റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഓര്‍ത്തഡോക്‌സ് സഭാധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ വിടവാങ്ങി

എറണാകുളം: ഓർത്തഡോക്സ് സഭാ അധ്യക്ഷൻ ബസേലിയോസ് മാർത്തോമ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവ (75) അന്തരിച്ചു. അര്‍ബുദ ബാധിതനായി പരുമല സെന്റ് ഗ്രിഗോറിയോസ് ആശുപത്രിയില്‍ ചികിത്സയിലായിലിരിക്കെയാണ് 12/07/2021 തിങ്കളാഴ്ച പുലര്‍ച്ചെ 2.30ന് അന്ത്യം. കഴിഞ്ഞ ദിവസങ്ങളിൽ ആരോഗ്യ സ്ഥിതി മോശമായിരുന്ന ബാവയുടെ ചികിത്സ വെന്‍റിലേറ്ററിലായിരുന്നു തുടർന്നിരുന്നത്. സംസ്കാരം 13/07/2021 ചൊവ്വാഴ്ച വൈകിട്ട് 3ന് ദേവലോകം കാതോലിക്കേറ്റ് അരമനയിൽ കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചായിരിക്കും നടത്തുക.

2019 ഡിസംബറിലാണ് ബാവയ്ക്ക് ക്യാൻസർ രോഗം സ്ഥിരീകരിച്ചത്. പിന്നീട് വിദേശത്തും മറ്റുമായി ചികിത്സയ്ക്കായി നിരവധി യാത്രകൾ അദ്ദേഹം നടത്തി. ആരോഗ്യനില വഷളായതോടെ കഴിഞ്ഞ ഒരു വർഷമായി സഭയുടെ നിയന്ത്രണത്തിലുള്ള പരുമല ആശുപത്രിയിലായിരുന്നു ബാവയുടെ താമസം. തൻ്റെ ആരോഗ്യനില മോശമായതിനാൽ പിൻഗാമിയെ കണ്ടെത്താൻ സഭയുടെ കഴിഞ്ഞ സിനഡിൽ ബാവ ആവശ്യപ്പെട്ടിരുന്നു. ഇതിനുള്ള പ്രാഥമിക നടപടികൾ പുരോഗമിക്കുന്നതിനിടെയാണ് ബാവയുടെ വിയോഗം.

ഓര്‍ത്തഡോക്‌സ് സഭാ അധ്യക്ഷനും മലങ്കര മെത്രാപ്പോലീത്തയുമായ അദ്ദേഹം തൃശൂര്‍ കുന്നംകുളത്താണ് ജനിച്ചത്. തൃശൂര്‍ സെന്‍റ് തോമസ് കോളേജില്‍ നിന്ന് ബിഎസ് സിയും കോട്ടയം സിഎംഎസ് കോളേജില്‍ നിന്ന് എംഎയും കരസ്ഥമാക്കിയ അദ്ദേഹം 1973-ലാണ് ശെമ്മാശപ്പട്ടവും വൈദീകപ്പട്ടവും നേടുന്നത്.

പിന്നീട് സഭയുടെ നേതൃത്വത്തിലേക്ക് പടിപടിയായി ഉയർന്ന അദ്ദേഹം 2010 നവംബര്‍ ഒന്നിന്  ബസേലിയോസ് മാർത്തോമാ ദിദിമോസ് പ്രഥമൻ സ്ഥാനത്യാഗം ചെയ്തതിനെത്തുടര്‍ന്ന് സഭാധ്യക്ഷനായി. ലോകമെമ്പാടുമുള്ള മുപ്പത് ലക്ഷം വരുന്ന ഓര്‍ത്തഡോക്സ് സമൂഹത്തിന്‍റെ മെത്രാപ്പൊലീത്തയും കാതോലിക്കയുമായിരുന്നു ബസേലിയോസ് മാര്‍ത്തോമാ പൗലോസ് ദ്വിതീയൻ.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

One Comment on “ഓര്‍ത്തഡോക്‌സ് സഭാധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ വിടവാങ്ങി”

Leave a Reply

Your email address will not be published. Required fields are marked *