കാഠ്മണ്ഡു: നേപ്പാളിൽ രാഷ്ട്രീയപ്രേരിതമെന്ന് വിലയിരുത്തപ്പെടുന്ന 1500-ലധികം സുപ്രധാന നിയമനങ്ങൾ പുതിയ സർക്കാർ റദ്ദാക്കി. പ്രസിഡന്റ് രാംചന്ദ്ര പൗഡൽ പുറപ്പെടുവിച്ച പ്രത്യേക ഓർഡിനൻസിലൂടെയാണു മുൻ സർക്കാർ നടത്തിയ നിയമനങ്ങൾ കൂട്ടത്തോടെ റദ്ദാക്കിയത്. രാജ്യത്ത് ഭരണമാറ്റം നടന്ന മാർച്ച് 26-ന് മുമ്പ് നടത്തിയ നിയമനങ്ങളാണ് ഇതോടെ അസാധുവായതെന്നു പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ബാലേന്ദ്ര ഷായുടെ നേതൃത്വത്തിലുള്ള രാഷ്ട്രീയ സ്വതന്ത്ര പാർട്ടി അധികാരത്തിൽ വന്നിരുന്നു
.
2025 സെപ്റ്റംബറിൽ നടന്ന അതിശക്തമായ യുവജന പ്രക്ഷോഭങ്ങൾക്കു പിന്നാലെ മാർച്ച് അഞ്ചിനു നടന്ന പൊതുതെരഞ്ഞെടുപ്പിൽ ബാലേന്ദ്ര ഷായുടെ നേതൃത്വത്തിലുള്ള രാഷ്ട്രീയ സ്വതന്ത്ര പാർട്ടി വൻ ഭൂരിപക്ഷത്തിൽ അധികാരത്തിൽ വന്നിരുന്നു. പരമ്പരാഗത രാഷ്ട്രീയ പാർട്ടികളോടുള്ള ജനങ്ങളുടെ കടുത്ത എതിർപ്പാണ് ബാലേന്ദ്ര ഷായെ അധികാരത്തിലെത്തിച്ചത്. റദ്ദാക്കപ്പെട്ട നിയമനങ്ങളിൽ ഭൂരിഭാഗവും രാഷ്ട്രീയ സ്വാധീനമുപയോഗിച്ച് നേടിയവയാണെന്നാണു റിപ്പോർട്ട്.


