കൊച്ചിയിൽ നടിയെ ആക്രമിച്ച കേസ്; ഡൽഹിയിൽ നീക്കങ്ങളുമായി അതിജീവിത

കൊച്ചി: കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിൽ ഡൽഹിയിൽ നീക്കങ്ങളുമായി അതിജീവിത. സുപ്രീംകോടതിയിലോ ഡൽഹി ഹൈക്കോടതിയിലോ ഹർജി സമർപ്പിക്കുമെന്ന് സൂചന. ഡൽഹിയിലെ മുതിർന്ന അഭിഭാഷ റബേക്ക ജോൺ നടിക്കുവേണ്ടി ഹാജരാകും. തുടരന്വേഷണം ഉൾപ്പെടെയുള്ള കാര്യങ്ങളിലാണ് ഹർജിയെന്ന് സൂചന. 22/07/22 വെള്ളിയാഴ്ച തന്നെ ഹർജി സമർപ്പിക്കാനാണ് നീക്കം.

അതേസമയം നടിയെ ആക്രമിച്ച കേസിൽ ക്രൈംബ്രാഞ്ച് അനുബന്ധ കുറ്റപത്രം 22/07/22 വെള്ളിയാഴ്ച സമർപ്പിക്കും. ദിലീപിന്റെ സുഹൃത്തായ ശരത്തിനെ പ്രതി ചേർത്തുള്ള കുറ്റപത്രം അങ്കമാലി മജിസ്ട്രേറ്റ് കോടതിയിലാണ് സമർപ്പിക്കുക. തുടരാന്വേഷണ റിപ്പോർട്ട് വിചാരണ കോടതിക്കും കൈമാറും.

കേസിലെ എട്ടാം പ്രതി ദിലീപിനെതിരെ ഡിജിറ്റൽ തെളിവുകൾ ഒളിപ്പിച്ചതിനും, നശിപ്പിച്ചതിനുമുള്ള കുറ്റങ്ങൾ ചുമത്തിയാകും ക്രൈംബ്രാഞ്ച് തുടരന്വേഷണ റിപ്പോർട്ട് സമർപ്പിക്കുക. ആക്രമിക്കപ്പെട്ടതിന്റെ ദൃശ്യങ്ങൾ ദിലീപിന്റെ കൈവശം ഉണ്ടായിരുന്നു എന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ. ഇന്ത്യൻ ശിക്ഷാനിയമം 201-ാം വകുപ്പ് പ്രകാരം പത്തു വർഷം വരെ തടവ് ശിക്ഷ ലഭിക്കാം.

അനുബന്ധ കുറ്റപത്രത്തിൽ ദിലീപിന്റെ സുഹൃത്തും വ്യവസായിയുമായ ശരത്ത് പതിനൊന്നാം പ്രതിയാണ്. നടിയെ ആക്രമിച്ച് പകർത്തിയ ദൃശ്യങ്ങൾ ശരത്ത് വഴി 2017 നവംബർ മാസത്തിൽ ദിലീപിന്റെ പക്കൽ എത്തി. ദൃശ്യങ്ങൾ നശിപ്പിക്കാനും മനപ്പൂർവം മറച്ചു പിടിക്കാനും ശരത്ത് ശ്രമിച്ചു. ഇതിന്റെ പേരിലാണ് ശരത്തിനെ പ്രതി ചേർത്തിരിക്കുന്നത്. കാവ്യാമാധവൻ, മഞ്ജു വാര്യർ, സിദ്ദിഖ്, ദിലീപിന്റെ സഹോദരൻ, സഹോദരി ഭർത്താവ് തുടങ്ങി തൊണ്ണൂറിലധികം സാക്ഷികൾ ഉണ്ട്. തുടരന്വേഷണ റിപ്പോർട്ട് സമർപ്പിക്കുന്നതോടെ നിർത്തിവച്ചിരിക്കുന്ന വിചാരണ ഉടൻ പുനരാരംഭിക്കാനുമാണ് സാധ്യത.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →