ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് വിജയത്തിനു പിന്നാലെ ബിജെപി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ പ്രധാനമന്ത്രി മോദിയും ഷായും നദ്ദയും സർക്കാർ രൂപീകരണത്തെക്കുറിച്ചും സത്യപ്രതിജ്ഞാ ചടങ്ങിനെക്കുറിച്ചും ചർച്ച ചെയ്തതായി ബിജെപി വൃത്തങ്ങള്‍ അറിയിച്ചു. 26 വർഷത്തിനുശേഷം ഡല്‍ഹിയില്‍ ബിജെപി അധികാരത്തില്‍ തിരിച്ചെത്തുന്നതിന്റെ ഒരു മഹത്തായ പരിപാടിയായിരിക്കും സത്യപ്രതിജ്ഞാ ചടങ്ങ്. പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎസ് സന്ദർശനം കഴിഞ്ഞ് തിരിച്ചെത്തിയ ശേഷം പുതിയ ഡല്‍ഹി മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞ നടക്കുമെന്ന് ബിജെപി വൃത്തങ്ങള്‍ അറിയിച്ചു.എൻഡിഎ ഭരിക്കുന്ന എല്ലാ സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാരെയും സത്യപ്രതിജ്ഞ ചടങ്ങിലേക്ക് ക്ഷണിക്കുമെന്ന് ബിജെപി വൃത്തങ്ങള്‍ വ്യക്തമാക്കി
മുഖ്യമന്ത്രി സ്ഥാനത്തേക്ക് ആരെന്ന് പ്രഖ്യാപിച്ചിട്ടില്ല ; പർവേഷ് വർമ്മക്ക് സാധ്യത
ബിജെപി നേതൃത്വം ഇതുവരെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ആരെയാണ് തിരഞ്ഞെടുത്തതെന്ന് പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, ആം ആദ്മി പാർട്ടി (എഎപി) ദേശീയ കണ്‍വീനർ അരവിന്ദ് കെജ്‌രിവാളിനെ പരാജയപ്പെടുത്തിയ ന്യൂഡല്‍ഹി എംഎല്‍എ പർവേഷ് വർമ്മയാണ് മുൻനിരയില്‍ നില്‍ക്കുന്നത്.പശ്ചിമ ഡല്‍ഹിയില്‍ നിന്ന് രണ്ടുതവണ എംപിയായിരുന്ന വർമ്മയ്ക്ക് കഴിഞ്ഞ വർഷം പാർലമെന്റ് തിരഞ്ഞെടുപ്പില്‍ ടിക്കറ്റ് നിഷേധിക്ക പ്പെട്ടിരുന്നു.അതിനു ശേഷമാണ് അദ്ദേഹം നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. മുൻ ഡല്‍ഹി മുഖ്യമന്ത്രി പരേതനായ സാഹിബ് സിംഗ് വർമ്മയുടെ മകനാണ് വർമ്മ.
ഡല്‍ഹിയിലെ ജനങ്ങളുടെ വിജയമാണിത്
ബിജെപിയുടെ തിരിച്ചുവരവിന് ശേഷം മാധ്യമങ്ങളോട് സംസാരിച്ച പർവേഷ്, ഡല്‍ഹിയുടെ അടുത്ത മുഖ്യമന്ത്രിയെ പാർട്ടി നേതൃത്വം തീരുമാനിക്കുമെന്ന് അറിയിച്ചിരുന്നു.”ഇത് എന്റെ മാത്രം വിജയമല്ല, നുണകള്‍ക്ക് പകരം സത്യവും, തന്ത്രങ്ങള്‍ക്ക് പകരം ഭരണവും, വഞ്ചനയ്ക്ക് പകരം വികസനവും തിരഞ്ഞെടുത്ത ഡല്‍ഹിയിലെ ജനങ്ങളുടെ വിജയമാണിത്. എന്നില്‍ വിശ്വാസമർപ്പിച്ച ഓരോ വോട്ടർക്കും ഞാൻ താഴ്മയോടെ നന്ദി പറയുന്നു.” എന്നും അദ്ദേഹം പറഞ്ഞു