തിരുവനന്തപുരം : കുടുംബശ്രീക്ക് കീഴിലുളള ഹോട്ടലുകളും കഫേകളും ഉള്‍പ്പെടുത്തി കുടുംബശ്രീ ഓണ്‍ലൈന്‍ ഭക്ഷ്യ വിതരണ രംഗത്തേക്ക് പ്രവേശിക്കുന്നു. ” അന്നശ്രീ” എന്ന മൊബൈല്‍ ആപ്ലിക്കേഷനിലൂടെ ഇനിമുതല്‍ നിങ്ങള്‍ക്ക് മൊബൈലില്‍ ഭക്ഷ്യവിഭവങ്ങള്‍ ഓര്‍ഡര്‍ ചെയ്യാം. സംസ്ഥാനത്തെ മുഴുവന്‍ കുടുംബശ്രീ ഹോട്ടലുകളെയും കോര്‍ത്തിണക്കിയാണ് പദ്ധതി നടപ്പിലാക്കുന്നത്. ആപ്പിന്റെ കണ്ണൂര്‍ ജില്ലാ തല ഉദ്‌ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിവി ദിവ്യ നിര്‍വഹിച്ചു.
ആദ്യഘട്ടത്തില്‍ മുനിസിപ്പല്‍ പരിധിയില്‍ മാത്രമാണ് വിതരണ സൗകര്യമൊരുക്കുക. കണ്ണൂര്‍ താവക്കരയില്‍ പ്രവര്‍ത്തിക്കുന്ന കഫേശ്രീയിലെ വിഭവങ്ങളാണ് ആപ്പിലൂടെ ലഭ്യമാവുക വരും ദിവസങ്ങളില്‍ ജില്ലയിലെ എല്ലാ കുടുംബശ്രീ ഹോട്ടലുകളേയും ചേര്‍ത്ത് ജില്ലയിലുടനീളം ഭക്ഷണ വിതരണ സൗകര്യം ഉറപ്പാക്കും. കൂടാതെ കുടുംബശ്രീ അംഗങ്ങളായ വീട്ടമ്മമാരെയും പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഹോം കിച്ചന്‍ എന്ന സംവിധാനവും ആപ്ലിക്കേഷനില്‍ ലഭ്യമാക്കും .
ഭക്ഷണത്തിന് പുറമേ ഗ്രോസറി വിഭാഗവും പ്രവര്‍ത്തിപ്പിക്കും. പച്ചക്കറി, പാല്‍,മുട്ട, മത്സ്യം, മാംസം എന്നിവ ഗ്രോസറിയില്‍ നിന്നും ലഭ്യമാവും.മൊബൈലില്‍ പ്ലേസ്‌റ്റോറില്‍ നിന്ന് അന്നശ്രീ ആപ്പ് ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിയും. തുറന്നുവരുന്ന പേജില്‍ അന്നേദിവസത്തെ സ്‌പെഷ്യല്‍ വിഭവങ്ങലും അതിന്റെ വിലയും ലഭ്യമാവും .റസ്‌റ്ററന്റ് , ഹോംകിച്ചന്‍,ക്ലൗഡ്‌കിച്ചന്‍ എന്നിങ്ങനെ മൂന്നുവിഭാഗങ്ങളാണ് പേജില്‍ കാണാന്‍ സാധിക്കുക
വീടുകളില്‍ നിന്നും ഹോട്ടലുകളില്‍നിന്നും പാചകം ചെയ്യുന്ന വിഭവങ്ങള്‍ ഒരു സ്ഥലത്ത് കേന്ദ്രീകരിച്ച് വിതരണം ചെയ്യുന്നതാണ് ക്ലൗഡ് കിച്ചന്‍ സംവിധാനം. മുന്‍കൂട്ടി ബുക്കുചെയ്യാനുളള ‘ഷെഡ്യൂള്‍ ഓര്‍ഡര്‍’ എന്ന സംവിധാനവും ആപ്പില്‍ ഒരുക്കിയിട്ടുണ്ട്. ഇതുവഴി ബള്‍ക്ക് ബുക്കിംഗ് ചെയ്യാവുന്നതാണ്. കുടുംബ ശ്രീ പ്രവര്‍ത്തകര്‍ തന്നെയാണ് ഓര്‍ഡര്‍ വീടുകളില്‍ എത്തിച്ചു നല്‍കുക. കുടുംബശ്രീ കാറ്ററിംഗ് മേഖല സംസ്ഥാന പരിശീലന സ്ഥാപനമായ ഐഫ്രം ആണ് ആപ്ലിക്കേഷന്‍ വികസിപ്പിച്ചെടുത്തത്.

