കണ്ണൂര്‍: വിസ വാഗ്ദാനം നല്കി കോടികള്‍ തട്ടിയെടുത്ത ശേഷം ഒളിവില്‍ പോയ ട്രാവല്‍സ് ഉടമയ്ക്കും സഹോദരനുമെതിരേ പോലിസ് ലുക്ക്ഔട്ട് നോട്ടിസ് പുറത്തിറക്കി. തളിപ്പറമ്പ് ചിറവക്കില്‍ പ്രവര്‍ത്തിച്ചിരുന്ന സ്റ്റാര്‍ ഹൈറ്റ്സ് കണ്‍സള്‍ട്ടന്‍സി ഉടമ പുളിമ്പറമ്പില്‍ പി.പി. കിഷോര്‍, സഹോദരന് കിരണ്‍ കുമാര്‍ എന്നിവര്‍ക്കെതിരെയാണ് അന്വേഷണസംഘം ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയത്.
ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദേശാനുസരണം കേസ് അന്വേഷണ ചുമതലയുള്ള ഇന്‍സ്പെക്ടര്‍ എ.വി. ദിനേശ് ആണ് ലുക്കൗട്ട് നോട്ടിസ് പുറത്തിറക്കിയത്. വിമാനത്താവളത്തിലും പാസ്പോര്‍ട്ട് ഓഫിസിലും നോട്ടീസ് കൈമാറി. പ്രതികള്‍ രാജ്യം വിട്ടതായുള്ള നിഗമനത്തിലാണ് പോലീസ്. ഇവരുടെ വീടുകളിലും ബന്ധപ്പെടാന്‍ സാധ്യതയുള്ള സ്ഥലങ്ങളിലും പോലീസ് പരിശോധന നടത്തിയിരുന്നു.
വാഗ്ദാനം ചെയ്ത വിസ ലഭ്യമാകാതെ വന്നതോടെ പണം നഷ്ടമായതില്‍ മനംനൊന്ത് വയനാട് പുല്‍പ്പള്ളിയിലെ ടോമി – വിന്‍സി ദമ്പതികളുടെ മകന് മുത്തേടത്ത് അനൂപ് ടോമി (24) ജീവനൊടുക്കിയിരുന്നു. ഇതിനുപിന്നാലെയാണ് വിസ തട്ടിപ്പിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നത്. അനൂപ് ടോമിയുടെ മരണത്തിനു പിന്നാലെ നിരവധി പേര് പരാതിയുമായി എത്തുകയായിരുന്നു. ജില്ലയിലെ മറ്റു സ്റ്റേഷനുകളിലും ഇവര്‍ക്കെതിരേ പരാതിയുണ്ട്.
യു.കെയിലേക്കുള്ള വിസ വാഗ്ദാനത്തില്‍ കുടുങ്ങി അഞ്ച് ലക്ഷം മുതല്‍ ആറരലക്ഷം രൂപ വരെയാണ് പലര്‍ക്കും നഷ്ടമായത്. കാലാവധി കഴിഞ്ഞിട്ടും വിസയോ കൊടുത്ത പണമോ ലഭിക്കാതായതോടെ ഉദ്യോഗാര്‍ഥികള്‍ ഇയാളെ തേടിയെത്തിയപ്പോഴേക്കും തളിപ്പറമ്പിലെ ഓഫീസും എറണാകുളത്തെ ഓഫീസും അടച്ചിട്ട നിലയിലായിരുന്നു.
പണം നഷ്ടമായവരില്‍ പലരും ട്രാവല്‍സ് ഉടമ കിഷോറിനെ തേടി നിരന്തരം വീട്ടിലും സ്ഥപനത്തിലും എത്തിയിരുന്നു. പ്രതികളെക്കുറിച്ച് മാസങ്ങളായിട്ടും യാതൊരു വിവരവും ഇല്ലാതായതോടെയാണ് ചിലര്‍ തളിപ്പറമ്പ് പോലീസില്‍ പരാതിയുമായി എത്തിയത്.
