ന്യൂഡല്‍ഹി: ഡല്‍ഹി-എന്‍സിആര്‍ മേഖലയില്‍ നിന്ന് തെരുവുനായകളെ പൂര്‍ണമായും പരിപാലനകേന്ദ്രങ്ങളിലേക്ക് നീക്കുന്നതു സംബന്ധിച്ചുള്ള സുപ്രീംകോടതിയുടെ രണ്ടംഗ ബെഞ്ചിന്റെ ഉത്തരവ് പുനഃപരിശോധിക്കാമെന്ന് ചീഫ് ജസ്റ്റിസ് ബി.ആര്‍.ഗവായ് ഉറപ്പുനല്‍കി . കോടതി ഉത്തരവിനെതിരെ സമൂഹത്തിലെ വിവിധ ഭാഗങ്ങളിൽ നിന്ന് പ്രതികൂല പ്രതികരണങ്ങൾ ഉയർന്നതിനെ തുടർന്നാണ് വിഷയം പുന പരിശോധിക്കാമെന്ന് ചീഫ് ജസ്റ്റീസ് ഉറപ്പുനൽകിയത്. മണിക്കൂറുകള്‍ക്കുള്ളില്‍ വിഷയം മൂന്നംഗ ബെഞ്ചിന്റെ പരിഗണനയ്ക്ക് വിട്ടു. ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മെഹ്ത, എന്‍.വി. അഞ്ജാരിയ എന്നിവരടങ്ങുന്ന ബെഞ്ച് ഓഗസ്റ്റ് 14 വ്യാഴാഴ്ച വിഷയം പരിഗണിയ്ക്കും. .
മുഴുവന്‍ തെരുവുനായകളെയും പിടികൂടി കൂട്ടിലാക്കണമെന്നായിരുന്നു കോടതി നിർദേശം
രാജ്യതലസ്ഥാന മേഖലയിലെ മുഴുവന്‍ തെരുവുനായകളെയും പിടികൂടി നഗരത്തിനുപുറത്ത് ദൂരെയെവിടെയെങ്കിലും കൂട്ടിലാക്കമെന്നായിരുന്നു കോടതിയുടെ നിര്‍ദേശം. ഇതിനായി എത്രയുംവേഗം നടപടികളാരംഭിക്കണമെന്ന് ഡല്‍ഹിയിലെയും സമീപമേഖലകളായ നോയിഡ, ഗാസിയാബാദ് (യുപി), ഗുരുഗ്രാം (ഹരിയാണ) എന്നിവിടങ്ങളിലെയും ബന്ധപ്പെട്ട അധികൃതരോട് കോടതി ആവശ്യപ്പെട്ടു. തെരുവുനായകളെ പാര്‍പ്പിക്കാന്‍ എട്ടാഴ്ചയ്ക്കകം പരിപാലനകേന്ദ്രങ്ങള്‍ തുടങ്ങണം.തെരുവുനായകളെ നീക്കുന്നതിന് ആരെങ്കിലും തടസ്സംനിന്നാല്‍ കര്‍ശനനടപടിയെടുക്കുമെന്നും മുന്നറിയിപ്പുനല്‍കി.
ജനനനിയന്ത്രണ കേന്ദ്രങ്ങള്‍ പ്രവര്‍ത്തനസജ്ജമാക്കിയാല്‍ മതിയെന്ന് മൃഗസ്‌നേഹികള്‍
ഡല്‍ഹിയില്‍ ജനനനിയന്ത്രണ കേന്ദ്രങ്ങള്‍ ഉള്ളതാണെന്നും അവ പ്രവര്‍ത്തനസജ്ജമാക്കിയാല്‍ മതിയെന്നും മൃഗസ്‌നേഹികള്‍ക്കുവേണ്ടി ഹാജരായ അഭിഭാഷകന്‍ വാദിച്ചെങ്കിലും ബെഞ്ച് അംഗീകരിച്ചില്ല. പേവിഷബാധയേറ്റ കുട്ടികള്‍ക്ക് ജീവിതം തിരിച്ചുനല്‍കാന്‍ ഈ മൃഗസ്‌നേഹികള്‍ക്കും സന്നദ്ധപ്രവര്‍ത്തകര്‍ക്കും സാധിക്കുമോ? കുറച്ചുപേര്‍ തങ്ങള്‍ മൃഗസ്‌നേഹികളാണെന്നോ മറ്റോ കരുതുന്നതിന്റെ പേരില്‍മാത്രം കുഞ്ഞുങ്ങളെ ബലികൊടുക്കാനാവില്ല.ഇനിയെങ്കിലും നടപടികളെടുക്കണമനന്നും ബെഞ്ച് പറഞ്ഞു.
