റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കണ്ണൂര്‍: കരുവന്നൂര്‍ മോഡല്‍ തട്ടിപ്പ് കണ്ണൂരിലും. കോണ്‍ഗ്രസ് ഭരിക്കുന്ന കാടാച്ചിറ സര്‍വീസ് സഹകരണ ബാങ്കിന്റെ പനോന്നേരി ശാഖയില്‍ കോടികളുടെ തട്ടിപ്പ് നടന്നതായി പരാതി. നിരവധി പേരുടെ സ്ഥിരനിക്ഷേപത്തുകയും ലോക്കറില്‍ സൂക്ഷിച്ച സ്വര്‍ണാഭരണങ്ങളുമടക്കം കോടിക്കണക്കിനു രൂപയുടെ മുതലുകള്‍ വ്യാജരേഖകള്‍ ചമച്ചു തട്ടിയെടുത്തെന്നാണ് ആരോപണം. പണം നഷ്ടപ്പെട്ടവര്‍ കണ്ണൂര്‍ സിറ്റി അസി. കമ്മിഷണര്‍, സഹകരണവകുപ്പ് എന്നിവിടങ്ങളില്‍ പരാതി നല്‍കിയിട്ടുണ്ട്. ഇടപാടുകാരില്‍ പലരും കോടതിയെ സമീപിക്കാനുള്ള ഒരുക്കത്തിലാണ്. അതേ സമയം, ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നു ബാങ്ക് പ്രസിഡന്റ് പറഞ്ഞു.

കണ്ണൂര്‍ എ.സി.പിയുടെ നിര്‍ദേശപ്രകാരം എടക്കാട് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സഹകരണവകുപ്പ് ഓഡിറ്റ് വിഭാഗവും ബാങ്കില്‍ പരിശോധന തുടങ്ങി. അഞ്ചുവര്‍ഷം മുന്‍പ് നടന്ന അഴിമതിക്കഥകളാണ് പുറത്തുവന്നിരിക്കുന്നത്. 2017-ല്‍ ബാങ്കില്‍ സ്ഥിരനിക്ഷേപം നടത്തിയവരുടെ പണം നിക്ഷേപകരുടെ വ്യാജ ഒപ്പിട്ട് മുന്‍ മാനേജര്‍ തട്ടിയെടുത്തെന്നാണു പരാതി. ഏറ്റവും അടുത്ത സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും ഒരു വര്‍ഷത്തെ സ്ഥിരനിക്ഷേപ സര്‍ട്ടിഫിക്കറ്റ് കാലാവധിക്ക് തൊട്ടടുത്തദിവസം പുതുക്കാനെന്ന പേരില്‍ കൈക്കലാക്കിയാണു തട്ടിപ്പ് നടത്തിയതത്രെ. പിന്നീട് സര്‍ട്ടിഫിക്കറ്റിന്റെ ഫോട്ടോ കോപ്പി നിക്ഷേപകര്‍ക്ക് നല്‍കി ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റ് തിരിച്ചെടുത്തശേഷം നിക്ഷേപകരുടെ വ്യാജ ഒപ്പിട്ടു നിക്ഷേപത്തുകയും ലോക്കറില്‍ സൂക്ഷിച്ച സ്വര്‍ണാഭരണങ്ങളും തട്ടിയെടുത്തെന്നാണു പരാതി.

കണ്ണൂര്‍ ചാലയിലെ ഒരു വീട്ടിലെ മാത്രം മൂന്നുപേരുടെ അന്‍പതു ലക്ഷത്തിനു മുകളില്‍ സ്ഥിരനിക്ഷേപവും സ്വര്‍ണാഭരണവും തട്ടിയെടുത്തതില്‍ ഉള്‍പ്പെടും. സര്‍ക്കാര്‍ സര്‍വീസിലുള്ള ഭര്‍ത്താവ് മരിച്ചപ്പോള്‍ ലഭിച്ച ആനുകൂല്യങ്ങളടക്കമുള്ള സംഖ്യ വീട്ടമ്മ കാടാച്ചിറ സര്‍വീസ് സഹകരണ ബാങ്കില്‍ നിക്ഷേപിക്കുകയായിരുന്നു. 2022-ജൂലൈയില്‍ നിക്ഷേപിച്ച തുകയില്‍ കുറച്ചു തുക പിന്‍വലിക്കാന്‍ പോയപ്പോഴാണ് ഇവര്‍ പോലും അറിയാതെ തുക പിന്‍വലിച്ചതായി അറിയുന്നത്.
പരാതിയുടെ അടിസ്ഥാനത്തില്‍ ബാങ്ക് അധികൃതര്‍ നടത്തിയ പരിശോധനയില്‍ നിക്ഷേപകരുടെ വ്യാജ ഒപ്പിട്ട് 2019-ല്‍ തന്നെ ഈ തുകകളെല്ലാം പിന്‍വലിച്ചതായി വ്യക്തമായി. ബാങ്കില്‍ 1,75,000 ഒരിക്കല്‍ സ്ഥിരനിക്ഷേപമിട്ടതിനു തുകയ്ക്കു സമാനമായ സര്‍ട്ടിഫിക്കറ്റ് നല്‍കിയിരുന്നുവെങ്കിലും ബാങ്കിന്റെ വരവില്‍ തുകയുടെ അവസാനപൂജ്യം ഒഴിവാക്കി 17,500 രൂപ മാത്രം കാണിച്ചു ബാക്കി തുക മുന്‍ മാനേജര്‍ കൈക്കലാക്കിയതായും പരാതിയുണ്ട്.

വിശദമായ പരിശോധനയ്ക്കുശേഷം മാത്രമേ എത്ര നിക്ഷേപകരുടെ തുക നഷ്ടപ്പെട്ടുവെന്ന് വ്യക്തമാവുകയുള്ളൂ. സംഭവം വിവാദമായതോടെ നിക്ഷേപിച്ച തുക പിന്‍വലിക്കാനായി കൂടുതല്‍പേര്‍ ബാങ്കില്‍ എത്തുന്നുണ്ട്. കോണ്‍ഗ്രസ് നിയന്ത്രിത സഹകരണബാങ്കില്‍ നടന്ന തട്ടിപ്പില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും കുടുംബാംഗങ്ങള്‍ക്കും കടുത്ത പ്രതിഷേധമുണ്ട്. ഇവര്‍ ഭരണസമിതിക്കെതിരേ പാര്‍ട്ടിക്കു പരാതി നല്‍കിയിട്ടുണ്ടെങ്കിലും മൗനം പാലിക്കുകയാണ്.
കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന്റെ തറവാടു വീടിനു സമീപമുള്ള പ്രദേശങ്ങളിലൊന്നാണ് കാടാച്ചിറ. കോണ്‍ഗ്രസിന് ഏറെ സ്വാധീനമുള്ള നാട്ടില്‍, കോണ്‍ഗ്രസ് ഭരിക്കുന്ന സഹകരണബാങ്കില്‍ നിന്നും കോടികള്‍ കൈമറിഞ്ഞുപോയതു പാര്‍ട്ടിയെയും വെട്ടിലാക്കിയിട്ടുണ്ട്. ബാങ്കിലെ നിക്ഷേപകരിലും ഇടപാടുകാരിലും തൊണ്ണൂറു ശതമാനവും കോണ്‍ഗ്രസുകാരും കുടുംബാംഗങ്ങളുമാണ്. ഇവിടെ ജോലി ചെയ്യുന്നവരും കോണ്‍ഗ്രസുകാരാണ്. ഈ സാഹചര്യത്തില്‍ കരുവന്നൂര്‍ ബാങ്ക് അഴിമതി ഉയര്‍ത്തിക്കാട്ടി സി.പി.എമ്മിനെ പ്രതിക്കൂട്ടില്‍ നിര്‍ത്താന്‍ ശ്രമിക്കുന്ന കോണ്‍ഗ്രസിന് വന്‍തിരിച്ചടിയായി മാറിയിരിക്കുകയാണ് കാടാച്ചിറ സഹകരണബാങ്കിലെ അഴിമതി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *