കാക്കനാട്: ലോറിയിടിച്ച് വൈദ്യുതി പോസ്റ്റ് തകർന്നതിന് പിഴയായി കെഎസ്‌ഇബി ആവശ്യപ്പെട്ട പിഴത്തുക അടയ്ക്കാനില്ലാതെ വലഞ്ഞ സേലം സ്വദേശിക്ക് ആശ്വാസമായി കളക്ടറുടെ സഹായം. തകർന്ന ലോറിയില്‍ രണ്ടാഴ്ചയിലേറെയായി, ദുരിതമനുഭവിച്ചു കഴിഞ്ഞ സേലം സ്വദേശി മൂർത്തിക്കുവേണ്ടി ജില്ലാ കളക്ട൪ എൻ.എസ്.കെ. ഉമേഷ് പിഴത്തുക സ്വന്തം കൈയില്‍ നിന്ന് അടച്ചു. ഇനി ലോറിയുടെ തകരാർ തീർത്താല്‍ മൂർത്തിക്ക് നാട്ടിലേക്ക് മടങ്ങാം.
ഡിസംബ൪ 19 ന് രാത്രിയാണ് മൂർത്തിയുടെ ലോറി നിയന്ത്രണം വിട്ട് സമീപത്തെ വൈദ്യുതി പോസ്റ്റിലിടിച്ചത്.
ചെന്നൈയിലേക്ക് സള്‍ഫ൪ എത്തിക്കാനായാണ് മൂർത്തി കേരളത്തിലെത്തിയത്. ഡിസംബ൪ 19 രാത്രി തൃക്കാക്കര വേളാങ്കണ്ണി നഗറിന് സമീപം മൂ൪ത്തിയുടെ ലോറി നിയന്ത്രണം വിട്ട് സമീപത്തെ വൈദ്യുതി പോസ്റ്റിലിടിച്ചു. പോസ്റ്റ് മറിഞ്ഞ് കെഎസ്‌ആ൪ടിസി ബസിലേക്ക് വീണു. മറ്റ് അപകടമൊന്നുമുണ്ടായില്ലെങ്കിലും ലോറിയുടെ മുൻഭാഗം തകർന്നു. പരിക്കേല്‍ക്കാതെ മൂർത്തിയും രക്ഷപെട്ടു. തക൪ന്ന പോസ്റ്റുകളുടെ നഷ്ടപരിഹാരം നല്‍കാതെ ലോറിയുമായി പോകാൻ കഴിയില്ലെന്ന് കെഎസ്‌ഇബിയും പോലീസും നിലപാട് സ്വീകരിച്ചതോടെയാണ് മൂർത്തി കഷ്ടത്തിലായത്. 49,719 രൂപയാണ് നഷ്ടപരിഹാരമായി കെഎസ്‌ഇബിക്ക് നല്‍കേണ്ടിയിരുന്നത്. പലരില്‍ നിന്നായി കടം വാങ്ങിയ 29,500 രൂപയാണ് മൂ൪ത്തിയുടെ കൈയിലുണ്ടായിരുന്നത്. ബാക്കി തുകയായ 20,219 രൂപയാണ് കളക്ട൪ നല്‍കിയത്.
വസ്ത്രത്തിനും ഭക്ഷണത്തിനുമുള്ള പണവും കളക്ടർ നല്‍കി.
പോലീസില്‍ നിന്നുള്ള എൻഒസിയും വാങ്ങുകയും കാക്കനാട് യൂത്ത് ഹോസ്റ്റലില്‍ താമസം ഏ൪പ്പാടാക്കുകയും ചെയ്തു. വസ്ത്രത്തിനും ഭക്ഷണത്തിനുമുള്ള പണവും കളക്ടർ നല്‍കി. മെക്കാനിക്ക് എത്തി ലോറിയുടെ അറ്റകുറ്റപ്പണികള്‍ പൂർത്തിയാക്കിയാല്‍ മൂർത്തി നാട്ടിലേക്ക് മടങ്ങും. തകർന്ന ലോറിയില്‍ ദിവസങ്ങളായി ഭക്ഷണം പോലും കഴിക്കാതെ പ്രയാസപ്പെട്ട മൂർത്തിയുടെ വാ൪ത്ത ശ്രദ്ധയില്‍പ്പെട്ടതിനെ തുട൪ന്ന് ഇതു സംബന്ധിച്ച് വിശദാംശങ്ങള്‍ അന്വേഷിക്കാൻ ജൂണിയ൪ സൂപ്രണ്ട് അബ്ദുള്‍ ജബ്ബാറിനെ കളക്ടർ ചുമതലപ്പെടുത്തി. തുടർന്ന് മൂർത്തിയെ ചേബറിലെത്തിച്ച് കളക്ട൪ വിവരങ്ങള്‍ ചോദിച്ചറിയുകയായിരുന്നു