കൊച്ചി: കസ്റ്റംസിലെ ചോദ്യംചെയ്യലിലാണ് മുഖ്യപ്രതി സന്ദീപ് നായർ യു.എ.ഇ കോൺസുലേറ്റ് അറ്റാഷെയുടെ പങ്ക് വെളിപ്പെടുത്തിയത്. വ്യാഴാഴ്ച രാത്രി സന്ദീപിനെയും വെള്ളിയാഴ്ച രാവിലെ സ്വപ്നയേയും കസ്റ്റംസ് ഉദ്യോഗസ്ഥർ ചോദ്യം ചെയ്തപ്പോഴാണ് എൻ.ഐ.എയ്ക്ക് നൽകിയ മൊഴി വീണ്ടും ആവർത്തിച്ചത്. കൊച്ചിയിലെ എൻ.ഐ.എ ഓഫീസിൽ വച്ചായിരുന്നു ചോദ്യം ചെയ്യൽ.
എൻ.ഐ.എ കസ്റ്റഡി കാലാവധി അവസാനിക്കുന്നതിന് മുമ്പാണ് കസ്റ്റംസ് കോടതി അനുമതിയോടെ ഇരുവരെയും ചോദ്യം ചെയ്തത്. സ്വർണക്കടത്തിന് അറ്റാഷെയിൽ നിന്നും ലഭിച്ച സഹായങ്ങൾ കസ്റ്റംസ് ചോദിച്ചറിഞ്ഞു. നേരത്തെ കോടതിയിൽ ഹാജരാക്കിയപ്പോഴും അറ്റാഷയ്ക്കെതിരെ സംസാരിക്കുകയും അറ്റാഷയെ അറസ്റ്റ് ചെയ്യാത്തത് എന്തുകൊണ്ടാണെന്നും സന്ദീപ് ചോദിച്ചിരുന്നു.

