വാഷിങ്ടണ്‍: സി.ഇ.ഒ. മാര്‍ക്ക് സക്കര്‍ബര്‍ഗ് മനസില്‍കണ്ട വെര്‍ച്വല്‍ ലോകത്തെ ജനം കൈവിട്ടതോടെ ഫെയ്സ്ബുക്കിന്റെ മാതൃസ്ഥാപനമായ മെറ്റാവേഴ്സിനു ഓഹരി വിപണിയില്‍ വന്‍ തിരിച്ചടി. കഴിഞ്ഞ ആറ് മാസം കൊണ്ട് കമ്പനിയുടെ മൂല്യം ഇടിഞ്ഞത് 60 ശതമാനം. നഷ്ടം ഏകദേശം 50 ലക്ഷം കോടി രൂപ. ഇപ്പോള്‍ 33 ലക്ഷം കോടി രൂപയോളമാണു കമ്പനിയുടെ ആകെ മൂല്യം. സര്‍ക്കര്‍ബര്‍ഗിന്റെ സ്വപ്നപദ്ധതിയുടെ തകര്‍ച്ച കമ്പനിയുടെ നിലനില്പിനു ഭീഷണിയാകുമെന്നു സൂചന.
കഴിഞ്ഞ ജനുവരി മുതല്‍ സക്കര്‍ബര്‍ഗിന്റെ ആസ്തിയിലുണ്ടായ കുറവ് 6.25 ലക്ഷം കോടി രൂപയാണ്. ഇതോടെ ലോകകോടീശ്വരന്മാരുടെ പട്ടികയില്‍ ആദ്യ ആദ്യ 20 സ്ഥാനത്തുനിന്നും സക്കര്‍ബര്‍ഗ് പുറത്തായി.വെര്‍ച്വല്‍ റിയാലിറ്റി പ്ലാറ്റ്ഫോമായ മെറ്റ തകര്‍ച്ചയുടെ പടുകുഴിയിലാണെന്നാണു റിപ്പോര്‍ട്ട്. ഫെയ്സ്ബുക്കിന്റെ അടുത്തതലമാണു മെറ്റയിലൂടെ മാര്‍ക്ക് സക്കര്‍ബര്‍ഗ് പ്രതീക്ഷിച്ചത്. വെര്‍ച്വല്‍ റിയാലിറ്റി ഹെഡ് സെറ്റിന്റെ സഹായത്തോടെയാണു പ്രവര്‍ത്തനം. മെറ്റയില്‍ ഉപയോക്താവിന്റെ വെര്‍ച്വല്‍ അവതാരങ്ങളാകും ഉണ്ടാകുക. വെര്‍ച്വല്‍ റിയാലിറ്റി ഹെഡ്സെറ്റ് – ക്വസ്റ്റ്പ്രോയിലൂടെ ഇതു 3ഡിയായി കാണാം. ഉപയോക്താക്കള്‍ക്ക് മെറ്റയില്‍ വെര്‍ച്വല്‍ അവതാരങ്ങളായിമാറി സംസാരിക്കാം, കളിക്കാം എന്തിന് ഔദ്യോഗിക യോഗങ്ങള്‍ പോലും നടത്താം. സാധാരണ ലോകത്തില്ലാത്ത സ്വാതന്ത്ര്യവും മെറ്റ വാഗ്ദാനം ചെയ്തു. ഈ സ്വാതന്ത്ര്യം മെറ്റയിലെ ചില ഉപയോക്താക്കള്‍ ദുരുപയോഗം ചെയ്യുന്നതായും പരാതിയുണ്ട്. സ്വതന്ത്ര്യംകൂടിയതോടെ വെര്‍ച്വല്‍ ലോകത്തേക്ക് അശ്ലീലവും കടന്നുവന്നു.
ഇതോടെ മെറ്റയില്‍നിന്ന് ഉപയോക്താക്കള്‍ അകന്നുതുടങ്ങി. മെറ്റ ഇപ്പോഴും ”ശിശു”വാണെന്നാണ് സക്കര്‍ബര്‍ഗ് ഇപ്പോള്‍ വാദിക്കുന്നത്. മെറ്റയില്‍ സക്കര്‍ബര്‍ഗിന്റെ വെര്‍ച്വല്‍ രൂപം തന്നെ പ്രയാസപ്പെട്ടാണുണ്ടാക്കിയതെന്നാണു റിപ്പോര്‍ട്ട്. 100 െഹെ റെസൊലൂഷന്‍ ക്യാമറകള്‍ പ്രവര്‍ത്തിപ്പിച്ചാണ് അദ്ദേഹത്തിന്റെ രൂപം പകര്‍ത്തിയത്. മുഖത്തിന്റെ 40 പതിപ്പുകള്‍ ഉണ്ടാക്കിയശേഷമാണ് അദ്ദേഹത്തിനു തൃപ്തിവന്നതത്രേ.
മെറ്റ പുറത്തുവിട്ട വെര്‍ച്വല്‍ റിയാലിറ്റി ഹെഡ്സെറ്റ് – ക്വസ്റ്റ്പ്രോയും കാര്യമായ വിജയമായില്ല. 1.39 ലക്ഷം രൂപയാണ് ക്വസ്റ്റ്പ്രോയുടെ വില. കണ്ണുകളുടെ ചലനവും മുഖത്തെ ഭാവങ്ങളും നിരീക്ഷിക്കുന്ന സെന്‍സറുകളും ഇതിനുള്ളിലുണ്ട്. എന്നാല്‍, ഇവ ഉപയോക്താക്കളുടെ പ്രതികരണങ്ങള്‍ ചോര്‍ത്തുകയാണെന്ന ആരോപണവും ഇതോടെ ഉയര്‍ന്നു. ഓരോ രണ്ടു മണിക്കൂറിലും ബാറ്ററി ചാര്‍ജ് ചെയ്യേണ്ട അവസ്ഥ രസംകൊല്ലിയുമായി. മെറ്റയിലെ ഗ്രാഫിക്സിന് 1990കളിലെ കമ്പ്യൂട്ടര്‍ ഗെയിമുകളുടെ നിലവാരം മാത്രമാണുള്ളതെന്നാണ് മറ്റൊരു പരാതി.
മെറ്റയില്‍ താല്പര്യം കാണിക്കുന്നത് കാര്‍ട്ടൂണ്‍ സിനിമകള്‍ കാണുന്ന കുട്ടികളാണ്. എന്നാല്‍, മെറ്റയില്‍ ലോഗിന്‍ ചെയ്യണമെങ്കില്‍ 13 വയസ് കഴിയണമെന്നാണു നിബന്ധന. മെറ്റാവേഴ്സിന്റെ പ്രധാന ആകര്‍ഷണമായ ഹൊെറെസണ് വേള്‍ഡിന് ഒരു മാസം സന്ദര്‍ശകര്‍ രണ്ട് ലക്ഷത്തില്‍ താഴെ മാത്രമാണ്. വിപണിയുടെ പ്രതികരണം ഇതാണെങ്കിലും മെറ്റയില്‍ ഭാവികാണുന്ന സക്കര്‍ബര്‍ഗ് ഇതൊന്നും അംഗീകരിക്കുന്ന മട്ടില്ല. പ്രതിവര്‍ഷം 82,000 കോടി രൂപയോളമാണ് ഇപ്പോഴും മെറ്റയ്ക്കായി സക്കര്‍ബര്‍ഗ് ചെലവിടുന്നത്. 83,000 ജീവനക്കാരാണ് മെറ്റയിലുള്ളത്.

