ന്യൂഡല്‍ഹി: കോവിഡ് ബാധിച്ചു മരിച്ചവരുടെ കുടുംബങ്ങള്‍ക്കു നാലു ലക്ഷം രൂപ സഹായധനം നല്‍കാന്‍ നിര്‍ദേശിക്കണമെന്ന ഹര്‍ജി സുപ്രീം കോടതി വിധി പറയാന്‍ മാറ്റി. നഷ്ടപരിഹാരം നല്‍കുന്നത് പ്രായോഗികമല്ലെന്നാണു കേന്ദ്ര സര്‍ക്കാരിന്റെ നിലപാട്.
വാദമുഖങ്ങളുടെ സംക്ഷിപ്ത രൂപം മൂന്നു ദിവസത്തിനകം രേഖാമൂലം സമര്‍പ്പിക്കാന്‍ കക്ഷികളോട് ആവശ്യപ്പെട്ടു. കോവിഡ് മരണങ്ങള്‍ക്കു സര്‍ട്ടിഫിക്കറ്റ് നല്‍കാനുള്ള നടപടിക്രമങ്ങള്‍ ലഘൂകരിക്കാന്‍ കേന്ദ്ര സര്‍ക്കാരിനു നിര്‍ദേശം നല്‍കി.
കോവിഡ് വന്‍ദുരന്തമാണെന്നും മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്കു ദുരന്തനിവാരണ നിയമത്തിന്റെ 12-ാം വകുപ്പ് പ്രകാരം സഹായധനം നല്‍കാന്‍ നിര്‍ദേശിക്കണമെന്നുമാണു ഹര്‍ജിയിലെ ആവശ്യം. ഈ വകുപ്പ് പ്രകൃതിദുരന്തങ്ങളുടെ കാര്യത്തില്‍ മാത്രമാണു ബാധകമെന്നും ദുരന്തനിവാരണ നിധിയിലെ പണം നഷ്ടപരിഹാരം നല്‍കാനായി മാറ്റിയാല്‍ കോവിഡിനെ നേരിടുന്നതിനടക്കം കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ കൈവശം പണമുണ്ടാകില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു.



