തിരുവനന്തപുരം :സ്പോർട്സിനെ മതവുമായി കൂട്ടിക്കുഴയ്ക്കേണ്ടെന്ന് സംസ്ഥാന കായിക മന്ത്രി വി. അബ്ദുറഹ്മാൻ. മതം അതിന്റെ വഴിക്കും സ്പോർട്സ് അതിന്റെ വഴിക്കും പോകട്ടെയെന്നും മന്ത്രി പറഞ്ഞു. നാട് ലോകകപ്പ് ഫുട്ബാൾ ലഹരിയിലായിരിക്കുമ്പോൾ താരാരാധന പാടില്ലെന്ന സമസ്തയുടെ നിലപാടിനെ തള്ളിയാണ് മന്ത്രി തന്റെ നിലപാട് വ്യക്തമാക്കിയത്. സ്പോർട്സ് വേറെ, മതം വേറെ, കായികപ്രേമികളെ പ്രകോപിപ്പിക്കേണ്ട ആവശ്യമില്ല. ആരാധന അതിന്റെ സമയത്ത് നടക്കും. ഇഷ്ടമുള്ളവർ അതിൽ പങ്കെടുക്കുമെന്നും മന്ത്രി പറഞ്ഞു. താരാരാധന കായികപ്രേമികളുടെ വികാരമാണ്.
ദൈവത്തെ മറന്നുള്ള താരാരാധന പാടില്ലെന്നും പോർച്ചുഗൽ ഉൾപ്പെടെയുളള രാജ്യങ്ങളുടെ പതാകയേന്തുന്നതും ഇസ്ലാമിക വിരുദ്ധ രാജ്യങ്ങളെ പ്രോത്സാഹിപ്പിക്കുന്നതും ശരിയായ രീതിയല്ലെന്നും സമസ്ത കേരള ജം ഇയ്യത്തുൽ ഉലമയുടെ കീഴിലുള്ള ഖുത്വബാ കമ്മിറ്റി വിശ്വാസികളോട് ആഹ്വാനം ചെയ്തിരുന്നു.
ഫുട്ബാൾ ലഹരിയാകരുതെന്നും താരാരാധന അതിര് കടക്കരുതെന്നും സന്ദേശത്തിൽ ഖുത്വബാ കമ്മിറ്റി ജനറൽ സെക്രട്ടറിയും എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറിയുമായ നാസർ ഫൈസി കൂടത്തായി നിർദ്ദേശിച്ചു. വെള്ളിയാഴ്ച നിസ്കാരത്തിന് ശേഷം പളളികളിൽ ഇതുസംബന്ധിച്ച് നടത്തേണ്ട പ്രസംഗത്തിന്റെ കുറിപ്പും ഖത്തീബുമാർക്ക് കൈമാറി. സമൂഹ മാദ്ധ്യമങ്ങളിലൂടെയും പ്രചരിപ്പിച്ചു.ലോകകപ്പ് തുടങ്ങിയശേഷം വിശ്വാസികൾ നിസ്കാരം ഉപേക്ഷിക്കുന്നത് ശ്രദ്ധയിൽപെട്ടതോടെയാണ് സന്ദേശമെന്ന് നാസർ ഫൈസി പറഞ്ഞു.
വിനോദങ്ങളെ പ്രോത്സാഹിപ്പിക്കുമ്പോഴും കളിക്കമ്പം ലഹരിയോ ജ്വരമോ ആകരുത്. താരാരാധനയല്ല, ദൈവാരാധനയാണ് വേണ്ടത്. ഉറക്കമൊഴിഞ്ഞ് കളി കാണരുത്. രാത്രി ഫുട്ബാൾ മത്സരം കാണുന്നതിലൂടെ നിസ്കാരം ഉപേക്ഷിക്കുന്ന രീതി ശരിയല്ല. ലക്ഷങ്ങൾ മുടക്കി കട്ടൗട്ടുകൾ ഉയർത്തുന്നത് ദുർവ്യയമാണ്. തൊഴിലില്ലാത്തവർ പോലും ഇതിനു തയ്യാറാകുന്നത് ആശ്ചര്യകരമാണെന്നും ഫൈസി പറഞ്ഞു. ഇത് വിവാദമായതോടെ സമൂഹ മാദ്ധ്യമങ്ങളിലടക്കം വലിയ വിമർശനമാണ് ഉയരുന്നത്. മുസ്ലിം ലീഗ് നേതാവ് ഡോ.എം.കെ.മുനീർ. മന്ത്രി വി. ശിവൻകുട്ടി എന്നിവരും ഇതിനെതിരെ രംഗത്തെത്തി

