കോഴിക്കോട്: മാറാട് ഷിംന(31)യെന്ന യുവതിയെ ഭര്‍ത്താവിന്റെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതികരിച്ച് യുവതിയുടെ അമ്മാവന് രാജു. ഷിംനയെ ഭര്‍ത്താവ് മദ്യപിച്ച് നിരന്തരം മര്‍ദിച്ചിരുന്നെന്ന് രാജു പറഞ്ഞു. ആത്മഹത്യ ചെയ്യുന്നതിന് തൊട്ടുമുന്‍പും തര്‍ക്കങ്ങളുണ്ടായി. പലതവണ ബന്ധം ഉപേക്ഷിക്കാന്‍ ഷിംനയോട് ആവശ്യപ്പെട്ടിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുന്‍പ് മര്‍ദനം ഉണ്ടായപ്പോള്‍ പോലീസില്‍ പരാതി നല്കാന് പറഞ്ഞെങ്കിലും ഷിംന സമ്മതിച്ചില്ലെന്നും രാജു പറഞ്ഞു.
മുന്‍പും ഷിംന ആത്മഹത്യക്ക് ശ്രമിച്ചിട്ടുണ്ട്
ഭര്‍ത്താവിന്റെ ഉപദ്രവം സഹിക്കാനാകാതെ മുന്‍പും ഷിംന ആത്മഹത്യക്ക് ശ്രമിച്ചിട്ടുണ്ട്. അന്ന് കുറച്ച് ദിവസം വീട്ടില്‍ വന്നിരുന്നു. പിന്നീട് ഷിംന തന്നെ ഭര്‍ത്താവുമായി സംസാരിച്ച് ഭര്‍തൃവീട്ടിലേക്ക് തിരികെ പോയെന്നും രാജു കൂട്ടിച്ചേര്‍ത്തു.
കുടുംബ വഴക്കിനെത്തുടര്‍ന്ന് യുവതി ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് പോലീസ്
ജൂലൈ 25 വെള്ളിയാഴ്ച രാത്രിയാണ് ഷിംന ജീവനൊടുക്കിയത് എന്നാണ് വിവരം. രാത്രി 8.30 ഓടെ നാട്ടുകാരാണ് യുവതിയെ തൂങ്ങിയ നിലയില്‍ കണ്ടെത്തുന്നത്. ഉടന്‍ തന്നെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കുടുംബ വഴക്കിനെത്തുടര്‍ന്ന് യുവതി ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം
