റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഭക്ഷ്യക്കയറ്റുമതിക്ക് തുറമുഖങ്ങള്‍ തുറക്കാന്‍ റഷ്യ-യുക്രൈന്‍ കരാര്‍

July 23, 2022 - 8:44 pm

ഇസ്താംബുള്‍/കീവ്: റഷ്യയുടെ യുക്രൈന്‍ അധിനിവേശത്തേത്തുടര്‍ന്നു രാജ്യാന്തരതലത്തിലുണ്ടായ ഭക്ഷ്യപ്രതിസന്ധി പരിഹരിക്കാന്‍ ഐക്യരാഷ്ട്രസംഘടന(യു.എന്‍)യുടെയും തുര്‍ക്കിയുടെയും മധ്യസ്ഥതയില്‍ കരാര്‍. ഭക്ഷ്യധാന്യങ്ങള്‍ കയറ്റുമതി ചെയ്യുന്നതിനായി കരിങ്കടലിലുള്ള തുറമുഖങ്ങള്‍ വീണ്ടും തുറക്കാന്‍ യുക്രൈന്‍, റഷ്യ പ്രതിനിധിമാര്‍ തുര്‍ക്കിയിലെ ഇസ്താംബൂളില്‍ കരാറൊപ്പിട്ടു.

തുറമുഖങ്ങള്‍ ഉടന്‍ തുറക്കാനാകുമെന്നു യുക്രൈന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലന്‍സ്‌കി പ്രതീക്ഷ പ്രകടിപ്പിച്ചതിനു പിന്നാലെ, കരാറൊപ്പിടാന്‍ പ്രതിരോധമന്ത്രി സെര്‍ജി ഷോയ്ഗുവിനെ റഷ്യ നിയോഗിച്ചു.ഷോയ്ഗുവും ഉക്രൈന്‍ അടിസ്ഥാനസൗകര്യവികസന മന്ത്രി ഒലെക്സാണ്ടര്‍ കുബ്രെകോവും യു.എന്‍. സെക്രട്ടറി ജനറല്‍ അന്റോണിയോ ഗട്ടറസ്, തുര്‍ക്കി പ്രതിരോധമന്ത്രി ഹുലുസി അകാര്‍ എന്നിവരുമായി പ്രത്യേകം കരാറുകളില്‍ ഒപ്പിട്ടു. തുര്‍ക്കി പ്രസിഡന്റ് തയ്യിപ് എര്‍ദോഗനും സന്നിഹിതനായിരുന്നു.

ലോകത്ത് ഏറ്റവുമധികം ഭക്ഷ്യധാന്യങ്ങള്‍ കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളാണു റഷ്യയും യുക്രൈനും. എന്നാല്‍, യുക്രൈന്‍ തുറമുഖങ്ങള്‍ റഷ്യ െകെയടക്കിയതും റഷ്യക്കെതിരേ പാശ്ചാത്യരാജ്യങ്ങള്‍ ഉപരോധം പ്രഖ്യാപിച്ചതും ഇരുരാജ്യങ്ങളുടെയും കയറ്റുമതിയെ ബാധിച്ചു. ഇതേത്തുടര്‍ന്ന്, രാജ്യാന്തരതലത്തില്‍ ഭക്ഷ്യവിതരണശൃംഖല തടസപ്പെട്ടതോടെയാണു യു.എന്നും തുര്‍ക്കിയും മധ്യസ്ഥതയ്ക്കു മുന്നിട്ടിറങ്ങിയത്. കഴിഞ്ഞ ഫെബ്രുവരി 24-നു യുക്രൈനില്‍ റഷ്യ അധിനിവേശമാരംഭിച്ചതു മുതല്‍ രാജ്യാന്തരതലത്തില്‍ ഭക്ഷ്യദൗര്‍ലഭ്യവും ഇന്ധനവിലവര്‍ധനയും രൂക്ഷമാണ്. ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ കയറ്റുമതി സാധാരണ നിലയിലാകുമെന്നാണ് പ്രതീക്ഷ. യുദ്ധം ആരംഭിക്കുന്നതിനു മുമ്പ് പ്രതിമാസം 50 ലക്ഷം ടണ്‍ ഭക്ഷ്യധാന്യങ്ങളാണ് കരിങ്കടല്‍ മേഖലയിലെ തുറമുഖങ്ങളിലൂടെ കയറ്റുമതി ചെയ്തിരുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *