ന്യൂഡൽഹി / 2026 / ഓഗസ്റ്റ് 13
ഗുജറാത്തിലെ ഗാന്ധിനഗർ ലോക്സഭാ മണ്ഡലത്തിലെ ലൈബ്രറികളെ പരസ്പരം ബന്ധിപ്പിക്കുന്ന ‘ഗ്രാമീണ ജ്ഞാന സേതു’ ആപ്പ് കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി അമിത് ഷാ വീഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനം ചെയ്തു. ഓരോ ഗ്രാമത്തിലും കുട്ടികൾക്ക് എളുപ്പത്തിൽ എത്താവുന്ന ലൈബ്രറി ഒരുക്കി വായനാശീലം വളർത്തുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. നിലവിൽ 752 ലൈബ്രറികൾ ആപ്പുമായി ബന്ധിപ്പിച്ചിട്ടുണ്ട്.
പദ്ധതിയുടെ ആശയം താൻ മുന്നോട്ടുവച്ചതാണെന്നും മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലും ഗുജറാത്ത് സർക്കാരും ശാസ്ത്രീയമായ രീതിയിൽ അത് വികസിപ്പിച്ചെന്നും അമിത് ഷാ പറഞ്ഞു. ഗാന്ധിനഗർ, കലോൽ, സാനന്ദ് നിയമസഭാ മണ്ഡലങ്ങളിലെ എല്ലാ ഗ്രാമങ്ങളിലും അയ്യായിരം മുതൽ ആറായിരം വരെ പുസ്തകങ്ങളുള്ള ചെറിയ ലൈബ്രറികൾ ഒരുക്കാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. കുട്ടികൾക്കും യുവാക്കൾക്കും വായനയോടുള്ള താൽപര്യം വർധിപ്പിക്കുന്ന പുസ്തകങ്ങളുടെ പട്ടികയും അദ്ദേഹം തയ്യാറാക്കിയിട്ടുണ്ട്.
ദേശീയ ലൈബ്രറി ദിനമായി ആചരിക്കുന്ന എസ്. ആർ. രംഗനാഥന്റെ ജന്മവാർഷിക ദിനത്തിലാണ് പദ്ധതി ആരംഭിച്ചത്. ഗ്രാമങ്ങളിൽ നിന്ന് വലിയ പുസ്തകശേഖരങ്ങളിലേക്ക് കുട്ടികൾക്ക് പ്രവേശനം നൽകുന്ന സംവിധാനമായാണ് പദ്ധതി വികസിപ്പിക്കുന്നത്. ഭാവിയിൽ കൂടുതൽ സ്ഥാപനങ്ങളെയും ലൈബ്രറികളെയും ഓൺലൈനായി ബന്ധിപ്പിച്ച് സാങ്കേതികവിദ്യയുടെ സഹായത്തോടെ വിദ്യാർഥികൾക്കും വായനക്കാർക്കും കൂടുതൽ പുസ്തകങ്ങൾ ലഭ്യമാക്കാനാണ് ലക്ഷ്യം.
2.80 ലക്ഷം പുസ്തകങ്ങൾ ഇനി ഗ്രാമങ്ങളിലേക്കും
നാല് വലിയ ലൈബ്രറികളിലായി ഉള്ള 2.80 ലക്ഷം പുസ്തകങ്ങളാണ് ഗ്രാമീണ ലൈബ്രറികളുമായി ബന്ധിപ്പിച്ചിരിക്കുന്നത്. ഗ്രാമത്തിലെ ചെറിയ ലൈബ്രറിയിൽ ആറായിരത്തോളം പുസ്തകങ്ങൾ മാത്രമുണ്ടെങ്കിലും പുതിയ സംവിധാനത്തിലൂടെ കുട്ടികൾക്ക് ഈ വലിയ ശേഖരത്തിൽ നിന്ന് പുസ്തകങ്ങൾ തിരഞ്ഞെടുക്കാം. കൗമാരക്കാർക്കും യുവാക്കൾക്കും തൊഴിൽ വളർച്ചയ്ക്കും സംസ്ഥാന, ദേശീയതല മത്സരപരീക്ഷകൾക്കും സഹായിക്കുന്ന പുസ്തകങ്ങളും ലഭ്യമാക്കും.
രണ്ടാഴ്ച കൂടുമ്പോൾ പുസ്തകവുമായി വാൻ എത്തും
എംപി പ്രാദേശിക വികസന നിധി ഉപയോഗിച്ച് ഒരുക്കിയ വാനുകളാണ് പുസ്തകവിതരണം നടത്തുക. രണ്ടാഴ്ച കൂടുമ്പോൾ ഇവ ഗ്രാമങ്ങളിലെത്തും. നേരത്തെ നൽകിയ പുസ്തകങ്ങൾ തിരികെ വാങ്ങുകയും ആപ്പിലൂടെ ആവശ്യപ്പെട്ട പുതിയ പുസ്തകങ്ങൾ ഗ്രാമീണ ലൈബ്രറികളിൽ എത്തിക്കുകയും ചെയ്യും.
ചരിത്രവും മത്സരപരീക്ഷാ പുസ്തകങ്ങളും ഗ്രാമത്തിൽ
ഗുജറാത്തിന്റെ ചരിത്രം, രാജ്യത്തിന്റെ ചരിത്രം, സ്വാതന്ത്ര്യസമരം, 1857ലെ വിപ്ലവം എന്നിവയെക്കുറിച്ചുള്ള പുസ്തകങ്ങളും ഗ്രാമങ്ങളിൽ ലഭ്യമാക്കും. കുട്ടികളിൽ വായനാശീലം വളരാൻ മാതാപിതാക്കളുടെ പ്രോത്സാഹനവും ആവശ്യമാണെന്ന് അമിത് ഷാ പറഞ്ഞു. നല്ല ലൈബ്രേറിയന്മാരുടെ മാർഗനിർദേശം കുട്ടികളെയും യുവാക്കളെയും അറിവുള്ള പൗരന്മാരാക്കി വളർത്തുന്നതിൽ പ്രധാന പങ്കുവഹിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സ്വന്തം വായനാനുഭവവും പങ്കുവെച്ച് അമിത് ഷാ
മാൻസയിലെ മഹാത്മാഗാന്ധി ലൈബ്രറിയിൽ 16 വർഷം വായന നടത്തിയ അനുഭവവും അമിത് ഷാ പങ്കുവെച്ചു. പിന്നീട് അഹമ്മദാബാദിലെത്തിയപ്പോൾ ഗുജറാത്ത് വിദ്യാപീഠ് ലൈബ്രറിയുമായി ബന്ധപ്പെട്ടു. കാകാസാഹേബ് കാലേൽക്കർ രൂപപ്പെടുത്തിയ ആ ലൈബ്രറിയിലെ വായന തന്റെ പഠനശീലം വളർത്തുന്നതിൽ വലിയ പങ്കുവഹിച്ചെന്നും അദ്ദേഹം പറഞ്ഞു.
കൂടുതൽ സ്ഥാപനങ്ങളെ ബന്ധിപ്പിക്കാൻ ലക്ഷ്യം
സസ്തു സാഹിത്യ മണ്ഡൽ, ഗീത പ്രസ്സ്, ഭൂപൻ ഹസാരിക ഇൻസ്റ്റിറ്റ്യൂട്ട്, തിരുവള്ളുവർ ഇൻസ്റ്റിറ്റ്യൂട്ട് തുടങ്ങിയ സ്ഥാപനങ്ങളെ ഗാന്ധിനഗർ ജില്ലയിലെയും പിന്നീട് ഗുജറാത്തിലാകെയുമുള്ള ലൈബ്രറികളുമായി ഓൺലൈനായി ബന്ധിപ്പിക്കണമെന്നാണ് അമിത് ഷായുടെ ലക്ഷ്യം. ഒഴിവുസമയം അറിവ് നേടാനും കുട്ടികളെ പഠനത്തിലേക്ക് പ്രോത്സാഹിപ്പിക്കാനും വീട്ടമ്മമാരോടും അദ്ദേഹം അഭ്യർഥിച്ചു.
.