റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാന ഹജ്ജ് കമ്മിറ്റി പുന:സംഘടനയില്‍ നിന്നും ഐഎന്‍എല്‍ പുറത്ത്. സി മുഹമ്മദ് ഫൈസി ചെയര്‍മാനായ ഹജ്ജ് കമ്മിറ്റിയുടെ കാലാവധി കഴിഞ്ഞ മാസം അവസാനിച്ച സാഹചര്യത്തിലായിരുന്നു പുനഃസംഘടന. എന്നാല്‍ ഇത്തവണ എല്‍ഡിഎഫ് ഘടക കക്ഷിയായ ഐഎന്‍എല്ലിന് കമ്മിറ്റിയില്‍ പ്രാതിനിധ്യം നല്‍കാന്‍ എല്‍ഡിഎഫ് തയ്യാറായിട്ടില്ല. പുനഃസംഘടന നടന്നപ്പോള്‍ നേരത്തെ ഉണ്ടായിരുന്ന ഐഎന്‍എല്‍ പ്രതിനിധിയെ ഒഴിവാക്കുന്ന നിലയാണ് ഉണ്ടായത്.

2006 മുതല്‍ തുടര്‍ച്ചയായി ഐഎന്‍എല്ലിന് ഹജ്ജ് കമ്മിറ്റിയില്‍ പ്രാതിനിധ്യം ഉണ്ടായിരുന്നു. നീലേശ്വരം നഗരസഭാ കൗണ്‍സിലര്‍ ഷംസുദ്ദീന്‍ അരിയിഞ്ചറയായിരുന്നു മുന്‍ കമ്മിറ്റിയില്‍ ഐഎന്‍എല്‍ പ്രതിനിധി. ഇദ്ദേഹം ഉള്‍പ്പെടെ ആരെയും ഇത്തവണ പരിഗണിക്കാതെയാണ് സംസ്ഥാന ഹജ്ജ് കമ്മിറ്റി പുനഃസംഘടിപ്പിച്ച് സര്‍ക്കാര്‍ തീരുമാനം വന്നത് ഇതു സംബന്ധിച്ച വിജ്ഞാപനം ഉടന്‍ പുറത്തിറങ്ങും.

സംസ്ഥാന ഹജ്ജ് കമ്മിറ്റി പുന:സംഘടിപ്പിച്ച് ഉത്തരവായ വിവരം മന്ത്രി വി അബ്ദുറഹ്മാന്‍ ആണ് അറിയിച്ചത്. സംസ്ഥാന വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ ടി കെ ഹംസ, പി വി അബ്ദുള്‍ വഹാബ് എം.പി, പി ടി എ റഹീം എംഎല്‍എ, മുഹമ്മദ് മുഹ്‌സിന്‍ എംഎല്‍എ, എ സഫര്‍ കായല്‍, പി ടി അക്ബര്‍, പി പി മുഹമ്മദ് റാഫി, സി മുഹമ്മദ് ഫൈസി, ഡോ. ബഹാവുദ്ദീന്‍ മുഹമ്മദ് നദ് വി, അഡ്വ. മൊയ്തീന്‍ കുട്ടി, കെ പി സുലൈമാന്‍ ഹാജി, കടയ്ക്കല്‍ അബ്ദുള്‍ അസീസ് മൗലവി, കെ എം മുഹമ്മദ് കാസിം കോയ, ഐ പി അബ്ദുള്‍ സലാം, ഡോ. പി എ സയ്യദ് മുഹമ്മദ് എന്നിവരാണ് അംഗങ്ങള്‍. എക്‌സ് ഒഫീഷ്യോ അംഗമായി മലപ്പുറം ജില്ലാ കലക്ടറും കമ്മിറ്റിയിലുണ്ട്.

പുതിയ കമ്മിറ്റിയുടെ ആദ്യ യോഗത്തില്‍ പുതിയ ചെയര്‍മാനെ തെരഞ്ഞെടുക്കും. കഴിഞ്ഞ മാസം കാലാവധി പൂര്‍ത്തിയായ കമ്മിറ്റിയുടെ ചെയര്‍മാനും എ.പി സുന്നി വിഭാഗത്തിന്റെ പ്രതിനിധിയുമായ സി മുഹമ്മദ് ഫൈസി തന്നെ വീണ്ടും ചെയര്‍മാനാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

അതേസമയം, അടുത്തിടെ സംസ്ഥാനത്ത് ഐഎന്‍എല്ലുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദങ്ങളാണ് ഇത്തരമൊരു നിലപാട് സ്വീകരിക്കാന്‍ എല്‍ഡിഎഫിനെ പ്രേരിപ്പിച്ചത് എന്നാണ് വിലയിരുത്തല്‍. സംസ്ഥാനത്തെ ഇടത് മുന്നണിയെ പ്രതിരോധത്തിലാക്കുന്ന നിലപാട് സ്വീകരിക്കരുത് എന്ന് നേതൃത്വം താക്കീത് നല്‍കിയിട്ടും തെരുവില്‍ തമ്മിലടിക്കുന്ന നിലയിലേക്ക് പാര്‍ട്ടിയിലെ പ്രശ്‌നങ്ങള്‍ നീണ്ടത് നേതാക്കളില്‍ വലിയ അതൃപ്തി ഉണ്ടാക്കിയിരുന്നു. പ്രവര്‍ത്തകരുള്‍പ്പെടെ തെരുവില്‍ തല്ലിയതിന് പിന്നാലെ ഐഎന്‍എല്‍ പിളര്‍ന്ന സാഹചര്യം ഉണ്ടായതും ഹജ്ജ് കമ്മിറ്റിയില്‍ നിന്നും പാര്‍ട്ടി പ്രതിനിധികള്‍ പുറത്ത് പോവുന്ന നിലയുണ്ടായി. അതിനിടെ, ഇടത് സ്വതന്ത്ര്യ സ്ഥാനാര്‍ത്ഥിയായി മത്സരിച്ച കെ പി സുലൈമാന്‍ ഹാജി പുനഃസംഘടനയില്‍ കമ്മിറ്റിയില്‍ ഇടം പിടിച്ചിട്ടുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *