കോട്ടയം: നിരവധി കേസുകളില്‍ പ്രതിയായ അരുണ്‍ ഗോപനുമായി ഡിവൈഎസ്‌പി അടക്കം നാലുപോലീസുകാര്‍ക്ക് വഴിവിട്ട ബന്ധമെന്ന് രഹസ്യാന്വഷണ റിപ്പോര്‍ട്ട് . ചങ്ങനാശേരി ഡിവൈഎസ്‌പി ശ്രീകുമാര്‍, സൈബര്‍സെല്‍ സിഐ എം.ജെ അരുണ് ഡിസിബിആര്‍ബി ഓഫീസിലെ എഎസ്‌ഐ അരുണ്‍കുമാര്‍, സ്‌പെഷ്യല്‍ബ്രാഞ്ച് എഎസ്‌ഐ പിഎന്‍ മനോജ് എന്നിവര്‍ക്കെതിരെയാണ് റിപ്പോര്‍ട്ട്. പോലീസ് രഹസ്യങ്ങള്‍ ചോര്‍ത്തി നല്‍കി ഗുണ്ടാസംഘത്തില്‍ നിന്ന് പണം വാങ്ങിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
നാലുപേര്‍ക്കെതിരെയും കര്‍ശന നടപടിക്ക് ദക്ഷിണമേഖല ഐജി പി.പ്രകാശ് നിര്‍ദേശിച്ചതായാണ് വിവരം. എന്നാല്‍ അന്വേഷണം നടക്കുന്നത് മാത്രമാണുളളതെന്നും ശിപാര്‍ശകളൊന്നുമില്ലെന്നും ആരോപണ വിധേയര്‍ പറയുന്നു. കോട്ടയം ജില്ലയിലെ ഗുണ്ടാ പട്ടികയിലുളള അരുണ്‍ ഗോപന്‍ അടുത്തിടെ ഹണിട്രാപ്പ് കേസില്‍ അറസ്റ്റിലായിരുന്നു. കുഴല്‍പ്പണക്കടത്തും വധശ്രമവും ഉള്‍പ്പടെ ഒട്ടേറെ കേസിലെ പ്രതിയായ ഇയാളുമായി പോലീസ് വഴിവിട്ട അടുപ്പം പുലര്‍ത്തിയെന്നാണ് ആരോപണം.
ഇയാളുടെ എതിരാളിയും കുപ്രസിദ്ധ ഗുണ്ടയുമായ അലോട്ടിയെ കഞ്ചാവുകേസില്‍ രണ്ടുവര്‍ഷം മുമ്പ് പിടികൂടിയിരുന്നു. അന്ന രഹസ്യ വിവരം നല്‍കുകയും പോലീസിന് ഒത്താശ ചെയത് നല്‍കുകയും ചെയ്‌തത് അരുണ്‍ ഗോപനാണെന്ന് ആക്ഷേപമുണ്ടായിരുന്നു. നടപടിക്കു നിര്‍ദ്ദേശിക്കപ്പെട്ട പോലീസുകാര്‍ പലതവണ അരുണ്‍ഗോപനുമായി ഫോണില്‍ ബന്ധപ്പെട്ടിരുന്നതായും കണ്ടെത്തി.
ഹണിട്രാപ്പ്‌കേസില്‍ കോട്ടയത്ത് നിന്ന് മുങ്ങി ശ്രീലങ്ക ഉള്‍പ്പെടയുളള സ്ഥളങ്ങളില്‍ കറങ്ങിയ ശേഷം കോഴിക്കോട് താവളമടിച്ചിരുന്ന അരുണ്‍ ഗോപനെ അടുത്തയിടെ പോലീസ് അറസ്‌റ്റ് ചെയ്‌തിരുന്നു. അന്നുരാത്രി ചങ്ങനാശേരി ഡിവൈഎസ്‌പി തന്റെ അധികാര പരിധിയില്‍ അല്ലാത്ത സ്റ്റേഷനായിട്ടും അവിടെയെത്തുകയും സെല്ലില്‍ കഴിഞ്ഞിരുന്ന അരുണുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെടുകയും ചെയ്‌തു. താനുമായുളള ബന്ധം മറ്റുപോലീസുകാരോട് വെളിപ്പെടുത്തരുതെന്ന് ഭീഷണിപ്പെടുത്താനാണ് ഡിവൈഎസ്‌പി സ്‌റ്റേഷനിലെത്തിയതെന്നാണ് കണ്ടെത്തല്‍ . ഇക്കാര്യം കോട്ടയം എസ്‌പി ഡി.ശില്‍പ്പ ദക്ഷിണമേഖല ഐജി പി.പ്രകാശിനെ അറിയിച്ചതോടെ പ്രാഥമിക അന്വേഷണം തുടങ്ങി. തുടര്‍ന്ന എഎസ്‌പിയായിരുന്ന എസ് സുരേഷ് കുമാറാണ് അന്വേഷിച്ച് റിപ്പോര്‍ട്ടുനല്‍കിയത്.

