മലപ്പുറം: കൊണ്ടോട്ടി താലൂക്ക് ഓഫീസിന് അനുയോജ്യമായ സ്ഥലം കണ്ടെത്തുന്നതിന് ജില്ലാ കലക്ടര്‍ വി ആര് പ്രേംകുമാറിന്റെ നേതൃത്വത്തില്‍ അഞ്ച് അംഗ ഉദ്യോഗസ്ഥ സമിതിയെ നിയോഗിച്ചു. റവന്യൂ വകുപ്പ് മന്ത്രി കെ.രാജന്റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. മലപ്പുറം ബില്‍ഡിങ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍, സര്‍വേ ഡപ്യൂട്ടി ഡയറക്ടര്‍, ജില്ലാ ജിയോളജി ഓഫീസര്‍, കൊണ്ടോട്ടി തഹസില്‍ദാര്‍ എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങള്‍. ടി.വി ഇബ്രാഹീം എം.എല്‍.എയുടെ നിര്‍ദേശപ്രകാരം റവന്യൂ വകുപ്പ് മന്ത്രി വിളിച്ച് ചേര്‍ത്ത ഉന്നതതല യോഗത്തിലാണ് തീരുമാനം. സമിതി മാര്‍ച്ച് ആദ്യവാരം റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ഈ ആവശ്യം ഉന്നയിച്ച് സര്‍വകക്ഷി പ്രതിനിധിസംഘം എം.എല്‍.എയുടെ നേതൃത്വത്തില്‍ മന്ത്രിയെ നേരില്‍ കണ്ട് ചര്‍ച്ച നടത്തിയിരുന്നു.
നിലവില്‍ പരിഗണനയിലുള്ള മൂന്ന് സ്ഥലവും പരിശോധിച്ചാവും റിപ്പോര്‍ട്ട് സമര്‍പ്പിക്കുക. തിരുവനന്തപുരത്ത് റവന്യൂ മന്ത്രിയുടെ ഓഫീസില്‍ ചേര്‍ന്ന യോഗത്തില്‍ ടി.വി ഇബ്രാഹിം എം.എല്‍.എ, ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ കെ.ബിജു, ജില്ലാ കലക്ടര്‍ വി.ആര് പ്രേംകുമാര്‍, നഗരസഭാ ചെയര്‍പേഴ്സണ്‍ സി.ടി ഫാത്തിമത്ത് സുഹ്റ, വൈസ് ചെയര്മാന് സനൂപ്, സ്ഥിരം സമിതി ചെയര്മാന്മാരായ അഷ്റഫ് മടാന്‍, എ.മൊയ്തീന് അലി, ഡപ്യൂട്ടി കലക്ടര്‍ കെ.ലത, തഹസില്‍ദാര്‍ കെ.അബൂബക്കര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.



