സിനിമ- നാടകനടനും ചെന്നൈയിലെ അറിയപ്പെടുന്ന മലയാളി സംഘടനാപ്രവർത്തകനുമായ വി പരമേശ്വരൻ നായർ (85) അന്തരിച്ചു. പക്ഷാഘാതത്തെത്തുടർന്ന് കുറച്ചുനാളായി ചികിത്സയിലായിരുന്നു. ഇന്നലെ വൈകീട്ടോടെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. തൃശ്ശൂർ വടക്കാഞ്ചേരി മുണ്ടത്തിക്കോട് വടക്കൂട്ട് കുടുംബാംഗമായ പരമേശ്വരൻ നായർ vadaഅഞ്ചുപതിറ്റാണ്ടിലധികമായി ചെന്നൈയിൽ സ്ഥിരതാമസമാണ്.
മദിരാശി കേരളസമാജം ഉൾപ്പെടെ ഒട്ടേറെ സംഘടനകളിൽ പ്രവർത്തിക്കുകയും ഉപദേശകനാവുകയും ഒട്ടനവധി മലയാളിസംഘടനകളുടെ ബീജാവാപത്തിനു കാരണക്കാരനാവുകയും ചെയ്തു. പിന്നീട്, സിനിമ, സീരിയൽ, നാടകം, പരസ്യചിത്രം എന്നിവയിൽ അഭിനയിച്ചു. സന്തോഷ് ശിവൻ സംവിധാനം ചെയ്ത ‘അനന്തഭദ്രം’ എന്ന ചിത്രത്തിലെ വെളിച്ചപ്പാടിന്റെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടു. സന്തോഷ് ശിവന്റെ ഇംഗ്ലീഷ് ചിത്രത്തിലും പ്രധാനവേഷം ചെയ്തു. ദൂരദർശനിലും സ്വകാര്യ ടെലിവിഷൻ സീരിയലുകളിൽ അഭിനയിച്ചു.




