റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഇരകളെ വേട്ടയാടിയ കാര്യത്തില്‍ ഗുജറാത്ത് കലാപവും സിഖ് വിരുദ്ധ കലാപവും സമാനമാണെന്ന് കപില്‍ സിബല്‍ സുപ്രിം കോടതിയില്‍

November 12, 2021 - 11:15 am

ന്യൂഡല്‍ഹി: ഇരകളെ വേട്ടയാടിയ കാര്യത്തില്‍ 2002ലെ ഗുജറാത്ത് കലാപവും 1984ലെ സിഖ് കലാപവും സമാനമാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും അഭിഭാഷകനുമായ കപില്‍ സിബല്‍ സുപ്രിം കോടതിയില്‍.

ഗുജറാത്ത് കലാപത്തില്‍ കൊല്ലപ്പെട്ട ഗുജറാത്ത് എംപി ഇഹ്‌സാന്‍ ജാഫ്രിയുടെ വിധവ സാക്കിയ ജാഫ്രിക്കു വേണ്ടി ഹാജരായതായിരുന്നു സിബല്‍. ഗുജറാത്ത് കലാപത്തേക്കുറിച്ചുള്ള അന്വേഷണം, പ്രത്യേക അന്വേഷണ സംഘം കൈകാര്യം ചെയ്തതിനെയും അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോദിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയതിനെയും ചോദ്യംചെയ്താണ് സാക്കിയ സുപ്രിം കോടതിയെ സമീപിച്ചത്.

മുന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ മരണത്തിനു ശേഷം ഡല്‍ഹിയില്‍ അരങ്ങേറിയ കലാപത്തിന്റെ സ്വഭാവം സിബല്‍ വിവരിച്ചു. ‘താന്‍ താമസിച്ചിരുന്നത് മഹാറാണി ബാഗിലായിരുന്നു. ജനക്കൂട്ടം നേരത്തെ തിരിച്ചറിഞ്ഞ രണ്ട് സിഖ് കുടുംബങ്ങളുടെ വീടുകള്‍ അവിടെയുണ്ടായിരുന്നു. അവര്‍ ആ വീടുകള്‍ക്കായി മാത്രമാണ് വന്നത്. അതുപോലെ, സമാനമായി, 2002ലെ ഗുജറാത്ത് കലാപ സമയത്ത് മുസ്‌ലിങ്ങളുടെ വീടുകള്‍ തിരിച്ചറിഞ്ഞ് ആക്രമിക്കപ്പെട്ടു’- സിബല്‍ കോടതിയില്‍ പറഞ്ഞു.

കലാപത്തിന്റെ അന്വേഷണം പ്രത്യേക അന്വേഷണ സംഘം കൈകാര്യം ചെയ്തതിനെയും അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോദിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയതിനെയും അദ്ദേഹം ചോദ്യം ചെയ്തു. ഗുജറാത്ത് കലാപം അന്വേഷിക്കാന്‍ രൂപവത്കരിച്ച പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) ഒരു അന്വേഷണവും നടത്തിയില്ലെന്നും സിബല്‍ ആരോപിച്ചു.

എസ്‌ഐടിയെ കുറിച്ച് അന്വേഷണം നടത്തണം. എസ്‌ഐടി അവരുടെ ജോലി ചെയ്തില്ല. വിഎച്ച്പി, ബജ്‌റംഗ് ദള്‍, ആര്‍എസ്എസ് എന്നീ സംഘടനകളുടെ അംഗങ്ങളെയും പ്രമുഖരെയും സംരക്ഷിക്കാന്‍ വേണ്ടി മാത്രമാണ് എസ്‌ഐടി പ്രവര്‍ത്തിച്ചതെന്നും സിബല്‍ കുറ്റപ്പെടുത്തി. ജസ്റ്റിസുമാരായ എ എം ഖാന്‍വില്‍ക്കര്‍, ദിനേശ് മഹേശ്വരി, സി ടി രവികുമാര്‍ എന്നിവരുടെ ബെഞ്ചാണ് കേസ് പരിഗണിച്ചത്.

‘അവര്‍ക്ക് അറിയാവുന്ന വസ്തുതകള്‍ക്ക് വിരുദ്ധമായ നിഗമനങ്ങളാണ്’ അവര്‍ സമര്‍പ്പിച്ചതെന്ന് മുന്‍ സിബിഐ മേധാവി ആര്‍കെ രാഘവന്റെ നേതൃത്വത്തില്‍ 2008ല്‍ സുപ്രിം കോടതി രൂപീകരിച്ച സംഘത്തെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.

പോലിസും എസ്‌ഐടിയും ‘സഹകരിക്കുകയും പ്രതിഫലം പറ്റുകയും ചെയ്‌തെന്നും സിബല്‍ ചൂണ്ടിക്കാണിച്ചു. എസ്‌ഐടി അധ്യക്ഷനെ സൈപ്രസിന്റെ ഹൈക്കമ്മിഷണറാക്കി. അഹമ്മദാബാദ് പോലിസ് മേധാവിയുടെ ഫോണ്‍ കോള്‍ റെക്കോഡുകള്‍, അദ്ദേഹം കുറ്റാരോപിതരുമായി സംസാരിച്ചിരുന്നെന്ന് വ്യക്തമാക്കുന്നതാണ്. എന്നിട്ടും അദ്ദേഹത്തെ പിന്നീട് ഗുജറാത്ത് ഡിജിപിയാക്കി- സിബല്‍ പറഞ്ഞു.കേസിന്റെ അടുത്തവാദം നവംബര്‍ 16ന് നടക്കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *