പനജി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോളിന്റെ എട്ടാം സീസണിനു നാളെ തുടക്കമാകും. ഫറ്റോര്‍ദയിലെ പണ്ഡിറ്റ് ജവാഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ വൈകിട്ട് 7.30 മുതല്‍ നടക്കുന്ന ആദ്യ മത്സരത്തില്‍ എ.ടി.കെ. മോഹന്‍ ബഗാന് കേരളാ ബ്ലാസ്റ്റേഴ്സിനെ നേരിടും. പുതിയ സീസണിലെ ഏറ്റവും വലിയ മാറ്റം ഐ.പി.എല്‍. ക്രിക്കറ്റിനു സമാനമായി വാരാന്ത്യത്തില്‍ ഡബിള്‍ ഹെഡറുകളുണ്ട്.
ശനിയാഴ്ച മാത്രമായിരുന്നു നേരത്തെ രണ്ടു മത്സരങ്ങള്‍. സാധാരണ ദിവസങ്ങളില്‍ കിക്കോഫ് 7.30 മുതലാണ്. ഡബിള്‍ ഹെഡറുകളുള്ള ദിവസം രണ്ടാമത്തെ കളി തുടങ്ങുന്നതു രാത്രി 9.30നായിരിക്കും. ഗോവയില്‍ തന്നെയാണ് ഇത്തവണയും മുഴുവന്‍ മത്സരങ്ങള്‍ നടക്കുക. മൂന്നു സ്റ്റേഡിയങ്ങളാണു വേദികള്‍. എട്ടാം സീസണില്‍ ആകെ 115 മത്സരങ്ങളുണ്ടാകു.
ഒന്നാംഘട്ട മത്സരങ്ങള്‍ അടുത്ത ജനുവരി ഒമ്പതിന് അവസാനിക്കും. ഫൈനല്‍ ഉള്‍പ്പെടെയുള്ള അടുത്ത ഘട്ടത്തിന്റെ ഫിക്സ്ചര്‍ ഡിസംബറില്‍ അറിയാം. നിലവിലെ ചാമ്പ്യന്‍ മുംബൈ സിറ്റിയുടെ ആദ്യ പോരാട്ടം എഫ്.സി. ഗോവയ്ക്കെതിരേ 22 നാണ് ഈ മല്‍സരം.
കൊല്‍ക്കത്ത ഡെര്‍ബി (എസ്.സി. ഈസ്റ്റ് ബംഗാള്‍ – എ.ടി.കെ. മോഹന്‍ ബഗാന്) 27 നാണ്. ഇതുവരെയുള്ള ചരിത്രമെടുത്താല്‍ കൂടുതല്‍ തവണ ചാമ്പ്യന്മാരായത് എ.ടി.കെയാണ്. മൂന്നു തവണ കൊല്‍ക്കത്തയില്‍ നിന്നുള്ള ടീം ജേതാക്കളായി.
രണ്ടു തവണ കിരീടമുയര്‍ത്തിയ ചെന്നയിന് എഫ്.സിയാണു പിന്നില്‍. ബംഗളുരു എഫ്.സിയും മുംബൈ സിറ്റിയും ഓരോ തവണയും കിരീടത്തില്‍ മുത്തമിട്ടു. 25 നു നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡുമായാണു ബ്ലാസ്റ്റേഴ്സിന്റെ രണ്ടാം മത്സരം. 28 ന് ബംഗളുരു എഫ്.സിയും ഡിസംബര്‍ അഞ്ചിന് ഒഡീഷ എഫ്.സിയും ഡിസംബര്‍ 12 ന് ഈസ്റ്റ് ബംഗാളും ഡിസംബര്‍ 19 നു മുംബൈ സിറ്റിയും ഡിസംബര്‍ 22 നു ചെന്നയിന് എഫ്.സിയും ഡിസംബര്‍ 26 നു ജംഷഡ്പൂര്‍ എഫ്.സിയും ജനുവരി രണ്ടിനു എഫ്.സി. ഗോവയും ജനുവരി ഒന്‍പതിന് ഹൈദരാബാദ് എഫ്.സിയും ബ്ലാസ്റ്റേഴ്സിനെ നേരിടും.

