തിരൂരങ്ങാടി: ദേശീയപാത വെളിമുക്കിന് സമീപം ബൈക്കില്‍ പിക്കപ്പ് ലോറി ഇടിച്ച് ബൈക്ക് യാത്രക്കാരായ അധ്യാപകനും ശിഷ്യനും മരിച്ചു. വേങ്ങര വലിയോറ അടക്കാപ്പുര ഇരുകുളം വലിയാക്കത്തൊടി സയ്യിദ് മുഹമ്മദ് കോയ എന്ന ബാപ്പുട്ടി തങ്ങളുടെ മകന് അബ്ദുല്ലക്കോയ തങ്ങള്‍ ബുഖാരി സഖാഫി (46), കോഴിക്കോട് ബാലുശ്ശേരി കുറുമ്പൊയില്‍ കണ്ണാട്ടിപ്പൊയില്‍ കാപ്പിക്കുന്നുമ്മല്‍ സിദ്ദീഖിന്റെ മകന് ഫാഇസ് അമീന്(19) എന്നിവരാണു മരിച്ചത്. മലപ്പുറം ദേശീയപാതയില്‍ വെളിമുക്കിനുസമീപം 13/09/2022 പുലര്‍ച്ചെ 3.30നായിരുന്നു അപകടം.
കോഴിക്കോട് ഓമശേരി കണിയാര്‍കണ്ടം ജുമുഅ മസ്ജിദ് മുദരിസായ അബ്ദുല്ലക്കോയ തങ്ങള്‍ ഇരുകുളത്തെ വീട്ടില്‍നിന്നു കണിയാര്‍കണ്ടം ജുമുഅ മസ്ജിദ് ദര്‍സിലേക്കു ബൈക്കില്‍ പോകുകയായിരുന്നു. ബൈക്ക് ഓടിച്ചിരുന്നത് ഈ ദര്‍സിലെ വിദ്യാര്‍ഥി കൂടിയായ ഫായിസ് അമീനായിരുന്നു. ദേശീയപാത വെളിമുക്കിനു സമീപം വച്ച് കാറിനെ മറികടന്നെത്തിയ പിക്കപ്പ് ലോറി ഇവര്‍ സഞ്ചരിച്ച ബൈക്കിനെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഉടനെ ഇരുവരെയും തിരൂരങ്ങാടി താലൂക്കാശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. നാലുവര്‍ഷമായി അബ്ദുല്ലക്കോയ തങ്ങള്‍ സഖാഫി കണിയാര്‍കണ്ടം മുദരിസാണ്. പകര മുഹമ്മദ് അഹ്സനിയുടെ ശിഷ്യനായ ഇദ്ദേഹം കാരന്തൂര്‍ മര്‍കസില്‍നിന്ന് സഖാഫി ബിരുദംനേടി പുറത്തിറങ്ങിയ ശേഷം പട്ടാമ്പി പള്ളിപ്പുറം ചെമ്പുങ്ങല്, പകര ഗൗസിയ്യ മസ്ജിദ്, തെന്നല അപ്പിയത്ത് എന്നിവിടങ്ങളില്‍ മുദരിസായിട്ടുണ്ട്. മാതാവ്: സയ്യിദത്ത് ആഇശാ ബീവി. ഭാര്യ: സൗദാ ബീവി. മക്കള്‍: മുഹമ്മദ് ചിശ്തി, ഉമൈറ, അഫ്റ. ഫാഇസ് അമീനിന്റെ മാതാവ്: സുലൈഖ. സഹോദരി: ആശിഖ് ഫര്‍സാന.
തിരൂരങ്ങാടി താലൂക്കാശുപത്രിയില്‍നിന്ന് പോസ്റ്റ്മോമോര്ട്ടത്തിനുശേഷം ചെമ്മാട് ടൗണ്‍ സുന്നി ജമുഅ മമസ്ജിദില്‍ ജനാസ നിസ്കാരം നടന്നു. ശേഷം അബ്ദുല്ലക്കോയ തങ്ങളുടെ മൃതദേഹം വലിയോറ അരീക്കുളം ജുമുഅ മസ്ജിദ് കബര്‍സ്ഥാനിലും ഫാഇസ് അമീനിന്റെ മൃതദേഹം ബാലുശേരി കണ്ണാട്ടിപ്പൊയില്‍ മസ്ജിദ് കബര്‍സ്ഥാനിലും മറവ് ചെയ്തു.

