നു കടുത്ത വിഷാദത്തിലേക്ക് വീണുപോകാറുണ്ടായിരുന്നുവെന്ന് റൂംമേറ്റ്
അക്കാദമി അധികൃതരിൽ നിന്നും തനിക്ക് നേരിടേണ്ടി വന്ന മോശം പെരുമാറ്റം കാരണം വലിയ രീതിയിലുള്ള മാനസിക വിഷമം അനുഭവിക്കുന്നതായി ചുന്നു പല സുഹൃത്തുക്കളോടും സംസാരിച്ചിരുന്നതായും റിപ്പോർട്ടുകളുണ്ട്. അധ്യാപകരുടെ പീഡനം താങ്ങാനാകുന്നില്ലെന്ന് മരണത്തിന് മുൻപ് അവൻ സുഹൃത്തുക്കളോട് വെളിപ്പെടുത്തിയിരുന്നു. ചെന്നുവിന്റെ റൂംമേറ്റായ അങ്കിത് ശർമ, നിരന്തരമായുള്ള അപമാനവും മാനസിക സമ്മർദ്ദവും കാരണം ചുന്നു പലപ്പോഴും കടുത്ത വിഷാദത്തിലേക്ക് വീണുപോകാറുണ്ടായിരുന്നുവെന്ന് കുടുംബത്തോട് പറഞ്ഞു.സംഭവത്തിൽ പോലീസ് കേസെടുത്തിട്ടുണ്ട്.