തിരുവനന്തപുരം: ബന്ധുനിയമനവിവാദത്തില്‍ മന്ത്രി കെ ടി ജലീല്‍ രാജിവെച്ചതിന് പിന്നാലെ സംസ്ഥാന സര്‍ക്കാരിനും മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്. ന്യൂനപക്ഷ കോര്പറേഷന് ജനറല്‍ മാനേജര്‍ തസ്തികയിലേക്ക് ജലീലിന്റെ യോഗ്യതയില്ലാത്ത ബന്ധുവിനെ നിയമിച്ചതിന് മന്ത്രിക്കൊപ്പം മുഖ്യമന്ത്രിയും രാജി വെക്കണമെന്ന് സുരേന്ദ്രൻ 13/04/21 ചൊവ്വാഴ്ച ആവശ്യപ്പെട്ടു.
മന്ത്രി രാജിവെച്ച സ്ഥിതിക്ക് കയ്യൊഴിയാന്‍ മുഖ്യമന്ത്രിക്കാകില്ല. മുഖ്യമന്ത്രിയുടെ അറിവോടെയാണ് അനധികൃത നിയമനത്തിന് വേണ്ടി യോഗ്യതയില്‍ മാറ്റം വരുത്തിയത്. മുഖ്യമന്ത്രിക്കും ജലീലിനും ഇക്കാര്യത്തില്‍ തുല്യപങ്കാണുള്ളതെന്നും സുരേന്ദ്രന് പ്രസ്താവനയില്‍ പറഞ്ഞു.



