ജര്‍മനി ലോകകപ്പ് ഹോക്കി ജേതാക്കളായി

ഭുവനേശ്വര്‍: ബെല്‍ജിയത്തിനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 5-4 നു തോല്‍പ്പിച്ച് ജര്‍മനി ലോകകപ്പ് ഹോക്കി ജേതാക്കളായി. മൂന്നാം തവണയാണ് അവര്‍ ലോകകപ്പ് ജേതാക്കളാകുന്നത്. മുഴുവന്‍ സമയത്ത് ഇരു ടീമുകളും 3-3 നു സമനില പാലിച്ചതോടെയാണു ഷൂട്ടൗട്ട് അനിവാര്യമായത്. ബെല്‍ജിയത്തിന്റെ കോസിനസ് ടാന്‍ഗുയ്, വെഗ്നസ് വിക്ടര്‍, ഡി സ്ലൂവര്‍ ആര്‍തര്‍ എന്നിവര്‍ക്കു പിഴച്ചതു ജര്‍മനിക്കു കിരീടത്തിലേക്കുള്ള വഴിയായി. ജര്‍മനിക്കു വേണ്ടി പ്രിന്‍സ് തീസ്, വെലന്‍ നിക്‌ളാസ് എന്നിവര്‍ ആദ്യ പാദ ഷൂട്ടൗട്ടിലും പ്രിന്‍സ് തീസ് മുള്ളര്‍ ഹാനസ്, വെലന്‍ നിക്‌ളാസ് എന്നിവര്‍ രണ്ടാം പാദത്തിലും ഗോളടിച്ചു. ഗ്രാംബുഷ് മാറ്റ്‌സിന് ഒന്നാംപാദത്തിലും മിറ്റാകു മാര്‍കോയ്ക്കു രണ്ടാം പാദത്തിലും പിഴച്ചു. ബെല്‍ജിയത്തിന്റെ വാന്‍ ഔബേല്‍ ഫ്‌ളോറന്റ്, കിന അന്റോയിന്‍ എന്നിവര്‍ ഗോളടിച്ചതോടെയാണ് ഒന്നാംപാദം തുല്യനിലയായത്. രണ്ടാം പാദത്തിലാണ് വെഗ്നസ് വിക്ടര്‍, ഡി സ്ലൂവര്‍ ആര്‍തര്‍ എന്നിവര്‍ അവസരം പാഴാക്കിയത്. വാന്‍ ഔബേല്‍ ഫ്‌ളോറന്റ് മാത്രമാണു തുടര്‍ന്നു ലക്ഷ്യം കണ്ടത്.

ഒന്‍പതാം മിനിറ്റില്‍ ഫീല്‍ഡ് ഗോളടിച്ച് വാന്‍ ഔബേല്‍ ഫ്‌ളോറന്റ് ബെല്‍ജിയത്തെ മുന്നിലെത്തിച്ചിരുന്നു. ഒരു മിനിറ്റിനു ശേഷം മറ്റൊരു ഫീല്‍ഡ് ഗോളിലൂടെ കോസിനസ് ടാന്‍ഗുയ് ലീഡ് ഇരട്ടിയാക്കി. 28-ാം മിനിറ്റില്‍ നിക്‌ളാസിലൂടെ ജര്‍മനി ഒരു ഗോള്‍ മടക്കി. 40-ാം മിനിറ്റിലാണു സമനില ഗോള്‍ വീണത്. പീലിയറ്റ് ഗൊണ്‍സാലോ പെനാല്‍റ്റി കോര്‍ണര്‍ ഗോളാക്കിയാണ് അവരെ ഒപ്പമെത്തിച്ചത്. 47-ാം മിനിറ്റില്‍ മാറ്റ്‌സിന്റെ ഫീല്‍ഡ് ഗോളിലൂടെ ജര്‍മനി മുന്നിലെത്തി. ലീഡിന് മിനിറ്റുകളുടെ ആയുസായിരുന്നു. 58-ാം മിനിറ്റില്‍ ബൂണ്‍ ടോം പെനാല്‍റ്റി കോര്‍ണര്‍ ഗോളാക്കി ബെല്‍ജിയത്തെ ഒപ്പമെത്തിച്ചു.

ലോക ഒന്നാം നമ്പര്‍ ഓസ്‌ട്രേലിയയെ 3-1 നു തോല്‍പ്പിച്ച ഹോളണ്ട് മൂന്നാം സ്ഥാനക്കാരായി. നായകന്‍ തിയറി ബ്രിങ്ക്മാന്റെ ഇരട്ട ഗോളുകളാണു ഡച്ചുകാരുടെ ജയത്തിന്റെ അടിസ്ഥാനം. 35, 40 മിനിറ്റുകളിലായിരുന്നു തിയറിയുടെ ഗോളുകള്‍. പെനാല്‍റ്റി കോര്‍ണര്‍ വിദഗ്ധന്‍ ജിപ് ജാന്‍സനാണ് ഒരു ഗോളടിച്ചത്. 13-ാം മിനിറ്റില്‍ ജെറമി ഹെയ്‌വാഡിലൂടെ മുന്നിലെത്തിയ ശേഷമാണ് ഓസ്‌ട്രേലിയ തോറ്റത്. തുടര്‍ച്ചയായ നാലാം ലോകകപ്പിലാണു ഹോളണ്ട് മെഡല്‍ പട്ടികയില്‍ ഇടംപിടിക്കുന്നത്. ഓസ്‌ട്രേലിയയുടെ തന്നെ റെക്കോഡിനൊപ്പമാണ് അവരെത്തിയത്.
വിവിധ ലോകകപ്പുകളിലായി ഇരു ടീമകളും 10 മെഡലുകള്‍ വീതം നേടി. ഹോളണ്ട് 2010 ലോകകപ്പില്‍ മൂന്നാം സ്ഥാനത്തും 2014, 2018 സീസണുകളില്‍ റണ്ണര്‍ അപ്പുമായി. 1973, 1990, 1998 സീസണുകളിലെ ജേതാക്കളുമാണ്. 1998 ലോകകപ്പിനു ശേഷം ആദ്യമായാണ് ഓസ്‌ട്രേലിയ മെഡലില്ലാതെ മടങ്ങുന്നത്. 1986, 2010, 2014 സീസണുകളിലെ ലോകകപ്പ് ജേതാക്കളാണ് ഓസ്‌ട്രേലിയ. കഴിഞ്ഞ ലോകകപ്പില്‍ മൂന്നാം സ്ഥാനക്കാരായിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →