റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ആലപ്പുഴ: പരിസ്ഥിതിക്കിണങ്ങുന്നതും ജനോപകാരപ്രദവുമായ കോവിഡ് പ്രതിരോധ ‘സാനി മാറ്റ്‌സ്’ കേരളം ഏറ്റെടുക്കണമെന്ന് കയര്‍ ധനകാര്യ വകുപ്പ് മന്ത്രി ഡോ. ടി എം തോമസ് ഐസക്. സംസ്ഥാന കയര്‍ കോര്‍പറേഷന്‍ സംഘടിപ്പിച്ച വെബ്ബിനാറില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു മന്ത്രി. കോവിഡ് പ്രതിരോധത്തിനായി സംസ്ഥാന കയര്‍ വകുപ്പിന്റെ നൂതന സംരംഭമായ സാനി മാറ്റുകളുടെ നിര്‍മ്മാണത്തിലൂടെ തൊഴില്‍ മേഖലയില്‍ കൂടുതല്‍ അവസരം സൃഷ്ടിക്കുമെന്നും മന്ത്രി പറഞ്ഞു. പ്രതിരോധ തടുക്കുകള്‍ക്കു കോവിഡ് കാലത്ത് കേരളത്തിലും വിദേശരാജ്യങ്ങളിലും ആവശ്യമേറും. കയര്‍ വകുപ്പിന്റെ പുതിയ ചുവടുവെയ്പ്പ് സമൂഹത്തില്‍ പുതിയ ഡിമാന്‍ഡ് സൃഷ്ടിചിരിക്കുകയാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. 

ജൂണ്‍ മാസത്തില്‍ വിപണിയില്‍ ഇറക്കിയ സാനി മാറ്റ് ഇതു വരെ ട്രയല്‍ റണ്‍ നടത്തുകയായിരുന്നു. ഇതിനകം മികച്ച പ്രതികരണം നേടിയ സാനി മാറ്റുകള്‍ പൊതു  വിപണിയില്‍ കൂടുതല്‍ എത്തിക്കുന്നതിന്റെ ഭാഗമായാണ് വിവിധ മേഖലയില്‍ നിന്നുള്ള പ്രതിനിധികളെ പങ്കെടുപ്പിച്ചുകൊണ്ടു വെബ്ബിനാര്‍ സംഘടിപ്പിച്ചത്. സാനി മാറ്റുകളെക്കുറിച്ചുള്ള പ്രതിനിധികളുടെ ചോദ്യത്തിനും മന്ത്രി മറുപടി നല്‍കി. 

ചെറുകിട ഉല്‍പാദകരില്‍ നിന്ന് ഉല്‍പന്നങ്ങള്‍ വാങ്ങി വ്യാപാരികള്‍ക്ക് നല്‍കുന്ന രീതിയാണ് കയര്‍ കോര്‍പറേഷന്‍ ഇതുവരെ ചെയ്തിരുന്നത്. എന്നാല്‍ സാനി മാറ്റുകള്‍ ദേശവ്യാപകമായി നേരിട്ട് വിപണനം നടത്താനുള്ള ശ്രമമാണ് നടക്കുന്നതെന്ന് ഒരു ചോദ്യത്തിന് മറുപടിയായി മന്ത്രി പറഞ്ഞു. കയര്‍ കോര്‍പറേഷന്‍ ഷോറൂമുകള്‍ വഴി ഇപ്പോള്‍ ലഭ്യമാകുന്ന മാറ്റുകള്‍ കുടുംബശ്രീ സിഡിഎസ് വഴി സംസ്ഥാനത്ത്  എല്ലായിടങ്ങളിലും വ്യാപിപ്പിക്കുവാനാണ് ലക്ഷ്യമിടുന്നത്. ഇതിന് കയര്‍ കോര്‍പ്പറേഷനുമായി സഹകരിക്കുവാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. കുടുംബശ്രീയുടെ ഹോം ഷോപ്പിക്കു പുറമെ കണ്‍സ്യൂമര്‍ ഫെഡ്, സിവില്‍ സപ്ലൈഷോറൂമുകള്‍ വഴിയും സാനി മാറ്റുകള്‍ വിപണിയില്‍ എത്തിക്കും. 

സാനി മാറ്റുകള്‍ വിപണിയില്‍ എത്തിക്കുവാന്‍ ഇപ്പോള്‍ ശൃംഖല ഇല്ല. അതുകൊണ്ടു തന്നെ കേരളത്തിലും പുറത്തും മാറ്റുകള്‍ വിപണിയില്‍ എത്തിക്കുവാന്‍ വിതരണക്കാരെ  ക്ഷണിക്കുകയാണെന്നും മന്ത്രി പറഞ്ഞു. താല്‍പ്പര്യമുള്ളവര്‍ ഈ മാസം അവസാനിക്കും മുന്‍പ് കയര്‍ കോര്‍പ്പറേഷനെ സമീപിക്കണമെന്നും മന്ത്രി പറഞ്ഞു. 

850 രൂപ മുതല്‍ 5000 രൂപ വരെയുള്ള മാറ്റുകള്‍ അഞ്ച് വ്യത്യസ്ത മാതൃകയില്‍ ലഭ്യമാകും. ഹോള്‍സെയില്‍ വാങ്ങുന്നവര്‍ക്ക് 30 % വിലക്കിഴിവിലും മാറ്റുകള്‍ നല്‍കും. നിലവില്‍ ആമസോണ്‍ വഴി ലഭ്യമാകുന്ന മാറ്റുകള്‍ കുടുംബശ്രീ വഴി കേരളത്തില്‍ എവിടെ വേണമെങ്കിലും എത്തിച്ചു നല്‍കും. കൂടാതെ കയര്‍ കോര്‍പറേഷന്‍ വെബ്‌സൈറ്റ് വഴിയും മാറ്റുകള്‍ ലഭ്യമാക്കുമെന്നും മന്ത്രി പറഞ്ഞു. കയര്‍ കോര്‍പറേഷന്റെ ഉല്‍പ്പന്നങ്ങള്‍ എന്ന പേരില്‍ വ്യാജ ഉല്‍പ്പന്നങ്ങള്‍ വിപണിയില്‍ വില്‍ക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. 

പുറത്തു പോയി വരുന്നവര്‍ മാറ്റില്‍ ചവിട്ടി കാല്‍ വൃത്തിയാക്കുമ്പോള്‍ കാലിലൂടെ രോഗ വ്യാപന സാധ്യത ഇല്ലാതാകുമെന്നതാണ് സാനി മാറ്റിന്റെ പ്രത്യേകത. സാനിട്ടൈസെര്‍ നിറച്ച ട്രേയില്‍ പ്രകൃതിദത്ത നാരുകള്‍ കൊണ്ടു നിര്‍മ്മിച്ച കയര്‍ മാറ്റുകള്‍ 6 മാസം മുതല്‍ ഒരു വര്‍ഷം വരെ ഉപയോഗിക്കാനാകും. അണുനശീകരണ ലായനി ഉപയോഗിക്കുന്നതിനാല്‍ 3 ദിവസം കൂടും തോറും വെള്ളം മാറ്റി ഉപയോഗിക്കുന്നതാകും നല്ലത്. തിരുവനന്തപുരം ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സ് & ടെക്നോളജിയിലെ വിദഗ്ധരും, നാഷണല്‍ കയര്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടും നിര്‍ദേശിക്കുന്ന മാനദണ്ഡങ്ങള്‍ അനുസരിച്ചു നിര്‍മിക്കുന്ന സാനിറ്റൈസര്‍ ലായനിയാണ് ആന്റി കോവിഡ് മാറ്റില്‍ ഉപയോഗിക്കുന്നത്. കയര്‍ മാറ്റ്, ട്രേ, സാനിറ്റൈസര്‍ ലായനി എന്നിവ ഒരു കിറ്റായാണ് വിപണിയില്‍ എത്തുന്നത്. വീടുകളിലെയും ഓഫീസുകളിലേയും ഉപയോഗത്തിന് അനുയോജ്യമായ രീതിയിലാണ് മാറ്റുകള്‍ രൂപകല്പ്പന ചെയ്തിട്ടുള്ളത്. കയര്‍ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ ടി. കെ. ദേവകുമാര്‍, കയര്‍ വകുപ്പ് സെക്രട്ടറി എന്‍. പദ്മകുമാര്‍ ഐഎഎസ്, എന്‍.സി.ആര്‍.എം.ഐ ഡയറക്ടര്‍ ഡോ. കെ. ആര്‍. അനില്‍, കയര്‍ കോര്‍പ്പറേഷന്‍ മാനേജിംഗ് ഡയറക്ടര്‍ ജി. ശ്രീകുമാര്‍ എന്നിവര്‍ വെബ്ബിനാറില്‍ പങ്കെടുത്തു.

ബന്ധപ്പെട്ടരേഖ: https://keralanews.gov.in/6224/coir-corporation-webinar-.html

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *