പുല്‍പ്പള്ളി: പിതാവിന്റെ മൃതദേഹം മറവുചെയ്യാന്‍ കാട്ടിനകത്തെ സമുദായ ശ്മശാനത്തില്‍ കുഴിയെടുക്കാന്‍ പോയ സഹോദരന്മാര്ക്കു കാട്ടാനയുടെ ആക്രമണത്തില്‍ പരുക്കേറ്റു. ചെതലത്ത് ഫോറസ്റ്റ് റെയ്ഞ്ചിലെ പുല്‍പ്പള്ളി ഫോറസ്റ്റ് സ്റ്റേഷന് പരിധിയില്‍പ്പെട്ട ചേകാടി വിലങ്ങാടി കുറുമ കോളനിയിലെ ബാലന്(45), സഹോദരന് സുകുമാരന്‍ (42) എന്നിവര്‍ക്കാണു പരുക്കേറ്റത്. ചൊവ്വാഴ്ച രാത്രി മരണപ്പെട്ട ഇവരുടെ പിതാവ് സോമന്റെ മൃതദേഹം മറവുചെയ്യാന്‍ കാട്ടിനകത്തെ സമുദായ ശ്മശാനത്തില്‍ കുഴിയെടുക്കാന്‍ പോകുന്ന വഴിയാണു വനത്തിനുള്ളില്‍ വച്ച് ഇവരെ കാട്ടാന ആക്രമിച്ചത്. ബാലന്റെ ഒരു ചെവി അറ്റുപോകുകയും മറ്റേ ചെവിക്കു ഗുരുതര മുറിവും പറ്റിയിട്ടുണ്ട്. കൂടാതെ തോളെല്ലിനും സാരമായി പരുക്കേറ്റിട്ടുണ്ട്. സുകുമാരന്റെ കൈക്ക് പൊട്ടലുണ്ട്. ഇരുവരും വയനാട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്.
ബുധനാഴ്ച 12 മണിയോടെയായിരുന്നു സംഭവം. വെട്ട കുറുമ വിഭാഗത്തില്‍പ്പെടുന്ന ഇവരുടെ ശ്മശാനം വനത്തിലാണ് സ്ഥിതി ചെയ്യുന്നത്. സോമന്റെ മൃതദേഹം മറവുചെയ്യുന്നതിനായി കുറച്ചു ബന്ധുക്കളടക്കമുള്ളവര്‍ രാവിലെ വനത്തിനുള്ളിലെ ശ്മശാനത്തിലേക്ക് കുഴിയെടുക്കാന്‍ പോകുന്നതിനിടെ കാട്ടാന ആക്രമിക്കുകയായിരുന്നു. വിവരമറിഞ്ഞ ബന്ധുക്കളും നാട്ടുകാരും ഇരുവരെയും ഉടനെ വയനാട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍മാരായ എ.കെ. സിന്ദു, കെ. മുകുന്ദന്, ഫോറസ്റ്റ് വാച്ചറായ കെ. വിനീത എന്നിവര്‍ ആശുപത്രിയിലെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു.



