തൃശൂർ: സംസ്ഥാനത്ത് വീണ്ടും ഡെങ്കിപ്പനി മരണം. തൃശൂർ ദേശമംഗലം സ്വദേശിനി അമ്മാളുക്കുട്ടി (53) ആണ് മരിച്ചത്. തൃശൂർ മെഡിക്കൽ കോളെജിൽ ചികിത്സയിലിരിക്കെയായിരുന്നു മരണം. ഡെങ്കി ഹൃദയത്തെ ബാധിച്ചുവെന്നാണ് മെഡിക്കൽ കോളെജ് അധികൃതർ പറയുന്നത്. ജൂലൈ ആറിനാണ് ഇവർ പനി ബാധിച്ച് ആശുപത്രിയിലെത്തുന്നത്, അപ്പോൾ തന്നെ ഗുരുതരാവസ്ഥയിലായിരുന്നു. ഉടനെ തന്നെ ഐസിയുവിലേക്ക് പ്രവേശിപ്പിച്ചിരുന്നു.
അതേസമയം, സംസ്ഥാനത്ത് ഇടവിട്ട് പെയ്യുന്ന മഴ ഡെങ്കിപ്പനി വ്യാപനത്തിനിടയാക്കുന്നതിനാൽ കൊതുകിന്‍റെ ഉറവിട നശീകരണ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിർദേശിച്ചു. വീടും സ്ഥാപനങ്ങളും പരിസരങ്ങളും വൃത്തിയായി സൂക്ഷിക്കണം. ജൂലൈ മാസത്തില്‍ ഡെങ്കിപ്പനി വ്യാപനത്തിന് സാധ്യതയുണ്ടെന്ന് നേരത്തെ വിലയിരുത്തലുകളുണ്ടായിരുന്നു. ഇതനുസരിച്ച് ആരോഗ്യ വകുപ്പ്, തദ്ദേശ സ്വയംഭരണ വകുപ്പ്, റവന്യൂ വകുപ്പ്, വിദ്യാഭ്യാസ വകുപ്പ് എന്നീ വകുപ്പ് മന്ത്രിമാരുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്ന് പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയിരുന്നു. തുടര്‍ച്ചയായി പെയ്തിരുന്ന മഴ ഇടവിട്ടുള്ള മഴയായി മാറുന്ന സാഹചര്യത്തില്‍ ഡെങ്കിപ്പനിക്കെതിരായ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാന്‍ ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കിയതായി മന്ത്രി വ്യക്തമാക്കി.


