മൂന്നാർ: കൊരണ്ടിക്കാട് ആനസവാരി കേന്ദ്രത്തിൽ ഒന്നാം പാപ്പാൻ രണ്ടാം പാപ്പാന്റെ കുത്തേറ്റു മരിച്ചു. തൃശൂർ സ്വദേശി വിമൽ (31) ആണ് മരിച്ചത്. വിമലിനെ കുത്തിയ രണ്ടാം പാപ്പാൻ മണികണ്ഠനെ (29) മൂന്നാർ പോലീസ് അറസ്റ്റ് ചെയ്തു. 2022 നവംബർ]25 വെള്ളിയാഴ്ച രാവിലെ 7.30നാണ് സംഭവം . മൂന്നാർ -മാട്ടുപ്പെട്ടി റോഡിൽ കൊരണ്ടിക്കാട് ഭാഗത്തുള്ള ആനസവാരി കേന്ദ്രത്തിൽ വെച്ചാണ് കത്തികുത്ത് നടന്നത്. ജൂലി എന്ന ആനയുടെ പാപ്പാൻമാരായിരുന്നു ഇരുവരും.
രാവിലെ ആനയെ നോക്കുന്ന കാര്യത്തിലും മാറ്റിത്തളയ്ക്കുന്ന കാര്യത്തിലും ഉണ്ടായ തർക്കമാണ് കത്തിക്കുത്തിൽ കലാശിച്ചത്. വെള്ളിയാഴ്ച രാവിലെ ആനയെ കുളിപ്പിക്കുന്ന സ്ഥലത്ത് ഇവർ തമ്മിൽ വാക്കുതർക്കം ഉണ്ടാവുകയും മണികണ്ഠൻ കൈയ്യിൽ കരുതിയ കത്തികൊണ്ട് വിമലിന്റെ കഴുത്തിൽ കുത്തുകയുമായിരുന്നു. കുത്തേറ്റ വിമലിനെ മൂന്നാർ കണ്ണൻദേവൻ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കുത്തിയശേഷം ഓടി ഓഫീസിൽ കയറിയ പ്രതി മണികണ്ഠനെ നാട്ടുകാർ മൂന്നാർ പോലീസിന് കൈമാറി. മരിച്ച വിമൽ അവിവാഹിതനാണ്. മൃതദേഹം ഇൻക്വസ്റ്റ് നടത്തി പോസ്റ്റുമോർട്ടം നടപടികൾക്കായി ഇടുക്കി മെഡിക്കൽ കോളേജിലേക്കയച്ചു. പ്രതിയെ ദേവികുളം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

