കൂത്താട്ടുകുളം: കൂത്താട്ടുകുളം ഗവ. യുപി സ്കൂളിൽ മാതൃകാ പ്രീപ്രൈമറി സമർപ്പണ ചടങ്ങിൽ ഉദ്ഘാടകനായി എത്താമെന്ന് സമ്മതിച്ചിരുന്ന മന്ത്രി വി.എൻ.വാസവൻ എത്തിയില്ല. കുരുന്നുകൾ വേഷം കെട്ടി കാത്തിരുന്നതു 4 മണിക്കൂർ. രാവിലെ 11നായിരുന്നു ഉദ്ഘാടനം നിശ്ചയിച്ചിരുന്നത്. പരിപാടി കളർഫുൾ ആക്കാൻ വിവിധ വേഷങ്ങളിലാണ് കുട്ടികളെ ഒരുക്കിയിരുന്നത്.
അനൂപ് ജേക്കബ് എംഎൽഎ എത്താറായപ്പോഴേക്കും പരിപാടി ഉച്ചകഴിഞ്ഞ് 2.30 ലേക്കു മാറ്റിയതായി അറിയിപ്പു വന്നു. കേരളീയ ശൈലിയിൽ സാരിയുടുത്തും മൃഗങ്ങളുടെ വേഷം അണിഞ്ഞും കാത്തിരുന്നു മുഷിഞ്ഞ കുരുന്നുകളെ അധ്യാപികമാർ തിരികെ ക്ലാസ് മുറികളിലേക്കു കൊണ്ടുപോയി. നഗരസഭാ പ്രതിനിധികൾ കൗൺസിൽ യോഗത്തിനും പോയി.
ഉച്ചകഴിഞ്ഞ് മന്ത്രിയെ കാത്ത് വീണ്ടും എല്ലാവരും സജ്ജരായി. പ്രത്യേക വേഷമണിഞ്ഞ കുട്ടികൾ ഡിസ്പ്ലേ അവതരിപ്പിച്ചു. അനൂപ് ജേക്കബ് എംഎൽഎയും നഗരസഭാ പ്രതിനിധികളും വീണ്ടും എത്തിയെങ്കിലും മന്ത്രി വന്നില്ല. ഒടുവിൽ എംഎൽഎ ഉദ്ഘാടകനായി. കുട്ടികളെ ഇത്രയും സമയം വേഷമണിയിച്ചു നിർത്തിയതിലെ അനൗചിത്യം അദ്ദേഹം പ്രസംഗത്തിൽ സൂചിപ്പിച്ചു. മന്ത്രി വൈകിയതോടെ കുട്ടികൾക്കു ഭക്ഷണം കൊടുക്കാനുള്ള സൗകര്യം കണക്കിലെടുത്താണു പരിപാടിയുടെ സമയം ഉച്ചയ്ക്കു ശേഷമാക്കിയതെന്ന് ഹെഡ്മാസ്റ്റർ എ.വി.മനോജ് അറിയിച്ചു.
∙ ‘അപ്രതീക്ഷിതമായി കോട്ടയം ജില്ലയിൽ പരിപാടികൾ വന്നതിനാൽ കൂത്താട്ടുകുളത്ത് എത്താൻ കഴിയില്ലെന്നും മറ്റൊരു ദിവസം എത്താമെന്നും സ്കൂളിലെ സംഘാടകരെ വിളിച്ച് അറിയിച്ചിരുന്നുവെന്നും അധികൃതർ ഇതു സമ്മതിച്ചതാണെന്നും മന്ത്രി വി.എൻ.വാസവൻ പറഞ്ഞു.

