ന്യൂഡല്‍ഹി: ഇന്ത്യയിലും ബംഗ്ലാദേശിലും ഭീകരാക്രമണം നടത്തുമെന്ന ഭീഷണിയുമായി ഭീകരസംഘടനയായ അല്‍ ക്വയ്ദ. ബി.ജെ.പി. നേതാവ് പ്രവാചക നിന്ദ നടത്തിയ പശ്ചാത്തലത്തില്‍ ഡല്‍ഹി, മുംബൈ, ഉത്തര്‍പ്രദേശ്, ഗുജറാത്ത് എന്നിവിടങ്ങളില്‍ ചാവേര്‍ ആക്രമണം നടത്തുമെന്നാണ് ഭീഷണി. ഇന്ത്യയിലെ ഹിന്ദു ഭീകരരെ പാഠംപഠിപ്പിക്കണമെന്നും അല്‍ ക്വയ്ദ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
മതനിന്ദ ആരോപിച്ചു രണ്ടുപേരെ കൊലപ്പെടുത്തിയ കേസിലെ ഏഴു പ്രതികള്‍ക്ക് വധശിക്ഷ നല്‍കിയതിന്റെ പേരിലാണ് ബംഗ്ലാദേശിനെതിരായ ഭീഷണി. 2014 ല്‍ ഷാഫിയുള്‍ ഇസ്ലാം ലിലിയോണ്, 2015 ല്‍ അനന്ത ബിജോയ് എന്നിവര്‍ കൊല്ലപ്പെട്ട കേസിലാണു വധശിക്ഷ വിധിച്ചിരിക്കുന്നത്. ബം ാദേശ് സര്‍ക്കാര്‍ ഹിന്ദുത്വയുടെ ഏജന്റുമാരായെന്നും ഇസ്ലാമിനെ നിന്ദിച്ചവരെ കൊലപ്പെടുത്തിയത് അല്‍ ക്വയ്ദയാണെന്നും മറ്റൊരു പ്രസ്താവനയില്‍ പറയുന്നു. ഈ മതനിന്ദാ വിവാദം പൊട്ടിപ്പുറപ്പെട്ടത് പാകിസ്താനില്‍നിന്നാണെന്ന് സുരക്ഷാ ഏജന്‍സികള്‍ പറയുന്നു.
താലിബാന് അഫ്ഗാന്റെ ഭരണം പിടിച്ചശേഷം അഫ്ഗാന്-പാക് മേഖലയില്‍ അല്‍ ക്വയ്ദയുടെ സ്വാധീനം വര്‍ധിക്കുകയാണെന്നാണു പുതിയ ഭീഷണികള്‍ വ്യക്തമാക്കുന്നതെന്നും വിലയിരുത്തപ്പെടുന്നു. അല്‍ ക്വയ്ദ നേതാവ് അയ്മാന്‍ അല്‍ സവാഹിരി, താലിബാന്റെ തണലില്‍ അഫ്ഗാനിസ്ഥാനില്‍ കഴിയുന്നുണ്ടെന്നാണ് രഹസ്യാന്വേഷണ റിപ്പോര്‍ട്ട്. എന്നാല്‍, സവാഹിരി ഇറാനില്‍ അഭയംതേടിയിട്ടുണ്ടെന്നാണു താലിബാന് നിലപാട്. ശ്രീലങ്ക, പാകിസ്താന്, മാലദ്വീപ്, നേപ്പാള്‍ തുടങ്ങിയ രാജ്യങ്ങളിലെ സാമ്പത്തിക അസ്ഥിരാവസ്ഥ വലിയ ബഹുജനപ്രക്ഷോഭങ്ങള്‍ക്കും പിന്നീട് ഭീകരസംഘടനകളുടെ വളര്‍ച്ചയ്ക്കും വഴിയൊരുക്കുമെന്നും ആശങ്കയുണ്ട്.

