റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഇൻറർ വീണു, ആറാമതും കിരീടത്തിൽ മുത്തമിട്ട് സെവിയ്യ

August 22, 2020 - 11:12 am

കൊളോൺ: അവസാന വിസിൽ വരെ ആവേശം നിറഞ്ഞു നിന്ന യൂറോപ്പ ലീഗിന്റെ ഫൈനലിൽ സെവിയ്യ വിജയകിരീടം ചൂടി. ഇന്റർ മിലാനെ 3-2 ന് പരാജയപ്പെടുത്തിയാണ് ലൊപെറ്റെഗിയുടെ സെവിയ്യ ആധികാരികമായ വിജയം കൈപ്പിടിയിലാക്കിയത്.

ആദ്യ 12 മിനിറ്റിനുള്ളിൽ തന്നെ രണ്ടു ഗോളുകൾ പിറന്ന മൽസരം ഏത് ഫുട്ബാൾ ആസ്വാദകനും മറക്കാനാകാത്ത ഗോൾ മുഹൂർത്തങ്ങളാൽ സമ്പന്നമായിരുന്നു. മത്സരത്തിന്‍റെ അഞ്ചാം മിനിറ്റില്‍ തന്നെയായിരുന്നു ആദ്യ ഗോൾ. ഇൻറർ താരം ലുക്കാകുവിനെ സെവിയ്യയുടെ കാര്‍ലോസ് ബോക്സില്‍ വീഴ്ത്തിയതിലൂടെ ലഭിച്ച പെനാൽറ്റി ഇന്‍റര്‍മിലാൻ ഗോളാക്കി മാറ്റി. പെനാല്‍റ്റി എടുത്ത ലുക്കാക്കു ആയാസരഹിതമായി ഗോള്‍കീപ്പര്‍ ബോണോയെ മറികടന്ന് ലക്ഷ്യം നേടി.
തുടക്കത്തിൽ തന്നെ ഇൻറർ ലീഡ് നേടിയത് സെവിയ്യയെ ഒരു തരത്തിലും സമ്മർദ്ധത്തിലാക്കിയില്ല.

രണ്ടേ രണ്ട് മിനുറ്റിനകം അവര്‍ സമനില പിടിച്ചു. സ്ട്രൈക്കര്‍ ഡിയോങ്ങിന്റെ വകയായിരുന്നു സമനില ഗോള്‍. പിന്നീടും രണ്ട് ടീമുകളും തിരിച്ചും മറിച്ചും ആക്രമണം തുടര്‍ന്നു. ലഭിച്ച ഫ്രീകിക്ക് ഗോളാക്കി മാറ്റി 33ആം മിനുട്ടില്‍ സെവിയ്യ 2-1ന് മുന്നില്‍ എത്തി. എവര്‍ ബനേഗ എടുത്ത ഫ്രീകിക്ക് ഒരു എണ്ണം പറഞ്ഞ ഹെഡറിലൂടെ ഡിയോങ്ങ് വലയില്‍ എത്തിക്കുകയായിരുന്നു.

ഇന്ററിന്റെ മറുപടിയ്ക്കും അധികം കാത്തിരിക്കേണ്ടി വന്നില്ല. 36ആം മിനുട്ടില്‍ ലഭിച്ച ഫ്രീകിക്ക് അവരും ഗോളാക്കി മാറ്റി. ആദ്യ പകുതിയില്‍ മത്സരം അങ്ങനെ 2-2 എന്ന നിലയിൽ അവസാനിച്ചു.

കളിയുടെ 74ആം മിനുട്ടില്‍ സെവിയ്യക്ക് കിട്ടിയ മറ്റൊരു ഫ്രീകിക്ക് കളി സെവിയ്യയുടെ വരുതിയിലാക്കി. ഒരു അവിസ്മരണീയമായ ബൈസൈക്കിള്‍ കിക്കിലൂടെ സെന്റര്‍ ബാക്ക് ഡിയേഗോ കാര്‍ലോസ് സെവിയ്യയെ 3-2ന് മുന്നില്‍ എത്തിച്ചു.

അവസാന വിസില്‍ മുഴങ്ങുന്നതു വരെ അച്ചടക്കത്തോടെ കളിച്ച്‌ അവർ വിജയ കിരീടത്തിൽ മുത്തമിട്ടു.

സെവിയ്യയുടെ ആറാം യൂറോപ്പ ലീഗ് കിരീടമാണിത്. ഏറ്റവും കൂടുതല്‍ യൂറോപ്പ ലീഗ് കിരീടം നേടിയ ടീമും സെവിയ്യ തന്നെ.

അതേ സമയം 2010 ല്‍ ചാംപ്യന്‍സ് ലീഗ് നേടിയതിനു ശേഷം മറ്റൊരു യൂറോപ്യന്‍ ട്രോഫിക്കായി ഇന്‍റര്‍മിലാന്‍ വീണ്ടും കാത്തിരിക്കണം. സ്പെയിനില്‍ നിന്നും റയല്‍മാഡ്രിഡില്‍ നിന്നും ഒഴിവാക്കിയ ലുപറ്റെഗിയുടെ കീഴിലാണ് സെവ്വിയ കിരീടം നേടിയത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *