ഇടുക്കി: മക്കളുടെ അക്രമണത്തില്‍ നിന്നും രക്ഷപെടാന്‍ കോടതിയെ ആശ്രയിച്ച് മാതാപിതാക്കള്‍. ഇവര്‍ക്ക് സംരക്ഷണം ഉറപ്പാക്കാൻ കമ്പംമെട്ട് പൊലീസിനു കോടതി നിർദേശം നൽകി . ഇടുക്കി കരുണാപുരത്താണ് സംഭവം. മക്കളുടെ പീഡനം സഹിക്കാൻ കഴിയാതെ വന്നതോടെ പ്ലാസ്റ്റിക് ഷെഡിൽ നരക യാതനയിൽ കഴിയുകയാണ് 74 കാരനായ ചാക്കോയും 70 കാരിയായ ഭാര്യയും. കഴിഞ്ഞ ദിവസം ഷെഡിലെത്തിയ മകൻ അമ്മയുടെ കൈ തല്ലിയൊടിക്കുകയും ചെയ്തു. മക്കളുടെ പീഡനം സഹിക്കവയ്യാതെ മക്കളോടൊപ്പമുള്ള ജീവിതം മതിയാക്കി വീട് വിട്ട് ഇറങ്ങിയതായിരുന്നു. പിന്നെ ആറുമാസത്തിലധികം വാടകയ്ക്ക് താമസിച്ചു. വാടക കൊടുക്കാൻ പണമില്ലാതായപ്പോൾ അവിടെ നിന്നിറങ്ങി.
പെൻഷൻ തുക മിച്ചം പിടിച്ച പൈസകൊണ്ട് പ്ലാസ്റ്റിക് വള്ളിയും കമ്പും കൂട്ടിക്കെട്ടി ഷെഡുണ്ടാക്കി. കാറ്റും മഴയും വന്നാൽ ഷെഡ് ചോർന്നൊലിക്കും. ശുചിമുറിയില്ല. ഇതിനു പുറമെ തമിഴ്നാട് വനത്തിലെ വന്യജീവികളുടെ ഭീഷണിയും. ഈ നരക യാതനയ്ക്കിടെയാണ് മദ്യലഹരിയിലെത്തിയ മകൻ ബിനു അമ്മയുടെ കൈ തല്ലിയൊടിച്ചത്. ഇതോടെ ചാക്കോയും റോസമ്മയും കോടതിയെ സമീപിക്കുകയായിരുന്നു. ജയിലിൽ നിന്നും ഇറങ്ങിയാൽ കൊല്ലുമെന്നാണ് മകന്റെ ഭീഷണി.



