അലഹബാദ്: ദേശീയ സുരക്ഷാ നിയമപ്രകാരം അറസ്റ്റ് ചെയ്ത് ജയിലിലടച്ച ഉത്തർപ്രദേശിലെ ഡോക്ടർ കഫീൽ ഖാനെ ഉടൻ മോചിപ്പിക്കണമെന്ന് അലഹബാദ് ഹൈക്കോടതി.
പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിൽ പങ്കെടുത്ത് വിദ്വേഷ പ്രസംഗം നടത്തി എന്നാരോപിച്ചാണ് ഉത്തർപ്രദേശ് പോലീസ് കഫീൽ ഖാനെ 2020 ജനുവരി 29ന് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വർഷം ഡിസംബർ 12 ന് അലിഗഡ് മുസ്ലിം യൂണിവേഴ്സിറ്റിയിൽ സിഐഎ വിരുദ്ധ പ്രക്ഷോഭത്തിൽ പങ്കെടുത്ത് കഫീൽഖാൻ നടത്തിയ പ്രസംഗമാണ് അറസ്റ്റിലേക്ക് നയിച്ചത് .
സമൂഹത്തിൽ കലാപം ഉണ്ടാക്കുന്ന എന്തെങ്കിലും വിദ്വേഷ പരാമർശം കഫീൽഖാന്റെ പ്രസംഗത്തിന്റെ പൂർണ്ണരൂപം കേട്ടതിൽ നിന്നും കണ്ടെത്താനായില്ലെന്ന് കോടതി പറഞ്ഞു .കഫീൽഖാന് ശിക്ഷ വിധിച്ച ജില്ലാ മജിസ്ട്രേറ്റ് പ്രസംഗത്തിലെ ചില ഭാഗങ്ങൾ മാത്രം ഉദ്ധരിച്ച് തെറ്റായ നിഗമനത്തിൽ എത്തിച്ചേർന്നതാണെന്നും കോടതി നിരീക്ഷിച്ചു
ജനുവരിയിൽ അറസ്റ്റുചെയ്യപ്പെട്ട് രണ്ടാഴ്ച കഴിഞ്ഞ ഉടൻ കഫീൽഖാന് ജാമ്യം ലഭിച്ചിരുന്നു .
ജാമ്യം ലഭിച്ച് രണ്ടുദിവസം കഴിഞ്ഞ ഉടൻ ദേശീയ സുരക്ഷാ നിയമം കൂടി ചുമത്തി വീണ്ടും ജയിലിൽ അടയ്ക്കുകയായിരുന്നു. കഫീൽ ഖാൻറെ ജീവൻ അപകടത്തിലാണെന്ന് കാണിച്ചത് അദ്ദേഹത്തിൻറെ ഭാര്യ ഹൈക്കോടതി ചീഫ് ജസ്റ്റിസിന് കത്തെഴുതിയിരുന്നു.
നിലവിൽ മധുര ജയിലാണ് കഫീൽഖാനെ പാർപ്പിച്ചിരിക്കുന്നത്. ഗോരഖ്പൂർ ബിആർഡി മെഡിക്കൽ കോളജിൽ നിന്നും സസ്പെൻഡ് ചെയ്യപ്പെട്ട ഡോക്ടറാണ് കഫീൽഖാൻ

