പ്രധാന വിവരങ്ങൾ
- തമിഴ്നാട്ടിൽ കോൺഗ്രസ് ടിവികെയെ പിന്തുണച്ചതോടെ ഡിഎംകെ ഇന്ത്യ മുന്നണിയിൽ നിന്ന് അകന്നു.
- പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസിൽ വലിയ വിമതനീക്കം ഉയർന്നതായി റിപ്പോർട്ടുകൾ.
- ശിവസേന (യുബിടി)യിൽ 6 എംപിമാരും നിരവധി എംഎൽഎമാരും വിമതരാകുമെന്ന അഭ്യൂഹം ശക്തമാണ്.
- സമാജ്വാദി പാർട്ടിയിൽ പിളർപ്പാരോപണം ഉയർന്നെങ്കിലും നേതാക്കൾ അത് നിഷേധിച്ചു.
- കോൺഗ്രസ് ഒഴികെയുള്ള ഇന്ത്യ മുന്നണി ഘടകകക്ഷികളിൽ രാഷ്ട്രീയ അനിശ്ചിതത്വം വർധിക്കുന്നതായി വിലയിരുത്തൽ.
ന്യൂഡൽഹി :2026 ജൂൺ 17
കോൺഗ്രസ് ഒഴികെ പ്രതിപക്ഷ നിരയിലെ പാർട്ടികളിൽ ഉരുൾപൊട്ടൽ തുടരുകയാണ്.തൃണമൂൽ, സമാജ് വാദിപാർട്ടി, ശിവസേന ഉദ്ദവതാക്കറെ വിഭാഗം എന്നിവിടങ്ങളിൽ ഭിന്ന സ്വരം ശക്തമായിരിക്കുന്നു.
പാർലമെന്ററി പാർട്ടികളിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം പിളർന്ന പാർലമെന്റിലും നിയമസഭയിലും പ്രത്യേക ബ്ലോക്ക് ആയിരിക്കുവാൻ തീരുമാനിക്കുകയും പൊതുവിൽ എൻഡിഎയെ പിന്തുണയ്ക്കുകയും ചെയ്യുന്നതാണ് കാഴ്ച.
ആസാം ബംഗാൾ കേരളം തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിൽ നടന്ന തെരഞ്ഞെടുപ്പിന് ശേഷമാണ് ഈ പ്രവണത ശക്തമായിരിക്കുന്നത്.എല്ലായിടത്തും ഇന്ത്യ മുന്നണി തിരിച്ചടി നേരിട്ടു ,കേരളം ഒഴികെ.ഇതിനുശേഷം കോൺഗ്രസ് ഒഴികെ ഇന്ത്യ സഖ്യത്തിലെ രണ്ടാംനിര പാർട്ടികളിൽ രാഷ്ട്രീയ അരക്ഷിതത്വം അനുഭവപ്പെട്ടു തുടങ്ങിയിരിക്കുന്നു.
തമിഴ്നാട്ടിൽ കോൺഗ്രസ് തന്നെ ഇന്ത്യ മുന്നണി ഇല്ലാതാക്കി
2026 തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് ഇന്ത്യ മുന്നണി താരതമ്യേന ശക്തമായ നിലയിലായിരുന്നു. തമിഴ്നാട്ടിൽ ഡിഎംകെ, കോൺഗ്രസ്, സിപിഎം, സിപിഐ, വിസികെ, മുസ്ലിം ലീഗ് തുടങ്ങി നിരവധി കക്ഷികൾ ഒരേ മുന്നണിയിൽ മത്സരിച്ചു. 2024 ലോക്സഭാ തെരഞ്ഞെടുപ്പിൽ തമിഴ്നാട്ടിലെ 39 സീറ്റുകളും ഈ സഖ്യം നേടിയിരുന്നു. ദേശീയതലത്തിൽ ഡിഎംകെ ഇന്ത്യ മുന്നണിയുടെ ഏറ്റവും ശക്തമായ പ്രാദേശിക പങ്കാളികളിൽ ഒന്നായി കണക്കാക്കപ്പെട്ടു.
തിരഞ്ഞെടുപ്പിന് ശേഷം സ്ഥിതി മാറിയത്
എന്നാൽ 2026 തെരഞ്ഞെടുപ്പിൽ ഡിഎംകെ മുന്നണി പരാജയപ്പെട്ടതോടെ സ്ഥിതി മാറി. വിജയിയുടെ ടിവികെ 108 സീറ്റുകളുമായി ഏറ്റവും വലിയ കക്ഷിയായപ്പോൾ, ഡിഎംകെ മുന്നണി 73 സീറ്റിലേക്ക് ചുരുങ്ങി. ഭരണം രൂപീകരിക്കാൻ ആവശ്യമായ പിന്തുണ നൽകാൻ കോൺഗ്രസ് ഡിഎംകെയെ വിട്ട് ടിവികെയോടൊപ്പം ചേർന്നു. തുടർന്ന് കോൺഗ്രസ് പുതിയ സർക്കാരിൽ പങ്കാളിയാവുകയും ചെയ്തു.
ഇന്ത്യ മുന്നണിക്കേറ്റ ആഘാതം
കോൺഗ്രസിന്റെ ഈ തീരുമാനം ഡിഎംകെ നേതൃത്വത്തെ ശക്തമായി ചൊടിപ്പിച്ചു. കോൺഗ്രസ് “പുറകിൽ കുത്തി” എന്നാണ് ഡിഎംകെ പരസ്യമായി ആരോപിച്ചത്. പിന്നീട് ഡിഎംകെ ഇന്ത്യ മുന്നണി യോഗം ബഹിഷ്കരിക്കുകയും കോൺഗ്രസ് നേതൃത്വത്തിനെതിരെ കടുത്ത വിമർശനം ഉയർത്തുകയും ചെയ്തു. ഡിഎംകെ ഇനി മുന്നണിയുടെ ഭാഗമല്ലെന്ന നിലപാടും വ്യക്തമാക്കി.
ഇന്ത്യ മുന്നണി ,പ്രതിപക്ഷം,സ്വന്തം പാർട്ടിയിലെ നേതാക്കൾ എല്ലാവരോടും മമത പറഞ്ഞത് കടക്കൂ പുറത്ത് എന്ന്.എല്ലാവരും തിരിച്ചു മമതയോട് അതുതന്നെ പറഞ്ഞു.
2026ലെ പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പ് സംസ്ഥാന രാഷ്ട്രീയത്തിന്റെ ചരിത്രം തന്നെ മാറ്റിമറിച്ച ഫലമാണ് സമ്മാനിച്ചത്. 294 സീറ്റുകളുള്ള നിയമസഭയിൽ ബിജെപി 207 സീറ്റുകൾ നേടി മൂന്നിൽ രണ്ട് ഭൂരിപക്ഷത്തിലധികം നേടി അധികാരത്തിലെത്തി. 2011 മുതൽ തുടർച്ചയായി ഭരിച്ചിരുന്ന മമതാ ബാനർജിയുടെ തൃണമൂൽ കോൺഗ്രസ് 80 സീറ്റിലേക്ക് ചുരുങ്ങി. 2021ൽ 215 സീറ്റുണ്ടായിരുന്ന പാർട്ടിക്ക് 135 സീറ്റുകളുടെ നഷ്ടമാണ് ഉണ്ടായത്. ബിജെപിയുടെ സീറ്റ് നില 77ൽ നിന്ന് 207 ആയി ഉയർന്നു. മുഖ്യമന്ത്രി മമതാ ബാനർജി സ്വന്തം മണ്ഡലമായ ഭവാനിപുരിലും പരാജയപ്പെട്ടു. 15 വർഷത്തെ തൃണമൂൽ ഭരണത്തിന് വിരാമമിട്ട് സുവേന്ദു അധികാരി മുഖ്യമന്ത്രിയായി അധികാരമേറ്റു.
തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ തൃണമൂൽ കോൺഗ്രസിൽ വലിയ ആഭ്യന്തര പ്രതിസന്ധി രൂപപ്പെട്ടു. ആദ്യം നിയമസഭാ കക്ഷിയിലാണ് ഭിന്നത പൊട്ടിപ്പുറപ്പെട്ടത്. പിന്നീട് ലോക്സഭാ കക്ഷിയിലേക്കും അത് വ്യാപിച്ചു. 28 ലോക്സഭാ എംപിമാരിൽ 19 പേരുടെ പിന്തുണ തങ്ങൾക്കുണ്ടെന്ന് വിമതവിഭാഗം അവകാശപ്പെട്ടു. തുടർന്ന് 20 ലോക്സഭാ എംപിമാർ പ്രത്യേക ഗ്രൂപ്പായി അംഗീകാരം നൽകണമെന്ന് ലോക്സഭാ സ്പീക്കറോട് ആവശ്യപ്പെട്ടതായി റിപ്പോർട്ടുകൾ പുറത്തുവന്നു. രാജ്യസഭയിലും തിരിച്ചടി നേരിട്ട തൃണമൂലിൽ പ്രകാശ് ചിക് ബറൈക് ഉൾപ്പെടെ നിരവധി നേതാക്കൾ രാജിവച്ചു. വിമത നേതാവ് റിതബ്രത ബാനർജിയുടെ നേതൃത്വത്തിൽ പുതിയ ശക്തികേന്ദ്രം രൂപപ്പെടുകയും പാർട്ടിക്കുള്ളിലെ മമതാ അനുകൂലികളും വിമതരും തമ്മിലുള്ള പോര് തുറന്ന ഏറ്റുമുട്ടലായി മാറുകയും ചെയ്തു.
നിയമസഭാ തെരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസ് 80 സീറ്റുകൾ നേടിയിരുന്നു. പിന്നീട് 60 എംഎൽഎമാർ വിമതപക്ഷത്തോടൊപ്പമാണെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നതോടെ മമതാ പക്ഷത്തിന്റെ ശക്തി ഏകദേശം 20 എംഎൽഎമാരായി ചുരുങ്ങിയെന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ വിലയിരുത്തുന്നത്. ലോക്സഭയിൽ തൃണമൂലിന് ഉണ്ടായിരുന്ന 28 എംപിമാരിൽ 19 പേർ വിമതപക്ഷത്തോടൊപ്പമാണെന്ന് ആദ്യം അവകാശവാദമുയർന്നു. പിന്നീട് ആ എണ്ണം 22 ആയി ഉയർന്നതായി വിമത നേതാക്കൾ തന്നെ അവകാശപ്പെട്ടു. ഈ കണക്ക് അംഗീകരിച്ചാൽ മമതാ ബാനർജിക്കൊപ്പം ലോക്സഭയിൽ 6 മുതൽ 9 വരെ എംപിമാർ മാത്രമാണ് ശേഷിക്കുന്നത്.
മഹാരാഷ്ട്രയിൽ ശിവസേന ഉദ്ധവ് വിഭാഗം രണ്ടാമത്തെ പിളർപ്പിന് മുന്നിൽ
2022ൽ ഏക്നാഥ് ഷിൻഡെയുടെ നേതൃത്വത്തിൽ നടന്ന വലിയ കലാപമാണ് ശിവസേനയെ രണ്ടായി വിഭജിച്ചത്. അന്ന് ഷിൻഡെയോടൊപ്പം 40 ഓളം എംഎൽഎമാർ പോയതോടെ ഉദ്ധവ് താക്കറെയുടെ മഹാവികാസ് അഘാടി സർക്കാർ വീഴുകയും പിന്നീട് തിരഞ്ഞെടുപ്പ് കമ്മീഷൻ ഷിൻഡെ വിഭാഗത്തെ “യഥാർത്ഥ ശിവസേന”യായി അംഗീകരിക്കുകയും ചെയ്തു. അതിനുശേഷം ഉദ്ധവ് താക്കറെയുടെ വിഭാഗം ശിവസേന (യുബിടി) എന്ന പേരിലാണ് പ്രവർത്തിക്കുന്നത്. 2024 ലോക്സഭാ തിരഞ്ഞെടുപ്പിൽ യുബിടി 9 എംപിമാരെ വിജയിപ്പിച്ചപ്പോൾ, 2024 മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിൽ 20 എംഎൽഎമാരെ മാത്രമാണ് വിജയിപ്പിക്കാൻ കഴിഞ്ഞത്. അതിനാൽ നിലവിലെ ഔദ്യോഗിക ശക്തി 9 ലോക്സഭാ എംപിമാരും 20 എംഎൽഎമാരുമാണ്.
എന്നാൽ 2026 ജൂണിൽ യുബിടിക്കുള്ളിൽ വീണ്ടും പിളർപ്പിന്റെ അഭ്യൂഹങ്ങൾ ശക്തമായി. വിവിധ മാധ്യമ റിപ്പോർട്ടുകൾ പ്രകാരം 9 ലോക്സഭാ എംപിമാരിൽ 6 പേർ പ്രത്യേക ഗ്രൂപ്പായി മാറി ഏക്നാഥ് ഷിൻഡെ വിഭാഗത്തിലേക്ക് പോകാൻ തയ്യാറെടുക്കുന്നുവെന്നാണ് വിവരം. ചില റിപ്പോർട്ടുകൾ 14 മുതൽ 16 വരെ എംഎൽഎമാരും വിമത നീക്കത്തിൽ പങ്കാളികളാകാമെന്ന് പറയുന്നുണ്ട്. ഇതേത്തുടർന്ന് ലോക്സഭാ സ്പീക്കർക്ക് കത്ത് നൽകി വിമതർക്ക് പ്രത്യേക അംഗീകാരം നൽകരുതെന്ന് പാർട്ടി നേതാവ് അരവിന്ദ് സാവന്ത് ആവശ്യപ്പെട്ടു. സഞ്ജയ് റാവത്ത് ഉൾപ്പെടെയുള്ള നേതാക്കൾ പിളർപ്പില്ലെന്നും എല്ലാ 9 എംപിമാരും പാർട്ടിക്കൊപ്പമാണെന്നും അവകാശപ്പെടുന്നുണ്ടെങ്കിലും, നിലവിലെ മാധ്യമ റിപ്പോർട്ടുകളിൽ ഏറ്റവും കൂടുതൽ ഉയരുന്ന സംഖ്യ 6 എംപിമാരും 14 മുതൽ 16 വരെ എംഎൽഎമാരുമാണ്. ഈ സംഖ്യ യാഥാർഥ്യമായാൽ ഉദ്ധവ് താക്കറെയ്ക്ക് ലോക്സഭയിൽ 3 എംപിമാരും നിയമസഭയിൽ 4 മുതൽ 6 വരെ എംഎൽഎമാരും മാത്രമേ ശേഷിക്കൂ. എന്നാൽ ഇതുവരെ ഔദ്യോഗിക പിളർപ്പോ സ്പീക്കറുടെ അംഗീകാരമോ ഉണ്ടായിട്ടില്ല. അതിനാൽ ഇപ്പോൾ ഉറപ്പായി പറയാൻ കഴിയുന്നത്, യുബിടിയുടെ ആകെ ശക്തി 9 എംപിമാരും 20 എംഎൽഎമാരുമാണെന്നും, അതിൽ 6 എംപിമാരും 14 മുതൽ 16 വരെ എംഎൽഎമാരും വിമതരാകാമെന്നാണ് റിപ്പോർട്ട് .
അടുത്തവർഷം തെരഞ്ഞെടുപ്പ് വരാനിരിക്കെ ഉത്തർപ്രദേശിൽ സമാജ് വാദി പാർട്ടിയിലും വിമത സ്വരം
ഉത്തർപ്രദേശിൽ സമാജ്വാദി പാർട്ടിക്കുള്ളിൽ വലിയ പിളർപ്പ് ഉണ്ടാകുമെന്ന ആരോപണം അടുത്തിടെ ഏറ്റവും ശക്തമായി ഉന്നയിച്ചത് സുഹേൽദേവ് ഭാരതീയ സമാജ് പാർട്ടി നേതാവും മന്ത്രിയുമായ ഓം പ്രകാശ് രാജ്ഭറാണ്. മഹാരാഷ്ട്രയിലെ രാഷ്ട്രീയ സംഭവവികാസങ്ങൾക്ക് സമാനമായി എസ്പിയിലും വലിയ പുനഃക്രമീകരണം നടക്കുമെന്നും നിരവധി നേതാക്കൾ അഖിലേഷ് യാദവിന്റെ നേതൃത്വത്തിൽ അസംതൃപ്തരാണെന്നുമാണ് അദ്ദേഹത്തിന്റെ വാദം. എന്നാൽ ഇതുവരെ ഒരു എംപിയുടെയോ എംഎൽഎയുടെയോ പേര് പോലും പുറത്തുവന്നിട്ടില്ല. അഖിലേഷ് യാദവ് ഈ ആരോപണം തള്ളുകയും ബിജെപി പ്രതിപക്ഷ പാർട്ടികളിൽ പിളർപ്പുണ്ടാക്കാൻ ശ്രമിക്കുകയാണെന്ന് ആരോപിക്കുകയും ചെയ്തു. എസ്പി എംപി അഫ്സൽ അൻസാരിയും “സമാജ്വാദികൾക്കിടയിൽ പിളർപ്പില്ല” എന്ന് വ്യക്തമാക്കി. നിലവിൽ സമാജ്വാദി പാർട്ടിക്ക് ലോക്സഭയിൽ 37 എംപിമാരും ഉത്തർപ്രദേശ് നിയമസഭയിൽ 111 എംഎൽഎമാരുമാണുള്ളത്. അതായത് ആകെ 148 ജനപ്രതിനിധികളാണ് എസ്പിക്കുള്ളത്. എന്നാൽ തൃണമൂൽ കോൺഗ്രസിലോ ശിവസേന (യുബിടി) യിലോ ഉണ്ടായതുപോലെ എത്ര എംപിമാരോ എംഎൽഎമാരോ വിമതരാകുമെന്ന കണക്ക് ഒരു മാധ്യമ റിപ്പോർട്ടും ഇതുവരെ പുറത്തുവിട്ടിട്ടില്ല.

