മലപ്പുറം: റേഷന്‍ മുന്‍ഗണന വിഭാഗത്തിലേക്കുള്ള അപേക്ഷകള്‍ ഇനി മുതല്‍ ഓണ്‍ലൈനില്‍

പുതിയ സംവിധാനം  പ്രാബല്യത്തില്‍
മലപ്പുറം: ഒഴിവാക്കല്‍ മാനദണ്ഡം ബാധകമല്ലാത്തതും റേഷന്‍ പൊതുവിഭാഗത്തില്‍ ഉള്‍പ്പെട്ടിട്ടുള്ളതുമായ റേഷന്‍ കാര്‍ഡുകള്‍ മുന്‍ഗണനാ വിഭാഗത്തിലേക്ക് മാറ്റുന്നതിനുള്ള അപേക്ഷകള്‍ സമര്‍പ്പിക്കുന്നത് ഇനി മുതല്‍ ഓണ്‍ലൈനിലൂടെ. അക്ഷയ സെന്ററുകളിലൂടെയും സിറ്റിസണ്‍ ലോഗിന്‍ മുഖേനയും ജനങ്ങള്‍ക്ക് ഇനി മുതല്‍ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള സൗകര്യമാണ് സിവില്‍ സപ്ലൈസ് വകുപ്പ് ഒരുക്കിയിരിക്കുന്നത്. മെയ് 19 മുതല്‍ റേഷന്‍ കാര്‍ഡുകള്‍ മുന്‍ഗണന വിഭാഗത്തിലേക്ക് മാറ്റുന്നതിനുള്ള അപേക്ഷകള്‍ ഓണ്‍ലൈനായി സ്വീകരിക്കുന്നത് ആരംഭിച്ചതായും താലൂക്ക് സപ്ലൈ ഓഫീസുകളിലും സിറ്റി റേഷനിങ് ഓഫീസുകളിലും നേരിട്ട് സ്വീകരിക്കുന്നത് സര്‍ക്കാര്‍ നിര്‍ദേശപ്രകാരം നിര്‍ത്തലാക്കിയതായും ജില്ലാ സപ്ലൈ ഓഫീസര്‍ ഷാജഹാന്‍ തയ്യില്‍ പറഞ്ഞു.

ഓണ്‍ലൈന്‍ അപേക്ഷകള്‍ സ്വീകരിച്ച് പരിശോധിക്കുന്നതിനും പട്ടിക തയാറാക്കുന്നതിനും ആവശ്യമായ മാറ്റങ്ങള്‍  റേഷന്‍ കാര്‍ഡ് മാനേജ്‌മെന്റ് സിസ്റ്റം (ആര്‍.സി.എം.എസ്) വരുത്തിയിട്ടുണ്ട്. റേഷന്‍ കാര്‍ഡുകള്‍ മുന്‍ഗണന വിഭാഗ്ത്തിലേക്ക് മാറ്റുന്നതിനായുള്ള അപേക്ഷകള്‍ താലൂക്ക് സപ്ലൈ, സിറ്റി റേഷനിങ് ഓഫീസ് പോര്‍ട്ടലിലേക്ക് സമര്‍പ്പിക്കുന്നതിന് സര്‍വീസ് ചാര്‍ജ്ജായി 25 രൂപയാണ് അക്ഷയ സെന്ററുകള്‍ ഈടാക്കേണ്ടത്. കോവിഡ് കാലത്ത് യഥാസമയം അദാലത്തുകളും ഫീല്‍ഡ് തല പരിശോധനയും നടത്താന്‍ കഴിയാതിരുന്നത് കണക്കിലെടുത്തും ഓരോ താലൂക്കിലും അര്‍ഹത വിഭാഗങ്ങള്‍ക്ക് മാര്‍ക്ക് നല്‍കുന്നത് വ്യത്യസ്ത രീതിയിലായത് അര്‍ഹരായവര്‍ക്ക് അവസരം നഷ്ടമാകാനിടയാക്കുന്നത് പരിഗണിച്ചുമാണ് ഏകീകൃത ഓണ്‍ലൈന്‍  സംവിധാനം ഏര്‍പ്പെടുത്തിയത്. എന്നാല്‍ അടിയന്തര പ്രാധാന്യമുള്ളതും ഗുരുതര മാനസിക ശാരീരിക വെല്ലുവിളികള്‍ നേരിടുന്നതുമായ അംഗങ്ങളുള്ള കുടുംബങ്ങളുടെ അപേക്ഷകള്‍ ഓഫീസുകളില്‍ നേരിട്ടും സ്വീകരിക്കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →