കൊച്ചി: യുദ്ധത്തെത്തുടര്‍ന്ന് യുക്രൈനില്‍നിന്നു തിരിച്ചെത്തിയ ഇന്ത്യന്‍ മെഡിക്കല്‍ വിദ്യാര്‍ഥികളുടെ തുടര്‍വിദ്യാഭ്യാസം സംബന്ധിച്ച ഹര്‍ജിയില്‍ സുപ്രീംകോടതി വാദം കേള്‍ക്കും. ഓള് കേരള യുക്രൈന് മെഡിക്കല്‍ സ്റ്റുഡന്റ്സ് ആന്‍ഡ് പേരന്റ്സ് അസോസിയേഷന് അടക്കം പല സംസ്ഥാനങ്ങളില്‍നിന്നായി വിവിധ വ്യക്തികളും സംഘടനകളും നല്കിയ ഇരുപതോളം ഹര്‍ജികള്‍ ഒരുമിച്ചാണ് പരിഗണിക്കുക.
യുക്രൈനില്‍ മെഡിക്കല്‍ വിദ്യാഭ്യാസത്തിനായി ഇരുപതിനായിരത്തോളം ഇന്ത്യക്കാരുണ്ടായിരുന്നതായാണ് കണക്ക്. ഇതില്‍ മൂവായിരത്തിലേറെ പേര് മലയാളികളും. ഫെബ്രുവരി അവസാനത്തോടെ യുദ്ധം പൊട്ടിപ്പുറപ്പെട്ടതിനെ തുടര്‍ന്ന് ഇവരെ കേന്ദ്രസര്‍ക്കാര്‍ ഇടപെട്ട് ”ഓപ്പറേഷന് ഗംഗ” എന്ന പേരില്‍ നടത്തിയ രക്ഷാദൗത്യത്തിലൂടെ തിരിച്ചെത്തിക്കുകയായിരുന്നു. യുക്രൈനിലെ വ്യോമഗതാഗതം തടസപ്പെട്ടതിനെ തുടര്‍ന്ന് അന്ന് ഹംഗറി, പോളണ്ട്, റൊമേനിയ തുടങ്ങിയ സമീപ രാജ്യങ്ങളില്‍ നിന്നാണ് രക്ഷാദൗത്യം നടത്തിയത്. 6 വര്‍ഷ എം.ബി.ബി.എസ.് കോഴ്സിനു ചേര്‍ന്ന് അവസാന വര്‍ഷത്തിലെത്തി നില്‍ക്കുന്നവര്‍ക്കും തിരിച്ചുപോരേണ്ടി വന്നു.
യുക്രൈനില്‍ അടുത്തിടെ ക്ലാസുകള്‍ പുനരാരംഭിച്ചെങ്കിലും അവിടേക്ക് തിരിച്ചുപോകാന്‍ വിദ്യാര്‍ഥികള്‍ക്ക് ഭീതിയാണ്. ഈ സാഹചര്യത്തില്‍ തുടര്‍പഠനത്തിന് ഇന്ത്യയില്‍ തന്നെ സാഹചര്യമൊരുക്കണമെന്നാണ് ആവശ്യം. യുക്രൈനിലെ സര്‍വകലാശാലകളില്‍നിന്ന് തിയറി ഭാഗം ഓണ്‍ലൈനായി പഠിക്കാമെന്നിരിക്കെ ക്ലിനിക്കല്‍ പ്രാക്റ്റീസിന് ഇന്ത്യയിലുള്ള 612 മെഡിക്കല്‍ കോളജുകളില്‍ സൗകര്യമൊരുക്കാവുന്നതേയുള്ളൂ എന്ന് വിദ്യാര്‍ഥികള്‍ പറയുന്നു. ഇതിന് ദേശീയ മെഡിക്കല്‍ കൗണ്‍സിലിന്റെ അംഗീകാരം വേണമെന്നിരിക്കെ കൗണ്‍സില്‍ വിദ്യാര്‍ഥികള്‍ക്ക് എതിരു നില്ക്കുന്നതായി ആക്ഷേപമുണ്ട്.തെലങ്കാന, പശ്ചിമ ബംഗാള്‍, തമിഴ്നാട്, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങള്‍ സ്വന്തം വിദ്യാര്‍ഥികളെ അവരവരുടെ മെഡിക്കല്‍ കോളജുകളില്ക്ലിനിക്കല് പ്രാക്ടീസ് നല്കാന് സന്നദ്ധരാകുകയും കേന്ദ്ര ആരോഗ്യ മന്ത്രാലയത്തില്‍ സമ്മര്‍ദം ചെലുത്തുകയും ചെയ്തപ്പോള്‍ യുക്രൈനിലെ മെഡിക്കല്‍ വിദ്യാഭ്യാസ രംഗത്ത് ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികളുള്ള കേരളം അലംഭാവം കാട്ടുന്നതായാണ് വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുടെയും പരാതി. വിഷയം ഗൗരവമായി കണ്ട സുപ്രീംകോടതി ഓഗസ്റ്റ് അവസാനവും സെപ്റ്റംബര്‍ ആദ്യവും കേസുകള്‍ പരിഗണിച്ചിരുന്നു.

