ചണ്ഡിഗഡ് : പഞ്ചാബില്‍ ക്രമസമാധാന നില തകര്‍ന്ന സാഹചര്യത്തില്‍ വീണ്ടും ജാഗ്രതാനിര്‍ദേശവുമായി രഹസ്യാന്വേഷണ ഏജന്‍സികള്‍. പാകിസ്ഥാന് ഭീകര സംഘടനകള്‍ പഞ്ചാബിലെ പൊലീസ് സ്റ്റേഷനുകളുടെ നേര്‍ക്ക് ആക്രമണം നടത്താന്‍ സാധ്യതയുണ്ടെന്നാണ് ഏജന്‍സികളുടെ മുന്നറിയിപ്പ്. നേരത്തെ പഞ്ചാബിലെ ഒരു സ്റ്റേഷന് ലക്ഷ്യമിട്ട് തീവ്രവാദ ഗ്രൂപ്പുകള്‍ രണ്ട് ആര്‍പിജി ആക്രമണങ്ങള്‍ നടത്തിയിരുന്നു.
ഈ കേസുമായി ബന്ധപ്പെട്ട് വ്യക്തിപരമായും അല്ലാതെയും ഭീഷണി നേരിടുന്നതായി ലുധിയാന റേഞ്ച് ഐജി ഡോ. കൗസ്തുഭ് ശര്‍മ പറഞ്ഞു. സംഭവത്തെ തുടര്‍ന്ന് പൊലീസ് സ്റ്റേഷനുകളില്‍ സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്. സാമൂഹിക വിരുദ്ധരെ കണ്ടാല്‍ വിവരം നല്കാന് പൊലീസ് ജനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുമുണ്ട്.കഴിഞ്ഞ ദിവസം തണ് തരണിലെ പൊലീസ് സ്റ്റേഷനില്‍ നടന്ന ആക്രമണത്തിന് ശേഷം കസ്റ്റഡിയിലെടുത്ത മൂന്ന് പ്രതികളില്‍ നിന്ന് പിടിച്ചെടുത്ത ലോഡ് ചെയ്ത ആര്‍പിജി പൊലീസ് നിര്‍വീര്യമാക്കിയിരുന്നു. ഇതിന് ശേഷം ഇതേ പൊലീസ് സ്റ്റേഷനില്‍ രണ്ടാമതും ആക്രമണം നടന്നു. ഇതോടെ പഞ്ചാബ് പൊലീസിന്റെ സുരക്ഷാസംവിധാനങ്ങള്ക്കെതിരെ ആക്ഷേപമുയര്‍ന്നിരുന്നു. അതിനിടയിലാണ് അടുത്ത ഭീഷണി.

