കൊവിഡ് മഹാമാരി: പ്രവാസികള്‍ മടങ്ങുന്നു; രാജ്യത്തെ സാമ്പത്തികരംഗം മുരടിപ്പിലേക്ക്

കൊച്ചി: കൊവിഡ് മഹാമാരി ലോകവ്യാപകമായി ശക്തമായി തുടരുന്ന സാഹചര്യമാണ്. ആകെ രോഗികളുടെ എണ്ണം ഒന്നര കോടിയും മരണങ്ങള്‍ ആറര ലക്ഷവും കടന്നു. കൊവിഡ് ലോകത്തിന്റെ സാമ്പത്തിക ഘടനയെ തന്നെ തകിടം മറിച്ചിരിക്കുകയാണ്. അതിന് ആനുപാതികമായി രാജ്യത്തെ സാമ്പത്തികരംഗവും മോശമായ നിലയിലേക്ക് മാറി. കൊവിഡ് കാലത്ത് രാജ്യത്തിന്റെ സാമ്പത്തിക രംഗത്തിന് ഏറെ തിരിച്ചടിയുണ്ടാക്കുന്ന ഘടകങ്ങളിലൊന്ന് വിദേശങ്ങളില്‍ ജോലിചെയ്തിരുന്ന പ്രവാസികളുടെ മടങ്ങിവരവും അതോടെ വിദേശത്തുനിന്നുള്ള പണമൊഴുക്ക് നിലയ്ക്കലുമാണ്.

ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നാണ് വന്‍തോതില്‍ ആളുകള്‍ മടങ്ങി വരുന്നത്. കേരളത്തില്‍ മാത്രം പതിനായിരങ്ങള്‍ മടങ്ങിയെത്തിക്കഴിഞ്ഞു. മിക്കവരും ജോലി നഷ്ടപ്പെട്ടാണ് തിരികെ വന്നിട്ടുള്ളത്. മടങ്ങിച്ചെന്ന് പഴയ ജോലിയില്‍ പ്രവേശിക്കാന്‍ സാധിക്കുമോയെന്ന കാര്യത്തില്‍ ആര്‍ക്കും ഒരുറപ്പുമില്ല. വിദേശങ്ങളില്‍നിന്ന് നമ്മുടെ രാജ്യത്തേക്കുള്ള പണം വരവ് ലോകത്ത് തന്നെ ഏറ്റവും ഉയര്‍ന്ന ശതമാനം ആയിരുന്നു. ഏപ്രിലില്‍ ലോകബാങ്ക് പ്രവചിച്ചത് ഇന്ത്യയിലേക്കുള്ള പണമൊഴുക്ക് 23 ശതമാനം ഇടിയുമെന്നാണ്. 2020ല്‍ 83 ബില്യണ്‍ ഡോളറില്‍നിന്ന് 64 ബില്യണ്‍ ഡോളറിലേക്ക് താഴുമെന്നാണ് കണക്കുകൂട്ടല്‍.

ആകെയുള്ള പണംവരവില്‍ ഇന്ത്യയിലേക്ക് ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള പണമയക്കല്‍ 62 ശതമാനം ആണ്. 20 ശതമാനം അമേരിക്ക, കാനഡ എന്നിവിടങ്ങളില്‍നിന്നും. ക്രൂഡ് ഓയില്‍ വില ഇടിഞ്ഞത് ജിസിസിയെ കാര്യമായി ബാധിച്ചിട്ടുണ്ട്. അമേരിക്കന്‍ സാമ്പത്തിക വളര്‍ച്ച തളര്‍ന്നത് തൊഴിലഭ്യതയെ ബാധിക്കുന്നു. ഇതും ഇന്ത്യന്‍ പ്രവാസികളെ നേരിട്ട് ബാധിക്കും. വിദേശത്തുനിന്നുള്ള പണമൊഴുക്ക് കുത്തനെ കുറയുന്നത് കേരളംപോലെ വിദേശപ്പണം ഉപയോഗിച്ച് ദൈനംദിന ജീവിതം മുന്നോട്ട് കൊണ്ടുപോകുന്ന സംസ്ഥാനങ്ങളുടെ നട്ടെല്ലൊടിക്കാന്‍ പോന്നതാണ്.

രാജ്യത്തെ ആഭ്യന്തര പണമൊഴുക്കും ഇടിഞ്ഞിട്ടുണ്ട്. നഗരങ്ങളില്‍നിന്ന് ഗ്രാമങ്ങളിലേക്കുള്ള പണമൊഴുക്ക് നന്നേ കുറഞ്ഞിരിക്കുകയാണ്. നഗരങ്ങളിലുള്ള കുടിയേറ്റ തൊഴിലാളികള്‍ അവരവരുടെ ഗ്രാമങ്ങളിലേക്ക് മടങ്ങിയതാണ് ഇതിനു കാരണം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →