ആർഎസ്എസ് ശാഖയിൽ നിരന്തരം ലൈംഗിക പീഡനം : കാഞ്ഞിരപ്പള്ളിയിൽ യുവാവ് ജീവനൊടുക്കി

കാഞ്ഞിരപ്പള്ളി | ആർഎസ്എസ് ശാഖയിൽ നിരന്തരം ലൈംഗിക പീഡനത്തിന് ഇരയായെന്ന് കുറിപ്പെഴുതിവെച്ച് യുവാവ് ജീവനൊടുക്കി. കോട്ടയം കാഞ്ഞിരപ്പള്ളി തമ്പലക്കാട് സ്വദേശിയായ അനന്തുവാണ് ജീവനൊടുക്കിയത്.

ബലാത്സംഗത്തിനിരയാക്കിയ ആൾ മൂലം ഒബ്‌സസീവ് കംപൾസീവ് ഡിസോർഡർ ഉണ്ടായി

ഇൻസ്റ്റഗ്രാമിലൂടെ ആർഎസ്എസ് ശാഖയിൽ നിന്നും പ്രവർത്തകരിൽ നിന്നും നേരിടേണ്ടിവന്ന ക്രൂരതകൾ മരണമൊഴിയായി എഴുതി ഷെഡ്യൂൾ ചെയ്താണ് അനന്തു ജീവനൊടുക്കിയത്. നാല് വയസുളളപ്പോൾ തന്നെ ഒരാൾ ബലാത്സംഗം ചെയ്തിട്ടുണ്ടെന്നും ആർഎസ്എസ് എന്ന സംഘടനയിലെ പലരിൽ നിന്നും ലൈംഗിക പീഡനം നേരിടേണ്ടിവന്നിട്ടുണ്ടെന്നും യുവാവ് ഇൻസ്റ്റഗ്രാം പോസ്റ്റിൽ പറയുന്നു. തന്നെ നിരന്തരം ബലാത്സംഗത്തിനിരയാക്കിയ ആൾ മൂലം ഒസിഡി (ഒബ്‌സസീവ് കംപൾസീവ് ഡിസോർഡർ) ഉണ്ടായെന്നും പാനിക് അറ്റാക്ക് ഉണ്ടായെന്നും യുവാവ് പറയുന്നു.

വിഷം കൊണ്ടുനടക്കുന്നവരാണ് ആർഎസ്എസുകാരെന്നും യുവാവ്

തനിക്ക് ജീവിതത്തിൽ ഇത്രയധികം വെറുപ്പുളള മറ്റൊരു സംഘടനയില്ലെന്നും ജീവിതത്തിൽ ഒരിക്കലും ഒരു ആർഎസ്എസ് പ്രവർത്തകനെ സുഹൃത്താക്കരുതെന്നുമാണ് യുവാവ് കുറിപ്പിൽ പറയുന്നത്. അത് അച്ഛനാണെങ്കിലും സഹോദരനാണെങ്കിലും മകനാണെങ്കിലും അവരെ ജീവിതത്തിൽ നിന്ന് ഒഴിവാക്കണമെന്നും അത്രയ്ക്ക് വിഷം കൊണ്ടുനടക്കുന്നവരാണ് ആർഎസ്എസുകാരെന്നും യുവാവ് പറയുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →