രുവനന്തപുരം: ഇന്ന് (മെയ് 4) രാവിലെ എട്ടിന് വോട്ട് എണ്ണൽ ആരംഭിക്കും ആദ്യ മണിക്കൂറുകളില്‍ തന്നെ ഫലസൂചനകള്‍ അറിയാനാകും. ഭരണം പിടിച്ചെടുക്കുമെന്ന ആത്മവിശ്വാസം തന്നെയാണ് യുഡിഎഫിന്റെ കൈമുതല്‍. 85നും 100നുമിടയില്‍ സീറ്റുകളാണ് യുഡിഎഫ് നേതൃത്വം അവസാനവട്ടം പ്രതീക്ഷിക്കുന്നത്. യുഡിഎഫിന്റെ പ്രധാന നേതാക്കളെല്ലാം ഇന്ന് തിരുവനന്തപുരത്തുണ്ടാകും. യുഡിഎഫ് പ്രചാരണം നയിച്ച പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് ഞായറാഴ്ച വൈകുന്നേരം തിരുവനന്തപുരത്തെ കന്റോണ്‍മെന്റ് ഹൗസിലെത്തി.
കെപിസിസിയില്‍ വിശാലമായ പന്തല്‍ ഇന്നലെതന്നെ ക്രമീകരിച്ചു.
എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍, കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗം രമേശ് ചെന്നിത്തല ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കളെല്ലാം തിരുവനന്തപുരത്തുണ്ടാകും. കെപിസിസിയില്‍ വിശാലമായ പന്തല്‍ ഇന്നലെതന്നെ ക്രമീകരിച്ചു. ഇവിടെയൊരുക്കുന്ന വലിയ സ്ക്രീനിലാകും നേതാക്കള്‍ വോട്ടെണ്ണല്‍ കാണുക. യുഡിഎഫ് അധികാരത്തില്‍ എത്തിയാല്‍ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള തര്‍ക്കവും രൂക്ഷമാകും.
മൂന്നാം തവണയും ഭരണം നിലനിര്‍ത്താനാകുമെന്ന പ്രതീക്ഷയിൽ ഇടതുമുന്നണി
70 -75 സീറ്റില്‍ വീണ്ടും കടന്നു കൂടി മൂന്നാം തവണയും ഭരണം നിലനിര്‍ത്താനാകുമെന്ന പ്രതീക്ഷയിലാണ് ഇടതുമുന്നണി. ക്യാപ്റ്റനായ പിണറായി വിജയന് തന്റെ വീട്ടിലിരുന്നാണ് ഫലം അറിയുക. ധര്‍മടത്തെ സ്ഥാനാര്‍ഥി കൂടിയായ സാഹചര്യത്തിലാണ് അദ്ദേഹം രണ്ടുദിവസം മുന്നേ ധര്‍മടത്തേക്കു പോയത്. വോട്ടെണ്ണലിന് ശേഷം നാളെ രണ്ടാം പിണറായി സര്‍ക്കാരിന്റെ അവസാന മന്ത്രിസഭായോഗവും ചേരും. സിപിഎമ്മിലെ മറ്റു പ്രമുഖ നേതാക്കളില്‍ പലരും തിരുവനന്തപുരത്തെ എകെജി സെന്ററിലുണ്ടാകും.
അക്കൗണ്ട് തുറക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിൽ ബിജെപി നേതൃത്വം.
കേരളത്തില്‍ വീണ്ടും അക്കൗണ്ട് തുറക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് സംസ്ഥാന ബിജെപി നേതൃത്വം. മൂന്നു മുതല്‍ അഞ്ചു വരെ സീറ്റുകളാണ് ബിജെപി പ്രതീക്ഷിക്കുന്നത്. തിരുവനന്തപുരത്തെ നേമത്തും കഴക്കൂട്ടത്തും ബിജെപി വിജയ പ്രതീക്ഷവയ്ക്കുന്നുണ്ട്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറാണ് നേമത്തു മത്സരിച്ചത്. ബിജെപിക്ക് കേരളത്തില്‍ ഒരു സീറ്റു പോലും നേടാന്‍ കഴിഞ്ഞില്ലെങ്കില്‍ രാജീവ് ചന്ദ്രശേഖറിന്റെ സംസ്ഥാന അധ്യക്ഷ സ്ഥാനവും തുലാസിലാകും.