റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ന്യൂഡല്‍ഹി: ശിവസേനയുടെ ഔദ്യോഗിക ചിഹ്നം തെരഞ്ഞെടുപ്പ് കമ്മിഷന്‍ മരവിപ്പിച്ചതിനു പിന്നാലെ പുതിയ ചിഹ്നം കണ്ടെത്താന്‍ ഉദ്ധവ് താക്കറെ പക്ഷം. ഇതിനായി മൂന്നു ചിഹ്നങ്ങളും പാര്‍ട്ടി പേരുകളും അടങ്ങിയ പട്ടിക തെരഞ്ഞെടുപ്പ് കമ്മിഷനു സമര്‍പ്പിച്ചു. മുംെബെ അന്ധേരി ഈസ്റ്റ് ഉപതെരഞ്ഞെടുപ്പിനു മുന്നോടിയായാണ് ഉദ്ധവ് താക്കറെയുടെ നീക്കം.

ത്രിശൂലം, ഉദയസൂര്യന്‍, ടോര്‍ച്ച് എന്നിവയാണ് പാര്‍ട്ടി ചിഹ്നത്തിനായി മുന്‍ഗണനാക്രമത്തില്‍ ഉദ്ധവ് താക്കറെ പക്ഷം തെരഞ്ഞെടുപ്പ് കമ്മിഷനു സമര്‍പ്പിച്ചിരിക്കുന്നത്.

ഭൂരിപക്ഷം ജനപ്രതിനിധികളും ഏക്‌നാഥ് ഷിന്‍ഡെയ്‌ക്കൊപ്പം നിലയുറപ്പിച്ച സാഹചര്യത്തില്‍ തങ്ങളുടെ പക്ഷത്തിനുള്ള പുതിയ പേരുകളുടെ പട്ടികയും ഉദ്ധവ് വിഭാഗം തെരഞ്ഞെടുപ്പ് കമ്മിഷനു സമര്‍പ്പിച്ചിട്ടുണ്ട്. ”ശിവസേന ബാലാസാഹേബ് താക്കറെ” എന്നാണ് പാര്‍ട്ടിയുടെ പേരായി ആദ്യം നിര്‍ദേശിച്ചിരിക്കുന്നത്. ഇത് ലഭിച്ചില്ലെങ്കില്‍ ശിവസേന ഉദ്ധവ് ബാലാസാഹേബ് താക്കറെ, ശിവസേന ബാലാസാഹേബ് പ്രബോധങ്കര്‍ താക്കറെ എന്നീ പേരുകള്‍ പരിഗണിക്കണമെന്നും കമ്മിഷനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ശിവസേനയുടെ ചിഹ്നമായ അമ്പും വില്ലിനുമായി ഇരുപക്ഷവും അവകാശവാദമുന്നയിച്ച സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പ് കമ്മിഷന്‍ ചിഹ്നം മരവിപ്പിച്ചത്. മൂന്നു പാര്‍ട്ടി പേരുകളുടെയും ചിഹ്നങ്ങളുടെയും പട്ടിക നല്‍കാനും ഇരു വിഭാഗത്തോടും തെരഞ്ഞെടുപ്പ് കമ്മിഷന്‍ നിര്‍ദേശിക്കുകയും ചെയ്തു. ഇതിനു പിന്നാലെ സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യാന്‍ ഉദ്ധവ് താക്കറെയും ഏക്‌നാഥ് ഷിന്‍ഡെയും തങ്ങളുടെ പാര്‍ട്ടി നേതാക്കളുമായി കൂടിക്കാഴ്ച നടത്തി.

1989-ലാണ് ശിവസേനയ്ക്ക് അമ്പും വില്ലും പാര്‍ട്ടി ചിഹ്നമായി ലഭിച്ചത്. അതിനു മുമ്പ് വാളും പരിചയും, തെങ്ങ്, റെയില്‍വേ എന്‍ജിന്‍, കപ്പും പ്ലേറ്റും എന്നിങ്ങനെ വ്യത്യസ്ത ചിഹ്‌നങ്ങളിലാണ് അവരുടെ സ്ഥാനാര്‍ഥികള്‍ തെരഞ്ഞെടുപ്പില്‍ മത്സരിച്ചത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *