റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കോവിഡ് പ്രതിരോധ സന്നാഹത്തോടെ ജില്ലയില്‍ വിദ്യാര്‍ത്ഥികള്‍ പ്രവേശന പരീക്ഷയെഴുതി

July 17, 2020 - 2:59 pm

ആലപ്പുഴ:  കര്‍ശനമായ കോവിഡ് 19 പ്രതിരോധ സന്നാഹങ്ങള്‍ക്കിടെ ജില്ലയില്‍  വിദ്യാര്‍ത്ഥികള്‍ കേരള എഞ്ചിനീയറിംഗ് – പ്രവേശന പരീക്ഷ എഴുതി. 20 കേന്ദ്രങ്ങളിലായി രാവിലെ പത്തിനാരംഭിച്ച ഫിസിക്സ്,കെമിസ്ട്രി പരീക്ഷയ്ക്ക് 4909 വിദ്യാര്‍ത്ഥികളെത്തി.  16 കേന്ദ്രങ്ങളിലായി  ഉച്ചയ്ക്ക് 2.30 മുതല്‍ നടന്ന കണക്ക് പരീക്ഷ എഴുതിയത് 3738 പേരാണെന്നും പ്രവേശന പരീക്ഷയുടെ ജില്ലയിലെ ചുമതലയുള്ള ലെയ്സണ്‍ ഓഫീസര്‍ B ജയന്‍ അറിയിച്ചു.  കോവിഡ് സ്ഥിരീകരിച്ച്  വണ്ടാനം മെഡിക്കല്‍ കോളേജില്‍ കഴിയുന്നതിനാല്‍ ഡോക്ടറുടെ നിരീക്ഷണത്തില്‍ രാവിലെയും ഉച്ചയ്ക്കുമായി രണ്ടുവിദ്യാര്‍ത്ഥികള്‍ പരീക്ഷയെഴുതി. ജില്ലയില്‍ കണ്ടെയ്ന്‍മെന്റ് സോണില്‍ ഉള്‍പ്പെട്ട ഏക പരീക്ഷാകേന്ദ്രമായ എസ് എല്‍ പുരത്തെ ജി എസ് എം എം എച്ച് എസില്‍ 70ശതമാനത്തിലേറെ പേര്‍ പരീക്ഷയെഴുതി. രാവിലെ 239ഉം ഉച്ചയ്ക്ക് 228ഉം പേരാണിവിടെ പരീക്ഷയ്ക്ക് ഹാജരായത്. കോവിഡിന്റെ പശ്ചാത്തലത്തില്‍ ഓരോ കേന്ദ്രത്തിലും സുരക്ഷ ഉറപ്പാക്കാന്‍ മുഖ്യമന്ത്രിയുടെ അഭ്യര്‍ത്ഥന മാനിച്ചെത്തിയ സന്നദ്ധ പ്രവര്‍ത്തകരുടെ സാന്നിധ്യം ഏറെ ശ്രദ്ധേയമായി. 
പരീക്ഷയ്ക്കെത്തിയ വിദ്യാര്‍ത്ഥികളുടെ തെര്‍മല്‍ സ്‌കാനിംഗ്, സാനിറ്റൈസിംഗ് എന്നിവയുടെ ചുമതല സന്നദ്ധ പ്രവര്‍ത്തകരാണ് നിര്‍വ്വഹിച്ചത്. ഓരോ കേന്ദ്രത്തിലും പത്തുവീതം സന്നദ്ധ പ്രവര്‍ത്തകര്‍ കര്‍മ്മനിരതരായി. സ്തുത്യര്‍ഹമായ സേവനമാണ് ദൂരദേശങ്ങളില്‍ നിന്നുപോലും സ്വയമെത്തി സന്നദ്ധപ്രവര്‍ത്തകര്‍ നടത്തിയതെന്ന് ലെയ്സണ്‍ ഓഫീസര്‍ പറഞ്ഞു. പുന്നപ്ര മുതല്‍ മണ്ണഞ്ചേരിവരെ സ്‌കൂളുകളാണ് പരീക്ഷാകേന്ദ്രങ്ങളായത്. ഇവിടങ്ങളില്‍ ഒരുക്കങ്ങള്‍ നേരത്തെതന്നെ പൂര്‍ത്തിയാക്കിയിരുന്നു. ചോദ്യപേപ്പറുകള്‍ ചൊവാഴ്ച തന്നെ ഓരോകേന്ദ്രത്തിലും എത്തിച്ചു. എല്ലാ പരീക്ഷാകേന്ദ്രങ്ങളും അഗ്‌നിരക്ഷാ സേനയുടെ സഹായത്തോടെ അണുവിമുക്തമാക്കി. ക്വറന്റൈനില്‍ നിന്ന് പരീക്ഷയ്ക്കെത്തിയ വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേകം മുറികള്‍ സജ്ജീകരിച്ചു. പരമാവധി 400 പേര്‍ എന്നതോതില്‍ ഓരോകേന്ദ്രത്തിലെയും പരീക്ഷാര്‍ത്ഥികളുടെ എണ്ണം നിജപ്പെടുത്തിയിരുന്നു. 
പരീക്ഷയുടെ സുഗമമായ നടത്തിപ്പിന് കൂടുതല്‍ ഗതാഗത സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തി. ബസ് സ്റ്റോപ്പുകളിലും പരീക്ഷാകേന്ദ്രങ്ങളിലും മറ്റും തിരക്ക് ഒഴിവാക്കിക്കൊണ്ട് സാമൂഹിക അകലം പാലിക്കപ്പെടുന്നുണ്ടെന്ന് പൊലീസ് ഉറപ്പാക്കി. 20കുട്ടികള്‍ക്ക് ഒരു ഇന്‍വിജിലേറ്റര്‍ എന്നനിലയ്ക്ക് അധ്യാപകരെ ഓരോകേന്ദ്രങ്ങളിലും നിയോഗിച്ചിരുന്നു. അതത് സ്‌കൂളിലെ പ്രധാന അധ്യാപകര്‍ പരീക്ഷാകേന്ദ്രത്തിന്റെ മുഖ്യമേല്‍നോട്ടം നിര്‍വ്വഹിച്ചു. പുറമെ പരീക്ഷ മേല്‍നോട്ടത്തിന് ടീം സൂപ്രണ്ടുമാരെയും റെപ്രസെന്റേറ്റിവുകളെയും ചുമതലപ്പെടുത്തിയിരുന്നു. കോവിഡ് പ്രതിരോധ നിയന്ത്രണത്തിന്റെ ഭാഗമായി അധ്യാപകര്‍ക്ക് ഗ്ലൗസ്, സാനിറ്റൈസര്‍, താപമാപിനി എന്നിവ നല്‍കി. കണ്ടൈന്‍മെന്റ് സോണിലുള്‍പ്പെട്ട പരീക്ഷാകേന്ദ്രത്തില്‍ കര്‍ക്കശമായ സുരക്ഷാക്രമീകരണങ്ങളാണ് ഏര്‍പ്പെടുത്തിയത്. പരീക്ഷാകേന്ദ്രങ്ങളായ സ്‌കൂളുകളിലെ പി ടി എ പ്രതിനിധികളും പരീക്ഷ നടത്തിപ്പ് സുഗമമാക്കാന്‍ രംഗത്തിറങ്ങിയിരുന്നു. പ്രവേശന  പരീക്ഷ നടത്തിപ്പ് സുഗമമാക്കാന്‍ എല്ലാ സഹകരണവും നല്‍കാന്‍ സ്‌കൂള്‍ അധികൃതര്‍ക്ക് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ ധന്യ ആര്‍ കുമാര്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *