ന്യൂഡൽഹി: യുഎഇക്കെതിരായ ആക്രമണങ്ങളെ പ്രധാനമന്ത്രി നരേന്ദ്ര മോദി ശക്തമായി അപലപിച്ചു. ഇന്ത്യ യുഎഇയെ ഐക്യദാർഢ്യം അറിയിച്ചു. യുഎഇ പ്രസിഡന്റുമായി സംസാരിച്ച നരേന്ദ്ര മോദി യുഎഇയിൽ താമസിക്കുന്ന ഇന്ത്യക്കാരോടുള്ള കരുതലിന് നന്ദി അറിയിച്ചു. ഇറാൻ – ഇസ്രയേൽ – അമേരിക്ക സംഘർഷം രൂക്ഷമായ ശേഷം പ്രധാനമന്ത്രി നടത്തിയ ആദ്യത്തെ പ്രതികരണമാണിത്. മാർച്ച് 1 ഞായറാഴ്ച ഇറാൻ – ഇസ്രയേൽ- യുഎസ് സംഘർഷം രൂക്ഷമായെങ്കിലും പക്ഷം പിടിക്കാതെ കരുതലോടെയായിരുന്നു ഇന്ത്യയുടെ നീക്കം. ഈ സംഘർഷത്തിൽ രാജ്യം ആദ്യമായി ഐക്യദാർഢ്യം പ്രഖ്യാപിച്ചിരിക്കുന്നത് യുഎഇയ്ക്കാണ്
യുഎഇൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി നൽകി ;വിനോദസഞ്ചാര കേന്ദ്രങ്ങൾ അടച്ചു
.മിസൈൽ ആക്രമണ ഭീഷണിയെ തുടർന്ന് ഗൾഫ് രാജ്യങ്ങളിൽ അടുത്ത മൂന്ന് ദിവസം അതീവ ജാഗ്രതയാണ് യുഎഇ പ്രഖ്യാപിച്ചിരിക്കുന്നത്. മാർച്ച് രണ്ട്, മൂന്ന്, നാല് തീയതികളിൽ രാജ്യത്തെ സ്കൂളുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി നൽകി. പത്താം ക്ലാസ്, 12-ാം ക്ലാസ് ഐസിഎസ്ഇ, ഐഎസ്സി പരീക്ഷകൾ ഉൾപ്പെടെ മാറ്റിവച്ചിട്ടുണ്ട്. ഈ ദിവസങ്ങളിൽ സ്വകാര്യ – സർക്കാർ മേഖലയിലെ ജീവനക്കാർക്ക് ‘വർക്ക് ഫ്രം ഹോം’ അനുവദിക്കാനും തീരുമാനിച്ചു. പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങൾ അടച്ചതായും ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്നും യുഎഇ ഭരണകൂടം അറിയിച്ചു. ദുബായ് ഗ്ലോബൽ വില്ലേജ് അടക്കം താത്ക്കാലികമായി അടച്ചിട്ടുണ്ട്.
യുഎഇയുടെ കടുത്ത നിലപാട് വ്യക്തമാക്കി മന്ത്രി റീം അൽ ഹാഷിമി
ഇനിയും ആക്രമണം ഉണ്ടായാൽ രാജ്യം ശക്തമായ പ്രതിരോധത്തിലേക്കും തിരിച്ചടിയിലേക്കും നീങ്ങുമെന്ന് യുഎഇ അന്താരാഷ്ട്ര സഹകരണ സഹമന്ത്രി റീം അൽ ഹാഷിമി മുന്നറിയിപ്പ് നൽകി. സിഎൻഎന്നിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് മന്ത്രി യുഎഇയുടെ കടുത്ത നിലപാട് വ്യക്തമാക്കിയത്. ഗൾഫ് മേഖലയിലെ രാജ്യങ്ങളിലെ അമേരിക്കൻ സൈനിക താവളങ്ങൾക്ക് നേരെ ഇന്നലെ മുതൽ ഇറാൻ ആക്രമണം നടത്തുന്നതിന്റെ പശ്ചാത്തലത്തിലാണ് യുഎഇയുടെ പ്രതികരണം.
