തിരുവനന്തപുരം: കോട്ടയം സർക്കാർ മെഡിക്കൽ കോളേജിൽ കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ പൂർത്തിയായി. ശസ്ത്രക്രിയയ്ക്ക് ശേഷം മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ട് ഡോ. ജയകുമാർ, ഗ്യാസ്‌ട്രോഎൻട്രോളജി വിഭാഗം ഡോ. സിന്ധു തുടങ്ങി എല്ലാ ടീം അംഗങ്ങളേയും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് നേരിട്ടുകണ്ട് സംസാരിച്ചു. അവയവം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയിൽ സർക്കാർ മേഖലയിലെ നിർണായക ചുവടുവയ്പ്പാണിതെന്ന് മന്ത്രി പറഞ്ഞു. കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയായതിനാൽ അൽപനാൾ നിർണായകമാണ്.
തൃശൂർ സ്വദേശിയ്ക്കാണ് കരൾ മാറ്റിവെയ്ക്കൽ ശസ്ത്രക്രിയ നടത്തുന്നത്. അദ്ദേഹത്തിന് ഭാര്യയാണ് കരൾ പകുത്ത് നൽകുന്നത്. രാവിലെ 7 മണിക്കു മുൻപുതന്നെ കരൾ മാറ്റിവെയ്ക്കൽ ശസ്ത്രക്രിയയുടെ നടപടികൾ ആരംഭിച്ചിരുന്നു. അർദ്ധരാത്രിയോടെ ശസ്ത്രക്രിയ പൂർത്തിയാകും.
കരൾമാറ്റിവയ്ക്കൽ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട് സജ്ജീകരണങ്ങളൊരുക്കുന്നതിനായി മന്ത്രിയുടെ നേതൃത്വത്തിൽ പല തവണ യോഗം ചേർന്നിരുന്നു. കൂടാതെ ഇന്നലെ വൈകുന്നേരം ഡോ. ജയകുമാറുമായും ഗ്യാസ്‌ട്രോഎൻട്രോളജി വിഭാഗം ഡോ. സിന്ധുവുമായും നേരിട്ട് മന്ത്രി ആശയ വിനിമയം നടത്തി അവസാനഘട്ട ക്രമീകരണങ്ങൾ വിലയിരുത്തിയിരുന്നു.

