തിരുവനന്തപുരം: ഖത്തര്‍ ഫുട്‌ബോള്‍ ലോകകപ്പ് ആവേശത്തോടൊപ്പം സംസ്ഥാനത്ത് പുതിയ കായിക സംസ്‌കാരം വളര്‍ത്തിയെടുക്കുകയെന്ന ലക്ഷ്യത്തോടെ വണ്‍ മില്യണ്‍ ഗോള്‍ ക്യാമ്പയിന്‍.സംസ്ഥാന കായിക യുവജനകാര്യ ഡയറക്ടറേറ്റും സ്‌പോര്‍ട്‌സ് കൗണ്‍സിലും സംയുക്തമായാണ് ക്യാമ്പയിന്‍ സംഘടിപ്പിക്കുന്നത്. 20 ന് ആരംഭിക്കുന്ന ലോകകപ്പിനു മുന്നോടിയായി സംസ്ഥാനത്താകെ ഒരു ലക്ഷം വിദ്യാര്‍ഥികള്‍ക്ക് അടിസ്ഥാന പരിശീലനം നല്‍കും. ആയിരം കേന്ദ്രങ്ങളിലായി 10 നും 12 നും ഇടയില്‍ പ്രായമുള്ള വിദ്യാര്‍ഥികള്‍ക്ക് പത്ത് ദിവസത്തെ ഫുട്‌ബോള്‍ പരിശീലനമാണ് വണ്‍ മില്യണ്‍ ഗോള്‍ ക്യാമ്പയിന്റെ ഭാഗമായി നല്‍കുകയെന്ന് കായിക മന്ത്രി വി.അബ്ദുറഹ്മാന്‍ പറഞ്ഞു.
ഫുട്‌ബോളിള്‍ താല്‍പര്യമുള്ള കുട്ടികള്‍ക്ക് ഹ്രസ്വകാല അടിസ്ഥാന പരിശീലനം നല്‍കുക, മികവു പുലര്‍ത്തുന്നവര്‍ക്ക് തുടര്‍ന്ന് വിദഗ്ധ പരിശീലനം ലഭ്യമാക്കുക, വിവിധ കായിക വികസന സംഘടനകള്‍, റസിഡന്‍സ് അസോസിയേഷനുകള്‍ എന്നിവയുടെ സഹകരണത്തോടെ കായിക സംസ്‌കാരം വളര്‍ത്തിയെടുക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് ക്യാമ്പയിന്‍. 11 മുതല്‍ 20 വരെയാണ് പരിശീലന പരിപാടി.പ്രത്യേകം തയാറാക്കിയ പരിശീലന പാഠക്രമം അനുസരിച്ച് ദിവസവും ഒരു മണിക്കൂര്‍ വീതമാണ് പരിശീലനം. ഓരോ കേന്ദ്രത്തിലും 100 കുട്ടികള്‍ വീതം ആയിരം കേന്ദ്രങ്ങളിള്‍ നിന്നായി ഒരു ലക്ഷം കുട്ടികള്‍ക്കാണ് 10 ദിവസങ്ങളിലായി പരിശീലനം നല്‍കുന്നത്. സംസ്ഥാനത്തെ അഞ്ച് ലക്ഷം കുട്ടികള്‍ക്ക് ഫുട്‌ബോള്‍ പരിശീലനം നല്‍കുന്നതിന് ”ഗോള്‍” എന്നപേരില്‍ പ്രത്യേക പദ്ധതി നടപ്പിലാക്കുമെന്നും മന്ത്രി അറിയിച്ചു. 1000 പരിശീലന കേന്ദ്രങ്ങളില്‍ 1000 ഗോള്‍ വീതവും സംസ്ഥാനത്തൊട്ടാകെ 10 ലക്ഷം ഗോളുകളും സ്‌കോര്‍ ചെയ്യുമെന്നു മന്ത്രി അറിയിച്ചു.
നവംബർ 20 നും 21 നുമായി ക്യാമ്പയിന്റെ ഭാഗമായുള്ള ഓരോ പരിശീലന കേന്ദ്രത്തിലും പ്രത്യേകം സജ്ജമാക്കിയ ഗോള്‍ പോസ്റ്റുകളില്‍ പങ്കെടുക്കുന്ന കുട്ടികളും പൊതു സമൂഹവും ചേര്‍ന്നാണ് ഗോളുകളടിക്കുക. 20 ന് ഉച്ചയ്ക്ക് രണ്ടു മുതല്‍ ആറുവരെ പൊതുജനങ്ങള്‍ക്കും 21 ന് രാവിലെ ഒന്‍പതു മുതല്‍ 12 വരെ സ്‌കൂള്‍ കുട്ടികള്‍ക്കുമാണ് ഗോളടിക്കാന്‍ അവസരം. ജില്ലാതല ഏകോപനം ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിനും സംസ്ഥാന തല ഏകോപനം കായികയുവജനകാര്യ ഡയറക്ടറ്റേറ്റും സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സിലും നിര്‍വഹിക്കും. 1000 സെന്ററുകള്‍ക്കു പുറമേ തദ്ദേശ സ്വയംഭരണ സ്ഥാപന തലത്തില്‍ കായിക അക്കാദമികള്‍, കായിക ക്ലബ്ബുകള്‍, വിദ്യാലയങ്ങള്‍, റസിഡന്‍ഷ്യല്‍ അസോസിയേഷനുകള്‍ തുടങ്ങിയ കൂട്ടായ്മകളുടെ സഹകരണത്തോടെ അധിക പരിശീലന കേന്ദ്രങ്ങളെ ക്യാമ്പയിനില്‍ ഉള്‍പ്പെടുത്തും.
ഓരോ ജില്ലയിലും 72 പരിശീലന കേന്ദ്രങ്ങളാണ് സജ്ജമാക്കുക. ഓരോ കേന്ദ്രങ്ങളിലേക്കും വേണ്ട പരിശീലകരെ തദ്ദേശീയമായി കണ്ടെത്തും. മുന്‍ സന്തോഷ് ട്രോഫി താരങ്ങള്‍ പ്രചാരണ പരിപാടികള്‍ക്കു നേതൃത്വം നല്‍കും.

