സംസ്ഥാനത്തൊട്ടാകെ 20 ലക്ഷം പേര്‍ക്ക് തൊഴില്‍ ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ ആരംഭിച്ച ‘എന്റെ തൊഴില്‍ എന്റെ അഭിമാനം’ പദ്ധതി രണ്ടാം ഘട്ടത്തിലേക്ക്. പദ്ധതിയുടെ ആദ്യഘട്ടത്തില്‍ കുടുംബശ്രീ വഴി നടത്തിയ സര്‍വ്വേയില്‍ ജില്ലയില്‍ 4,74,497 തൊഴിലന്വേഷകരാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ജില്ലയിലെ 96 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും സര്‍വ്വേ നടപടികള്‍ പൂര്‍ത്തീകരിച്ചു. 1834 വാര്‍ഡുകളിലായി 5926 കുടുംബശ്രീ എന്യൂമരേറ്റര്‍മാര്‍ മുഖേന 7,98,006 കുടുംബങ്ങളിലാണ് സര്‍വ്വേ നടത്തിയത്.
അടുത്ത ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ സര്‍വ്വേ വഴി ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ തൊഴില്‍ അന്വേഷകരുടെ വിശദമായ പ്രൊഫൈല്‍ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍ രജിസ്റ്റര്‍ ചെയ്യുന്ന പ്രവര്‍ത്തനം ഉടന്‍ ആരംഭിക്കും. അധിക യോഗ്യതയും പ്രവര്‍ത്തി പരിചയവും ഉള്‍പ്പെടെയുള്ള വിവരങ്ങളാണ് ശേഖരിക്കുക. പ്രവര്‍ത്തി പരിചയം, അഭിരുചി, നൈപുണ്യം എന്നിവ രേഖപ്പെടുത്തും. 21 മുതല്‍ 40 വയസിനിടയില്‍, ബിരുദം ബിരുദാനന്തര ബിരുദം, ഡിപ്ലോമ, ഐ.ടി.ഐ യോഗ്യതയുള്ള തൊഴില്‍ അന്വേഷകരെയാണ് തുടക്കത്തില്‍ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമിലേക്ക് രജിസ്റ്റര്‍ ചെയ്യിപ്പിക്കുന്നത്.
രണ്ടാംഘട്ട വിവരശേഖരണം വാര്‍ഡ് അടിസ്ഥാനത്തില്‍ കുടുംബശ്രീ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ നടക്കും. ഒന്നാംഘട്ട സര്‍വേയില്‍ നിയോഗിച്ച എന്യൂമറേറ്റര്‍മാരില്‍ ബിരുദധാരികള്‍ ആയവരെയാകും പ്രവര്‍ത്തനങ്ങള്‍ക്ക് നിയോഗിക്കുക. പ്രൊഫൈലിങ്ങുമായി ബന്ധപ്പെട്ട സി.ഡി.എസ് തല പ്രവര്‍ത്തനങ്ങളും പരിശീലനങ്ങളും ഏകോപിപ്പിക്കുന്നതിനും ബ്ലോക്ക്തല ക്ലസ്റ്റര്‍ മീറ്റിങ്ങുകള്‍ സംഘടിപ്പിക്കുന്നതിനും നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിനുമായി ജില്ലാതലത്തില്‍ മാസ്റ്റര്‍ പരിശീലകരുടെയും വാര്‍ഡ് അടിസ്ഥാനത്തില്‍ തിരഞ്ഞെടുക്കപ്പെട്ട മുഴുവന്‍ കമ്മ്യൂണിറ്റി അംബാസിഡര്‍മാരുടെയും ബ്ലോക്ക് കോഡിനേറ്റര്‍മാരുടെയും പരിശീലന പരിപാടി കുടുംബശ്രീയുടെ നേതൃത്വത്തില്‍ ജൂലൈ 16ന് നടക്കും.

