തിരുവനന്തപുരം : യുവ നടിയെ പീഡിപ്പിച്ച കേസില്‍ നടനും നിര്‍മാതാവുമായ വിജയ് ബാബുവിനെതിരെയുളള അറസ്റ്റ് വാറണ്ട് ഇന്റര്‍പോള്‍ യുഎഇ പോലീസിന് കൈമാറി. നടനെതിരെ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കുന്നതിന് മുന്നോടിയായാണ് നടപടി. കൊച്ചി സിറ്റി പോലീസ് നല്കിയ അപേക്ഷയിലാണ് നടപടി.
വിജയ് ബാബുവിനെതിരെ 2022 മെയ് 7ന് കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ഈ ഉത്തരവാണ് ഇന്റര്‍പോള്‍ വഴി യുഎഇ പോലീസിന് കൈമാറിയത്. അതേസമയം വിജയ് ബാബു യുഎഇയില്‍ എവിടെയാണ് എന്ന് പോലീസിന് കണ്ടെത്താനായിട്ടില്ല. ഒളിത്താവളം എവിടെയെന്ന് യുഎഇ പോലീസ് അറിയിക്കുന്നതനുസരിച്ചായിരിക്കും തുടര്‍ നടപടി.
ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് പലതവണ വിജയ് ബാബുവിന് പോലീസ് നോട്ടീസ് അയച്ചിരുന്നു. ഹാജരാകാതിരുന്നതിനെ തുടര്‍ന്നാണ് നടപടി. ഈ മാസം 19ന് ശേഷമേ ചോദ്യം ചെയ്യലിന് ഹാജരാനാകൂവെന്നായിരുന്നു വിജയ് ബാബുവിന്റെ നിലപാട്. ഇത് തളളിയ പോലീസ് കടുത്ത നപടികളിലേക്ക് നീങ്ങുകയായിരുന്നു. വിജയ് ബാബുവിനെതിരെ നേരത്തെ ഇന്റര്‍ പോളിന്റെ സഹായത്തോടെ പോലീസ് ബ്ലൂ കോണര്‍ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. അടുത്ത ദിവസങ്ങളില്‍ തന്നെ വിജയ് ബാബുവിനെതിരെ ഇന്റര്‍ പോള്‍ റെഡ് കോര്‍ണര്‍ നോട്ടീസ് പുറത്തിറക്കും.

