മലപ്പുറം : മലപ്പുറം വേങ്ങരയിൽ യുവാവിനെ കൊലപ്പെടുത്തിയ സംഭവത്തിൽ ഭാര്യയുടെ കാമുകനെ പോലീസ് അറസ്റ്റ് ചെയ്തു. ബീഹാർ സ്വദേശി ജയ് പ്രകാശ് ആണ് വേങ്ങര പൊലീസിന്റെ പിടിയിൽ ആയത്. മൊബൈൽ ഫോൺ വഴി ഇയാൾ കൊല ആസൂത്രണം ചെയ്തെന്നാണ് പൊലീസ് കണ്ടെത്തൽ. 2022 ജനുവരി 31 നാണ് വേങ്ങര യാറംപടി പി കെ ക്വോർട്ടേഴ്സിൽ താമസിക്കുന്ന ബിഹാർ സ്വദേശി സൻജിത് പസ്വാൻ കൊല്ലപ്പെടുന്നത്.
ഇതുമായി ബന്ധപ്പെട്ട്, പസ്വാന്റെ ഭാര്യ പൂനം ദേവിയെ പൊലിസ് അറസ്റ്റ് ചെയ്തിരുന്നു. യുവതി തനിച്ചല്ല കൃത്യം നടത്തിയതെന്ന കണ്ടെത്തലാണ് ബീഹാർ സ്വാംപൂർ സ്വദേശി ജയ് പ്രകാശിലേക്ക് അന്വേഷണം എത്തിച്ചത്. യുവതിയുടെ സുഹൃത്തായ ജയ്പ്രകാശ്, മൊബൈൽ ഫോൺ വഴി നിർദ്ദേശങ്ങൾ നൽകിയെന്നും കൊല ആസൂത്രണം ചെയ്തെന്നുമാണ് പൊലീസ് കണ്ടെത്തൽ. ബീഹാറിലെത്തിയാണ് പൊലീസ് ഇയാളെ പിടികൂടിയത്. കൊലപാതകത്തിന് മുമ്പ് ഇരുവരും തമ്മിൽ ദീർഘനേരം സംസാരിച്ചിരുന്നതായി യുവതിയുടെ കോൾ ലിസ്റ്റിൽ നിന്ന് മനസ്സിലാക്കിയ പൊലീസ്, പ്രതിയെ തേടി ബീഹാറിലെത്തിയിരുന്നെങ്കിലും പിടികൂടാനായിരുന്നില്ല.
രണ്ടാം തവണ തന്ത്രപൂർവ്വം കെണിയൊരുക്കിയാണ് ബന്ധുക്കളുടെ സഹായത്തോടെ യുവാവിനെ പൊലിസ് അറസ്റ്റ് ചെയ്തത്. കൊലപാതകത്തിന്റെ ഓരോ ഘട്ടത്തിലും യുവതിക്ക് യുവാവിൽ നിന്ന് നിർദ്ദേശങ്ങൾ കിട്ടിയിരുന്നതായി പോലീസ് പറഞ്ഞു. യുവതിക്ക് ജയ്പ്രകാശുമായുള്ള ബന്ധം കണ്ടെത്തിയതാണ്, സൻജിത് പസ്വാന്റെ മരണത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് കണ്ടെത്തൽ. പ്രതിയെ സ്വാംപൂർ സി ജെ എം കോടതിയിൽ ഹാജരാക്കി ട്രാൻസിറ്റ് വാറണ്ടിൽ കേരളത്തിലെത്തിച്ചു. ശേഷം മലപ്പുറം കോടതിയിൽ ഹാജരാക്കി.

